രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വിഴുപ്പലക്കലിനും തുടക്കം. ചെന്നിത്തലയെ ബോധപൂര്‍വ്വം പരിഹസിക്കാനായെന്നു തോന്നും വിധം കോണ്‍ഗ്രസ് മുഖപത്രത്തില്‍ തന്നെ അച്ചടിച്ചു വന്ന പരസ്യമാണ് വിവാദമുണ്ടാക്കിയത്. കേരളയാത്രയുടെ പ്രചരണാര്‍ഥം തയ്യാറാക്കിയ മുഴുവന്‍ പേജ് കളര്‍ പരസ്യത്തില്‍ പരസ്യം നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയ്ക്ക് മുകളില്‍ നല്‍കിയ സ്ട്രിപ്പ് ഹെഡ്ഡിങ്ങില്‍ യാത്രയ്ക്ക് ആശംസകളോടെ എന്നതിനു പകരം ആദരാഞ്ജലികളോടെ എന്ന് അച്ചടിച്ച് വന്നതാണ് ഗ്രൂപ്പ് വഴക്കിന്റെ കണക്കില്‍ ചേര്‍ത്തത്. എ. ഗ്രൂപ്പുകാര്‍ ബോധപൂര്‍വ്വം ചെന്നിത്തലയെ പരിഹസിക്കാനാണ് ഇത് ചെയ്തതെന്ന് ഐ-ഗ്രൂപ്പുകാര്‍ ആരോപിച്ചു.
എ-ഗ്രൂപ്പ് നേതാവായ പി.ടി.തോമസാണ് വീക്ഷണം പത്രത്തിന്റെ കമ്പനി ചെയര്‍മാന്‍. ഇതും ചേര്‍ത്തു വെച്ചും ചര്‍ച്ച ഉയര്‍ന്നു. ഐ-വിഭാഗക്കാരനായ ചെന്നിത്തലയെ പരിഹസിക്കാനാണ് ആദരാഞ്ജലി പ്രയോഗം എന്ന് ആരോപണവും ഉയര്‍ന്നു.
ഇതിനിടെ സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വിശദീകരണം തേടുമെന്നും അറിയിച്ചുകൊണ്ട് വീക്ഷണം മാനേജ്‌മെന്റ് രംഗത്തു വന്നു. പുറത്തുളള ഏജന്‍സിയെ ആണ് പരസ്യം തയ്യാറാക്കാന്‍ ഏല്‍പിച്ചതെന്ന് പറഞ്ഞ് വീക്ഷണം കൈകഴുകിയെങ്കിലും പിറകെ പുറത്തുവന്ന വിവരം, ഏജന്‍സി തയ്യാറാക്കിയ പരസ്യത്തില്‍ ആശംസകളോടെ എന്നു തന്നെയാണ് ഉണ്ടായിരുന്നത് എന്നാണ്. പിന്നെ എവിടെ വെച്ച് മാറ്റി എന്നതും സജീവ ചര്‍ച്ചയാണ്.
അതേസമയം ആശംസകളോടെ എന്നതിനു പകരം ഉപയോഗിച്ച ആദരാഞ്ജലികളോടെ എന്ന പ്രയോഗത്തില്‍ വാച്യാര്‍ഥത്തില്‍ അപാകത ഇല്ല എന്ന വാദവുമായി പലരും രംഗത്തു വന്നു. ഫേസ് ബുക്ക് ആക്ടീവിസ്‌ററും അഭിഭാഷകനുമായ ഹരീഷ് വാസുദേവനും ഇക്കൂട്ടത്തിലുണ്ട്. അഞ്ജലി എന്നാല്‍ അര്‍ഥം കൂപ്പുകൈ എന്നാണ്. ആദരവോടെ കൂപ്പുകൈ എന്നാണ് വിവാദ പദത്തിന്റെ വ്യാചാര്‍ഥം എന്നാണ് ഹരീഷ് വാസുദേവന്റെ വാദം. പ്രയോഗിച്ച് മറ്റൊരര്‍ഥം പതിഞ്ഞു പോയതാണ്. പരസ്യത്തില്‍ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതോടെ പരസ്യത്തില്‍ അപാകതയില്ല എന്ന് വ്യാഖ്യാനിക്കാനുളള തത്രപ്പാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.