അകാലിദളിനു പിറകെ രാജസ്ഥാനിലെ ജാട്ട് നേതാവിന്റെ പാര്‍ടിയായ ആര്‍.എല്‍.പി. കൂടി ബി.ജെ.പി.സഖ്യം വിട്ടു. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിസഖ്യത്തില്‍ നിന്നും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ടി പുറത്തു പോയിരിക്കുന്നത്.
രാജസ്ഥാനിലെ നഗൗര്‍ പാര്‍ലമെന്റ് അംഗമായ ഹനുമാന്‍ ബനിവാള്‍ ആണ് ആര്‍.എല്‍.പി. കണ്‍വീനര്‍. ഇദ്ദേഹം എന്‍.ഡി.എ. വിടുകയാണെന്ന് പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് 2019 ഏപ്രിലിലാണ് ഇദ്ദേഹവും പാര്‍ടിയും എന്‍.ഡി.എ.യില്‍ ചേര്‍ന്നത്. അതിനാല്‍ ബനിവാളിനെതിരെ ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
കര്‍ഷകരായ ജാട്ട് സമുദായമാണ് ബനിവാളിന്റെ വോട്ടുബാങ്ക്. രാജസ്ഥാനിലെ ജാട്ട് രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തിന് കരുത്തുണ്ട്. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.പി.ക്ക് മൂന്ന് സീറ്റ് കിട്ടിയിരുന്നു.
ഹനുമാന്‍ ബനിവാളും ഇതര നേതാക്കളും ആല്‍വാറില്‍ നിന്നുള്ള കര്‍ഷകരും ഇപ്പോള്‍ ഷാജഹാന്‍പൂര്‍-ഖെദ്ദ അതിര്‍ത്തിയിലുള്ള സമരകേന്ദ്രത്തില്‍ സജീവമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്നു മാസത്തിനിടെ ബി.ജെ.പി. സഖ്യത്തിന് ദേശീയ തലത്തില്‍ നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. സെപ്തംബര്‍ 26-ന് അകാലിദളിന്റെ കേന്ദ്രമന്ത്രിയായ ഹര്‍സിമ്രത് കൗര്‍ കേന്ദ്രമന്തിസഭയില്‍ നിന്നും രാജിവെച്ചുകൊണ്ട് ആരംഭിച്ച തിരിച്ചടിയുടെ തുടര്‍ച്ചായാണിത്. രണ്ടു ദശാബ്ദം നീണ്ടു നിന്ന സഖ്യത്തില്‍ നിന്നാണ് അകാലിദള്‍ പിന്‍മാറിയത്. കൃത്യം മൂന്നു മാസം തികയുന്ന ഡിസംബര്‍ 26-ന് തന്നെ രണ്ടാമത്തെ കക്ഷിയും എന്‍.ഡി.എ. സഖ്യം ഉപേക്ഷിക്കുകയാണ്, കാര്‍ഷികനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു തന്നെ.