കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പാളി. കര്‍ഷക സമരം കുത്തകകള്‍ക്കും പ്രത്യേകിച്ച റിലയന്‍സിനെതിരെയുമുള്ള സമരമായി രൂപം മാറുന്നതിന്റെ പ്രഖ്യാപനവും കര്‍ഷകരില്‍ നിന്നുണ്ടായി. റിലയന്‍സിനു വേണ്ടി ഇന്ത്യയിലെ കര്‍ഷക നിയമങ്ങള്‍ മാറ്റിമറിക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തിറങ്ങി. പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരിനെ ഉപദേശിക്കാന്‍ ആവശ്യപ്പെട്ടു.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി തള്ളി .
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ 12ന് രാജ്യവ്യാപകമായി ടോള്‍പ്ലാസകളില്‍ ടോള്‍ ബഹിഷ്കരിക്കാനും കര്‍ഷകസംഘടനാ നേതാവ് ദര്‍ശന്‍ പാല്‍ ആഹ്വാനം ചെയ്ചു. റിലയന്‍സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഇവയായിരുന്നു
താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും.
സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും.
കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും.
ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും.
കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം.