യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പിടിയിലായ ഇര്‍ഷാദ്, ആദില്‍ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് ഇവരെ കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. യുവാക്കള്‍ക്ക് മാപ്പു കൊടുക്കുന്നതായി യുവനടി സമൂഹമാധ്യമത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും അത് കൊണ്ട് കേസ് ഇല്ലാതാവുന്നില്ലെന്ന് പൊലീസും പിന്നീട് കോടതിയും പറഞ്ഞു. നടിയുടെ അമ്മ നല്‍കിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ഈ പരാതി പിന്‍വലിച്ചാലും പൊലീസ് സ്വമേധയാ എടുത്ത കേസ് നിലനില്‍ക്കും. എഫ്.ഐ.ആര്‍. ഇട്ട കേസ് പിന്നീട് പിന്‍വലിക്കണമെങ്കില്‍ കോടതിയുടെ അനുമതിയോടെയേ സാധിക്കൂ.
ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു.അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കള്‍ പറയുന്നു.