ലവ് ജിഹാദ് ഉണ്ടന്ന് ആരോപിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയ നിയമവിരുദ്ധ മതംമാറ്റം തടയല്‍ ഓര്‍ഡിനന്‍സ് 2020 നിലവില്‍ വന്ന് ഒരു മാസത്തിനകം 51 പേര്‍ ഈ നിയമത്തിന്‍കീഴില്‍ ജയലില്‍ അടയ്ക്കപ്പെട്ടു. ഏറ്റവു വലിയ കൗതുകം ഇവയില്‍ ഒരു ഹിന്ദുവിനെതിരെ പോലും കേസില്ല എന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു-മുസ്ലീം വിവാഹങ്ങള്‍ തടയാനാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് കേസില്‍ ഒരു പക്ഷത്തുള്ള മുസ്ലീങ്ങള്‍ക്കെതിരെ മാത്രം കേസ് എടുക്കുന്നത്.
സ്വമേധയാ മതം മാറി വിവാഹം ചെയ്യുന്നത് ഭരണഘടനാപരമായുള്ള സ്വാതന്ത്ര്യമാണെന്നും അതിനെതിരെ ഒരു സര്‍ക്കാരിനും ഒന്നും ചെയ്യാനവകാശമില്ലെന്നും അലഹാബാദ് ഹൈക്കോടതി 2020 നവംബര്‍ 23-ന് വിധി പ്രസ്താവിച്ചതിനു പിന്നാലെ നവംബര്‍ 24-നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി കോടതി വിധിയെ മറികടന്ന് കേസെടുക്കാന്‍ തുടങ്ങിയത്.
കേസെടുക്കലില്‍ ശ്രദ്ധേയമായ കാര്യം ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്ലീങ്ങളെ വിവാഹം ചെയ്ത സംഭവത്തില്‍ മാത്രമാണ് കേസ് എടുക്കുന്നത് എന്നതാണ്. മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്ത സംഭവങ്ങള്‍ മീററ്റിലും കാണ്‍പൂരിലും ഉണ്ടായിട്ടുണ്ടെങ്കിലും അവിടെ പൊലീസ് ഈ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അതായത് മുസ്ലീം യുവാക്കള്‍ക്കെതിരെയാണ് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ലവ് ജിഹാദ് എന്നത് സംഘപരിവാറിന്റെ സാങ്കല്‍പിക ആശയമാണെന്നും അങ്ങിനെ ഒന്ന് നിലവിലുള്ളതിന് ഒരു തെളിവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹാദിയ കേസില്‍ സുപ്രീംകോടതിയും ലവ് ജിഹാദിനെ തള്ളിപ്പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ എവിടെയും ലവ് ജിഹാദ് എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ യു.പി.യില്‍ ഈ ഓര്‍ഡിനന്‍സ് അറിയപ്പെടുന്നത് ലവ് ജിഹാദിനെതിരായ നിയമം എന്നാണ്.