അയോധ്യ…കാശി..മഥുര…ചാര്‍മിനാര്‍….ഇതാ ഒടുവില്‍
ഇനി കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വശക്തികളുടെ കരുനീക്കങ്ങള്‍. കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പൊളിച്ചിട്ടാണെന്നും അവ പുനര്‍നിര്‍മ്മിക്കണമെന്നും എല്ലാ ദിവസവും ആരാധനയ്ക്ക് അവകാശം വേണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഡെല്‍ഹിയിലെ സാകേത് കോടതി ഇന്ന് പരിഗണിച്ചു. കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റി.
കുത്തബ് മിനാറിലെ ഖുദ്വത്തുല്‍ ഇസ്ലാം പള്ളി പണിതത് ക്ഷേത്രങ്ങള്‍ പൊളിച്ചാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അവിടെ 27 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ഏറ്റവും കൗതുകകരമായ കാര്യം, ഹര്‍ജിക്കാരുടെ കൂട്ടത്തില്‍ രണ്ട് ദൈവങ്ങളെയും പെടുത്തിയിട്ടുണ്ട് എന്നതാണ്..!! ജൈന തീര്‍ഥങ്കരനായ റിഷഭദേവനെയും ഹിന്ദു ദേവനായ മഹാവിഷ്ണുവിനെയുമാണ് ഹര്‍ജിക്കാരുടെ കൂട്ടത്തിലാക്കിയിരിക്കുന്നത്.
ഹര്‍ജി നല്‍കിയവരുടെ പ്രധാന വാദങ്ങള്‍ :
- ഖുത്തുബ്ദീന്‍ ഐബക് പള്ളി പണിതത് ഖുത്തുബ് മിനാര്‍ സമുച്ചയത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റിയാണ്. പള്ളിയുടെ നിര്‍മ്മാണത്തിലും പള്ളിക്കടിയിലും ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ട്.
- പള്ളിയുടെ ചുമര്‍,മേല്‍ക്കൂര, തൂണുകള്‍ തുടങ്ങിയവയില്‍ ഹിന്ദു-ജൈന ദേവന്‍മാരായ ഗണേശന്‍, വിഷ്ണു, പാര്‍ശ്വനാഥന്‍, മഹാവീരന്‍, നടരാജന്‍, യക്ഷ-യക്ഷിണി തുടങ്ങിയ രൂപങ്ങളും താമര, മണി തുടങ്ങിയ ചിഹ്നങ്ങളും ഉണ്ട്.
- പള്ളിക്കെട്ടിട സമുച്ചയത്തിലെ വാസ്തുവിദ്യ ഹിന്ദു-ജൈന ശൈലിയിലാണ്. വരാന്ത പൂര്‍ണമായും വേദിക് ശൈലിയിലാണ്. മട്ടുപ്പാവിലെ തൂണുകളില്‍ ഹൈന്ദവ വിശുദ്ധ ലിഖിതങ്ങള്‍ ഉണ്ട്.
- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഖുത്തബ് മിനാര്‍ സംക്ഷിപ്ത ചരിത്രത്തില്‍ ക്ഷേത്രം തകര്‍ത്തതായും അവിടെ പള്ളി പണിതതായും പറയുന്നുണ്ട്. ( ഇങ്ങനെ ഒരു വിവരണം കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.)
- ഖുത്തബ് മിനാര്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാണ്…!!!
ചരിത്രത്തിനെ വളച്ചൊടിക്കുകയും ദുസ്സൂചനകളിലൂടെ പുനര്‍നിര്‍വ്വചിച്ച് ഹിന്ദുത്വതീവ്രവാദത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന വാദങ്ങളാണ് ഹര്‍ജിക്കാരുടെത്. വിഷയം കോടതി കയറ്റുകയും ദേശീയ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും വ്യക്തമാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോടതികള്‍ അനുകൂലമായി പ്രതികരിച്ചേക്കും എന്ന പ്രത്യാശയും ഹര്‍ജിയുടെ പിറകിലുണ്ട്.