ഡിസംബര്‍ 31-ന് സ്വന്തം പാര്‍ടി നിലവില്‍ വന്നിരുന്നെങ്കില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെടുമായിരുന്ന എട്ടാമത്തെ സിനിമാതാരമാകുമായിരുന്നു രജനികാന്ത്….പക്ഷേ ആശങ്കയിലായ ആരോഗ്യനില അദ്ദേഹത്തെ പിന്‍തിരിപ്പിച്ചു.
എം.ജി.ആര്‍, കരുണാനിധി, ജയലളിത, കമല്‍ഹാസന്‍, വിജയകാന്ത്, ശരത്കുമാര്‍, കരുണാസ് എന്നിവരാണ് രാഷ്ട്രീയത്തില്‍ രജനിയുടെ താരമുന്‍ഗാമികള്‍. അവരില്‍ ആദ്യത്തെ മൂന്നുപേര്‍ തമിഴകത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിമാരായി ജനഹൃദയം കവര്‍ന്നു. ഇനി ഒരുപക്ഷേ ആ തുടര്‍ച്ച ഉണ്ടാകുമെന്ന് ആരാധകര്‍ മോഹിച്ചത് രജനികാന്തിലൂടെയായിരുന്നു. പക്ഷേ അത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇനി ഒരു പക്ഷേ ഒരിക്കലും രജനി രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയാനും ഇടയില്ല.
നവംബര്‍ 30-ന് ആരാധകരുടെ ആലോചനായോഗത്തില്‍ തന്റെ ആരോഗ്യനിലയെപ്പറ്റി രജനി കടുത്ത ആശങ്ക പുലര്‍ത്തിയിരുന്നു. 2016 മുതല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് തുടര്‍ച്ചായായി പറഞ്ഞു കൊണ്ടിരുന്നിട്ടും അത് ചെയ്യാതിരുന്നതിനു കാരണം തന്റെ ആരോഗ്യനിലയിലെ ഉല്‍കണ്ഠ തന്നെയായിരുന്നു.
നാല് വര്‍ഷം മുമ്പ് നടത്തിയ വൃക്കമാറ്റ ശസ്ത്രക്രിയ രജനിയെ കൂടുതല്‍ കരുതലുള്ള ആളാക്കി. ഒടുവില്‍ അടുത്തൊരു നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നിന്നപ്പോള്‍ രണ്ടും കല്‍പിച്ച്, ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ഉറച്ച് രജനി പാര്‍ടി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഡിസംബര്‍ 25-ന് എല്ലാം വിപരീത ദിശയിലാക്കി രജനിയെ ഹൈദരാബാദിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അണ്ണാത്തെ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞും ആശങ്കയിലായി. കൊവിഡ് ബാധ സംശയിച്ചിരുന്നെങ്കിലും അത് നെഗറ്റീവായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ കര്‍ക്കശമായി പറഞ്ഞത് ഒന്നു മാത്രം– പൂര്‍ണമായി വിശ്രമിച്ചില്ലെങ്കില്‍ പണി പാളും.
ഡിസംബര്‍ 31-ന് പിന്നെങ്ങനെ രജനി സ്വന്തം പാര്‍ടിയുമായി ഇറങ്ങും. 234 സീറ്റിലും മൂന്നു മാസം കൊണ്ട് പാര്‍ടിയെ മല്‍സരിപ്പിക്കാന്‍ സജ്ജമാക്കും. ഒടുവില്‍ ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ട് സ്‌റ്റൈല്‍ മന്നന്‍ പിന്‍വാങ്ങുകയാണ്.
ഈ പിന്‍മാറ്റത്തില്‍ സകല സ്വപ്‌നങ്ങളും വാടിക്കരിഞ്ഞ ഒരു കൂട്ടരുണ്ട് തമിഴ്‌നാട്ടിലും അങ്ങ് ഡെല്‍ഹിയിലും–അത് ബി.ജെ.പി.യാണ്. രജനിയിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ കളം നിറയാമെന്ന മോഹത്തിന് ശാശ്വതമായ തിരിച്ചടി.
കരുണാനിധിയും ജയലളിതയും തമിഴകത്തു നിന്നും ഇല്ലാതായതോടെ താര ആരാധനയില്‍ അധിഷ്ഠിതമായ വോട്ടുരാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. ഈ വിടവ് നികത്തി, ആ ഇടം പിടിച്ചെടുത്ത് ഭരണശക്തിയാവുക എന്നതായിരുന്നു രജനിയുടെ ഉന്നം.
എന്നാല്‍ എന്താണ് രജനി വിഭാവനം ചെയ്യുന്ന രാഷ്ട്രീയം എന്നത് മാത്രം ഒരു ഗോസിപ്പായി നിലനിന്നു. രജനി പ്രവചനങ്ങള്‍ക്ക് പിടികൊടുത്തില്ല. ബി.ജെ.പി.ക്കൊപ്പം ചേരുന്ന രാഷ്ട്രീയമാണ് രജനി കൊണ്ടുവരാന്‍ പോകുന്നത് എന്ന് അദ്ദേഹം പലപ്പൊഴും തോന്നിപ്പിച്ചു. 2004-ല്‍ തന്റെ വോട്ട് ബി.ജെ.പി.ക്കാണെന്ന് രജനി പറഞ്ഞു. (2002-ലാണ് അദ്ദേഹത്തിന്റെ ബാബ എന്ന സിനിമ വന്നത് എന്നത് ഓര്‍ക്കുക.) അതിനും മുമ്പ് 1996-ല്‍ അദ്ദേഹം അണ്ണാ ഡി.എം.കെ.ക്കെതിരെയും ജയലളിതയ്‌ക്കെതിരെയും സംസാരിച്ചു. 1998-ല്‍ രജനി കോണ്‍ഗ്രസ് നേതാവ് ജി.കെ.മൂപ്പനാരെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന പൗരത്വനിയമ വിരുദ്ധ സമരത്തിനെതിരെ പ്രതികരിച്ച് രജനി താന്‍ ബി.ജെ.പിക്ക് ഒപ്പമാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയപ്രവാചകരെ അദ്ദേഹം മിക്കപ്പോഴും കബളിപ്പിച്ചു. ഏറ്റവും ഒടുവില്‍ അമിത്ഷാ ചൈന്നൈയില്‍ വന്നപ്പോള്‍ രജനി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. തിരുവള്ളുവരുടെ പ്രതിമയെ അവഹേളിക്കാനുള്ള ശ്രമത്തിനെതിരെ നേരത്തെ രജനി രംഗത്തു വന്നതും ഓര്‍ക്കേണ്ടതുണ്ട്.
അതേസമയം താന്‍ ഉദ്ദേശിക്കുന്നത് ആത്മീയ രാഷ്ട്രീയം ആണെന്ന് തുറന്നു പറഞ്ഞതിലൂടെ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് ചില പ്രലോഭനങ്ങള്‍ നല്‍കാനും രജനി മറന്നില്ല എന്നത് ഓര്‍ക്കണം.