പിതാവ് എഴുതിയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകം ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് പ്രസിദ്ധീകരിക്കുമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അതില്‍ നിന്ന് പിന്‍മാറണമെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ഇരുവരും ട്വിറ്ററിലാണ് അടി.
പുസ്തകത്തിലെ ഉള്ളടക്കം താന്‍ കണ്ട് അംഗീകരിക്കാതെ പ്രസിദ്ധീകരിക്കരുതെന്ന് അഭിജിത്ത്.
പിതാവ് ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നു എന്നും മകന്‍. പ്രണബ് നേരത്തെ പ്രതിനിധാനം ചെയ്തിരുന്ന ജങ്ഗിപൂര്‍ മണ്ഡലത്തിലെ മുന്‍ ലോക്‌സഭാംഗമാണ് അഭിജിത്. ശര്‍മിഷ്ഠ കോണ്‍ഗ്രസിന്റെ വക്താവും മുന്‍ എം.എല്‍.എ.യുമാണ്.
ഉടനെ ശര്‍മിഷ്ഠയും ഉരുളയ്ക്കുപ്പേരി പോലെ ട്വിറ്ററില്‍ മറുപടിയുമായി ഹാജരായി. സഹോദരന്‍ അനാവശ്യ തടസ്സവാദങ്ങള്‍ ഉപേക്ഷിക്കണമെന്നും വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി സഹോദരന്‍ പെരുമാറരുതെന്നും സഹോദരി ആഞ്ഞടിച്ചു.
ആരും വിട്ടുകൊടുക്കാന്‍ തയ്യാറില്ല. കുടുംബത്തിനകത്തെ പോര് തെരുവിലേക്ക് വരുന്നത് ആളുകളെ രസിപ്പിക്കുന്നതില്‍ അത്ഭുതമില്ല. മരിച്ച അച്ഛന്റെ പേരില്‍ മകനും മകളും എത്രനാള്‍ പോരടിക്കും.