കണ്ണൂര്‍ ജില്ലയിലെ തോട്ടട എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹം അതിലെ മഹത്തായ മാതൃക കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കേരളത്തിലെ ഒരു മന്ത്രി തന്റെ മകന്റെ വിവാഹം നടത്തിയതാണ്, പക്ഷേ അധികമാരും അതറിഞ്ഞില്ല. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മകന്റെ വിവാഹമായിരുന്നു. കേരളത്തിലെ വലിയൊരു ആര്‍ഭാട സംഭവമാക്കാമായിരുന്ന ഒന്ന്. രാഷ്ട്രീയ കേരളം മുഴുവന്‍ തോട്ടടയിലേക്ക് ഒഴുകി എത്താന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന ഒരു മുഹൂര്‍ത്തം. എന്നാല്‍ മന്ത്രിപുത്രന്റെ വിവാഹം എത്ര ലളിതമാക്കാമോ അത്രയും ലളിതമാക്കി അത് നടത്തപ്പെട്ടപ്പോള്‍ അത് നാടിന് വലിയൊരു സന്ദേശമാണ് നല്‍കിയത്.
എത്രയും ലളിതമായി നടത്താമോ അപ്രകാരം മതി എന്നത് മന്ത്രിയുടെ തന്നെ നിര്‍ദ്ദേശമായിരുന്നു. മകന് പൂര്‍ണ സമ്മതം.
തിരുവനന്തപുരത്തെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ അവിയല്‍-ന്റെ ഡ്രമ്മറും മന്ത്രി കടന്നപ്പള്ളിയുടെയും ടി.എം. സാവിത്രിയുടെയും ഏക മകനുമായ മിഥുന്‍ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിനി ബിജിയുടെ കഴുത്തിലാണ് അത്രയും ലാളിത്യത്തോടെ താലി ചാര്‍ത്തിയത്.
മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ പാർട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു. എന്നാൽ, എല്ലാവരോടും ഒരഭ്യർഥന നടത്തി- പ്രാർഥനയും ആശംസയും മാത്രം മതി, സന്ദർശനം വേണ്ട! കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിർബന്ധമായിരുന്നു ഒരു കാരണം. രണ്ടാമത്തേത്, ഏറ്റവും ലളിതമായി വിവാഹച്ചടങ്ങ് നടക്കണമെന്ന ആഗ്രഹവും.
ഒരു വിഐപി പോലും പങ്കെടുക്കാതെയാണു വിവാഹച്ചടങ്ങ് നടന്നത്.
കണ്ണൂർ കിഴുന്നയിലെ കടലോരത്തുള്ള റിസോർട്ടിലെ ഓപ്പൺ സ്റ്റേജിൽ വിവാഹച്ചടങ്ങ് നടത്തി. നിലവിളക്കും തെങ്ങിൻപൂക്കുലയും കുറച്ചു പൂക്കളും മാത്രമായിരുന്നു വേദിയിലെ അലങ്കാരം. പരമാവധി 100 പേർ മാത്രം. അഞ്ചോ ആറോ പേരെ ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാവരും ബന്ധുക്കൾ. വന്നവർക്കെല്ലാം ഇലയിട്ട് ഒരു സാദാ വെജിറ്റേറിയൻ സദ്യ.
മിഥുന് 35 വയസ്സ് കഴിഞ്ഞു. കാത്തിരിപ്പിനൊടുവിൽ മകനെ നന്നായി മനസ്സിലാക്കുന്ന ഒരാളെത്തന്നെ കിട്ടിയെന്ന സന്തോഷവുമുണ്ട് മന്ത്രിക്ക്. മിഥുനെപ്പോലെ ബിജിയും കലാകാരിയാണ്. ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെയാണു കണ്ണൂർ സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങിയത്. ഇരുവരും ഇഷ്ടം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ മന്ത്രി സമ്മതം മൂളുകയായിരുന്നു.