തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിജയക്കണക്കു കൂട്ടലിലേക്ക് കടന്നിരിക്കയാണ് പാര്‍ടികള്‍.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങള്‍ കൊണ്ടാണ്.
- സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രാദേശിക വികസനവിഷയങ്ങളല്ല പകരം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യാറുള്ള പൊതു രാഷ്ട്രീയ വിഷയങ്ങളാണ് പ്രചാരണവിഷയമായത്. സംസ്ഥാനത്തെ സമീപകാല വിവാദങ്ങളെല്ലാം ചര്‍ച്ചയായി. അതിനാല്‍ ഈ തിരഞ്ഞെടുപ്പു ഫലം ഈ വിവാദങ്ങളുടെ ഫലശ്രുതി നിര്‍ണയിക്കുന്നതാവും. ഇടതുപക്ഷത്തിനും യു.ഡി.എഫിനും ബി.ജെ.പിക്കും നിര്‍ണയകമാണിത്. ജൂലായ് മാസം മുതല്‍ കൊണ്ടുപിടിച്ചു നടത്തിയ പ്രചാരണങ്ങള്‍ ജനത്തിനിടയില്‍ ഏശിയോ എന്നറിയുക എല്ലാ കക്ഷികള്‍ക്കും വളരെ പ്രധാനമാണ്.
- പ്രാദേശിക വികസനകാര്യങ്ങളില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. പ്രാദേശിക വികസനകാര്യങ്ങളില്‍ വലിയ പരാതികള്‍ സത്യത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ഇടതുപക്ഷത്തിന് വലിയ അവസരമാണ് ന്‍കിയത്.
- വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിനും ഏതെങ്കിലും തരത്തില്‍ ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമായ ഭരണമായിരുന്നു ഇടതുപക്ഷത്തിന്റെത്. കൊവിഡ് കാലത്തെ റേഷന്‍, പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ധനികന്‍ മുതല്‍ ദരിദ്രന്‍ വരെ എല്ലാവരിലും എത്തിയത് ശ്രദ്ധേയമായി. ലൈഫ് മിഷന്‍ പദ്ധതി വഴി വീടുകള്‍ കിട്ടിയത് രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഒരു കുടുംബത്തില്‍ അഞ്ച് പേര്‍ എന്ന നിലയിലെടുത്താല്‍ പന്ത്രണ്ടു ലക്ഷം പേര്‍ക്കാണ് ആനുകൂല്യമെത്തിയത്. ക്ഷേമ പെന്‍ഷന്‍ ചരിത്രത്തിലാദ്യമായി എല്ലാ മാസവും നല്‍കുകയും എല്ലാവരുടെയും താമസസ്ഥലത്ത് എത്തിക്കുകയും ചെയ്ത പദ്ധതി ഇടതുപക്ഷത്തിന്റെ പ്രചാരണായുധമായിരുന്നു. പെന്‍ഷന്‍ കിട്ടുന്ന കുടുംബാംഗത്തിന്റെ വീട്ടിലെ അംഗസംഖ്യ ചേര്‍ത്തടുത്താല്‍ ഏകദേശം ജനസംഖ്യയുടെ നാലിലൊന്ന് പേരുടെ അടുത്തേക്ക് ഈ പദ്ധതി എത്തിച്ചേര്‍ന്നു. ഇതു പോലെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണത്തിന്റെ വ്യാപ്തി ഇത്രയധികമുള്ള ഒരു കാലം ഉണ്ടായിരുന്നില്ല. ഇതിന്റെ ഗുണം ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഇത് കിട്ടിയില്ലെങ്കില്‍ അത് അവര്‍ക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാം.
പ്രതിപക്ഷത്തിന്റെ പ്രചാരണ വിഷയങ്ങളും ഭരണപക്ഷത്തിന്റെ പ്രതിരോധവും വികസനവാഗ്ദാനങ്ങളും നിറവേറ്റിയ വാഗ്ദാനങ്ങളുടെ പട്ടികയും എല്ലാം ചേര്‍ന്ന് കൊഴുത്ത ഈ തിരഞ്ഞെടുപ്പിന്റെ ആകെത്തുക അടുത്ത മാര്‍ച്ചിലോ ഏപ്രിലിലോ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ ആയി മാറിയിരിക്കയാണ്.
- യു.ഡി.എഫില്‍ നിന്നും ഇടതു പക്ഷത്തേക്കു വന്ന ജോസ് കെ. മാണിക്ക് ഇത് അവരുടെ അസ്തിത്വം തെളിയിക്കാന്‍ ഉത്തരവാദിത്വമുള്ള തിരഞ്ഞെടുപ്പാണിത്. അവരുടെ ഭാവി തീരുമാനിക്കുന്നതില്‍ കോട്ടയത്തെയും പത്തനംതിട്ടയിലെയും ഇടുക്കിയിലെയും തിരഞ്ഞെടുപ്പു ഫലം നിര്‍ണായകമാവും.
- കോണ്‍ഗ്രസിന്റെ വെല്‍ഫെയര്‍ പാര്‍ടി ബന്ധം അവരുടെ ഉന്നത നേതൃത്വത്തിന് തന്നെ തള്ളിപ്പറയേണ്ടി വന്ന തിരഞ്ഞെടുപ്പു കൂട്ടായ്മയാണ്. ഇത്തരം ബന്ധങ്ങളുടെ ഭാവി ഈ ഫലം തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകും.