ഏപ്രില്‍-മെയ് മാസം പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മമതാബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി സംസ്ഥാന വനം വകുപ്പു മന്ത്രി രജിബ് ബാനര്‍ജി കൂടി രാജിവെച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. രാജിക്കത്തിന്റെ കോപ്പി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനും അയച്ചിട്ടുണ്ട്.

നേരത്തെ ജനവരി അഞ്ചിന് കായികവകുപ്പു മന്ത്രി ലക്ഷ്മി രത്തന്‍ ശുക്‌ള രാജിവെച്ചിരുന്നു. മമത ബാനര്‍ജിക്കെതിരെ പാളയത്തില്‍ തന്നെ പട വര്‍ധിക്കുന്ന സാഹചര്യമാണ് ബംഗാളിലുള്ളത്. അടുത്ത ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി. രംഗത്ത് ശക്തമാണ്. തൃണമൂലില്‍ നിന്നും ശക്തരായ നേതാക്കളെ അടര്‍ത്തി മാറ്റാനുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി. ഏറെ നാളായി നടത്താന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ഡിസംബര്‍ 19-ന് സുവേന്ദു അധികാരിയെ ഈ രീതിയില്‍ ബി.ജെ.പി. സ്വന്തം പാളയത്തില്‍ എത്തിക്കുകയുണ്ടായി.
