പുതിയ പാര്‍ലമെന്റ് കെട്ടിട സമുച്ചയ നിര്‍മ്മാണം സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചതോടെ വിവാദത്തിലായിരിക്കെ, പുതിയ ലോക്‌സഭാ ഹാളില്‍ എന്തിനാണ് 888 സീറ്റുകള്‍ പണിയാന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്ന കാര്യം ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കയാണ്. നിലവിലുള്ള ലോക്‌സഭയില്‍ 543 അംഗങ്ങളാണ് ഉള്ളത്. രാജ്യസഭയില്‍ 245-ഉം. പുതിയതായി പണിയുന്ന രാജ്യസഭയ്ക്ക് 384 സീറ്റുകളാണ് ഉദ്ദേശിച്ചിട്ടുള്ളത്.
543 അംഗങ്ങളുള്ള ലോക്‌സഭയ്ക്ക് എന്തിനാണ് 888 സീറ്റുകള്‍ ?
ഭരണഘടന പ്രകാരം രാജ്യത്ത് അനുവദിച്ചിട്ടുള്ള പരമാവധി ലോക്‌സഭാ എം.പി.മാരുടെ എണ്ണം 552 ആണ്. പിന്നെ എന്തിനാണ് 888 സീറ്റുകള്‍ നിര്‍മ്മിക്കുന്നത്…ഇതാണ് ഉയരുന്ന ചോദ്യം.
രണ്ടു മൂന്നു ഊഹങ്ങളാണ് ഉള്ളത്.
- പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചില ഘട്ടങ്ങളില്‍ ചേരേണ്ടിവന്നാല്‍ ഇത്രയും സീറ്റുകള്‍ ആവശ്യമായി വരും. പല സുപ്രധാന ഘട്ടങ്ങളിലും ഇങ്ങനെ ഇരു സഭകളും ഒരുമിച്ച് വിളിച്ചു ചേര്‍ക്കാറുണ്ട്.
- ലോക്‌സഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന അഭിപ്രായം സംഘപരിവാറിനും മോദി സര്‍ക്കാരിനും ഉണ്ട്.
- ജനസംഖ്യാനുപാതികമായി ലോക്‌സഭാംഗങ്ങളുടെ എണ്ണം കൂട്ടേണ്ടി വരുന്നത് ഉത്തരേന്ത്യയിലാണ്. ഉദാഹരണത്തിന് തമിഴ്‌നാട്ട്ില്‍ ഒരു എം.പി. 10 ലക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇത് 30 ലക്ഷമാണ്. അതിനാല്‍ ജനസംഖ്യാനുപാതികമായി ഉത്തരേന്ത്യയില്‍ ലോക്‌സഭാസീറ്റുകളുടെ എണ്ണം കൂട്ടാന്‍ മോദിയുടെ പരിഷ്‌കാരപദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
ദക്ഷിണേന്ത്യ പൊതുവെ സംഘപരിവാറിന് ഒപ്പം നില്‍ക്കുന്ന സംസ്ഥാനങ്ങളല്ല. എന്നാല്‍ ഉത്തരേന്ത്യ അങ്ങനെയല്ല. ഉത്തരേന്ത്യയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സമഗ്രാധിപത്യം സ്ഥാപിക്കാന്‍ ബി.ജെ.പി.യെ സഹായിക്കുമെന്ന് വിലയിരുത്തലുണ്ട്.
എന്നാല്‍ മോദി ഉദ്ദേശിക്കുന്ന പലതിനുമെന്ന പോലെ ഇതിനും ഭരണഘടന ഭേദഗതി ചെയ്താലേ കാര്യം സാധ്യമാകൂ.