നേപ്പാള്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പാര്‍ലമന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രസിഡണ്ട് അംഗീകരിച്ചിരിക്കുന്നു. ഞായറാഴ്ച രാവിലെ പെട്ടെന്നാണ് നാടകീയമായി പ്രധാനമന്ത്രി കാബിനറ്റ് തീരുമാനം അറിയിച്ചത്.
എന്നാല്‍ തീരുമാനം നിയമപരമായി നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. നേപ്പാളിന്റെ ഭരണഘടന പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാന്‍ വകുപ്പില്ല എന്നാണ് വാദം.
നേതൃതലത്തിലുള്ള ഭിന്നത മൂലം കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നില പരുങ്ങലിലായതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പ്രസിഡണ്ടിനോട് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ അംഗീകരികരിച്ചതായി പ്രസിഡണ്ട് ബിദ്യാ ദേവി ഭണ്ഡാരി അറിയിച്ചിരിക്കയാണ്. ഏപ്രില്‍ 30-നും മെയ് 10-നും ഇടയില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു.
കോണ്‍സ്റ്റിറ്റിയൂഷന്‍ കൗണ്‍സില്‍ ആക്ടുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. പാര്‍ടി നേതൃത്വത്തില്‍ കടുത്ത എതിര്‍പ്പാണ് ശര്‍മ്മ ഒലി നേരിടുന്നത്. ചൊവ്വാഴ്ചയാണ് ഈ ഓര്‍ഡിനന്‍സ് ഇറക്കിയത്. അതേ ദിവസം തന്നെ പ്രസിഡണ്ട് ഇത് അംഗീകരിക്കുകയും ചെയ്തു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ നേതാവ് പ്രചണ്ഡ ഞായറാഴ്ച രാവിലെ ശര്‍മ്മ ഒലിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിരുന്നു. അതിനു തൊട്ടു പിറകെയാണ് ശര്‍മ ഒലിയുടെ പ്രഖ്യാപനം വന്നത്. ഒലിയുടെ രാജി ആവശ്യം കുറേ ദിവസമായി പാര്‍ടി നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയിലെ നേതാക്കളും രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ തീരുമാനം എന്നാണ് പാര്‍ടി വക്താവ് നാരായണ്‍ജി ശ്രേഷ്ഠ പ്രതികരിച്ചത്. തീരുമാനമെടുത്ത കാബിനറ്റ് യോഗത്തില്‍ എല്ലാ മന്ത്രിമാരും ഉണ്ടായിരുന്നില്ല എന്നും ആരോപണം ഉണ്ട്.