മനോഹരമായ മലമടക്കുകളിലെ തേയിലത്താട്ടങ്ങളില്‍ കുന്നിടിച്ച് കൂണുപോലെ പണിതിട്ടുള്ള റിസോര്‍ട്ടുകളും കോട്ടേജുകളും…വരാന്ത്യങ്ങളില്‍ അവിടേക്കു ചേക്കേറുന്ന ഊരും പേരും അറിയാത്ത ചെറുപ്പക്കാര്‍…അവരില്‍ ധാരാളം യുവതികളും ഉണ്ടാകും…എല്ലാവരും കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നും വാരാന്ത്യം കൊണ്ടാടാന്‍ എത്തുന്നവരാണ്. ഇരുട്ടിയാലാണ് ഇവരുടെ വരവ്.
പിന്നെ മലമടക്കുകളില്‍ ആര്‍പ്പും വിളിയും കൂവലും നൃത്തവും പാട്ടും അലയടിക്കുകയായി. മദ്യമല്ല, മയക്കുമരുന്നാണ് എല്ലാ സന്ദര്‍ശകരുടെയും ആകര്‍ഷണീയമായ പാര്‍ടിയിങിന് ഉത്തേജനം…
ഇരുട്ടു വീണാല്‍ ആട്ടവും പാട്ടും ബഹളവും തുടങ്ങുകയായി…ഹോട്ടല്‍ മുറിയിലും പുറത്തും ലഹരിമരുന്നിന്റെ മണം നിറയുകയായി…ഇതിന് നേരെ കണ്ണടയ്ക്കുന്നവരില്‍ മുന്നില്‍ രാഷ്ട്രീയക്കാരുണ്ട്, പൊലീസ് ഉദ്യോഗസ്ഥരുണ്ട്, റവന്യൂ വകുപ്പുണ്ട്…
പല റിസോര്‍ട്ടുകളും അനധികൃതമാണ്, കൃത്യമായ ഭൂരേഖകളോ അനുമതിയോ ഇല്ലാതെ പണിതവയുമാണ്. എന്നാല്‍ ആരും നടപടിയെടുക്കില്ല. കാരണം അവയില്‍ പലതിന്റെയും ഉടമകള്‍ രാഷ്ട്രീയപാര്‍ടി നേതാക്കളാണ്..
രവീന്ദ്രന്‍ പട്ടയം എന്ന പേരില്‍ കുപ്രസിദ്ധമായിരുന്ന രേഖയുടെ ബലത്തിലാണ് പല റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. രവീന്ദ്രന്‍ പട്ടയത്തിനെതിരെയാണ് 2006ല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന്‍ നടപടിയെടുക്കാന്‍ തുനിഞ്ഞത്.
തിങ്കളാഴ്ച വാഗമണിലെ വിവാദമായ നിശാപാര്‍ടി നടന്ന റിസോര്‍ട്ട് സി.പി.ഐ. പ്രാദേശിക നേതാവിന്റെതായിരുന്നു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടില്‍ നിന്നാണ് ലഹരി വസ്തുക്കളുമായി ഒന്‍പത് പേര്‍ പിടിയിലായത്. ലഹരിപാര്‍ടിയുടെ സംഘാടകരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഈ ഒറ്റ ലഹരിപാര്‍ടിയില്‍ മാത്രം 58 പേരാണ് പങ്കെടുത്തിരുന്നതത്രേ. ലഹരിസംഗമത്തിന് ആളുകളെ ക്ഷണിക്കുക സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രത്യേക രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ്.
എത്രയോ ഡസന്‍കണക്കിന് റിസോര്‍ട്ടുകളാണ് വാഗമണിലും പരിസരത്തും പ്രവര്‍ത്തിക്കുന്നത്. എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ മാത്രം വാര്‍ത്തയാകുന്ന ഇവിടുത്തെ ലഹരി സംഗമങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും മിക്ക റിസോര്‍ട്ടുകളിലും പതിവാണ് എന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. എന്നാല്‍ അടിമുടി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ പോലും തൊടാന്‍ ഭരണാധികാരികള്‍ മെനക്കെടാറില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷന്റെ കാലത്ത് അല്‍പം ഉഷാറായിരുന്ന വാഗമണിലെ അനധികൃത കെട്ടിടങ്ങള്‍ പിടിച്ചെടുക്കല്‍ പിന്നീട് ആരുമറിയാതെ ചരമമടഞ്ഞു. വാഗമണില്‍ പലപ്പൊഴും വികസിക്കുന്നത് പ്രകൃതി വിനോദസഞ്ചാരത്തിന്റെ മറവില്‍ ലഹരി പൂക്കുന്ന രാത്രിക്കൂട്ടായ്മകളാണ്. അതിന്റെ ഒരുദാഹരണം മാത്രമാണ് സി.പി.ഐ. നേതാവിന്റെ റിസോര്‍ട്ടിലെ നിശാപാര്‍ടി.