ദ് ഹിന്ദു ദിനപത്രം തിരഞ്ഞെടുത്ത ഈ വര്‍ഷത്തെ പത്ത് ശ്രദ്ധേയ ഇംഗ്ലീഷ് നോവലുകളുടെ ഗണത്തില്‍ മലയാളത്തിന്റെ സുഗന്ധവും…
എസ്. ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശ-യുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ പരിഗണനയക്ക് അര്‍ഹമായിരിക്കുന്നത്. ജയശ്രീ കളത്തില്‍ ആണ് മീശയുടെ മൊഴിമാറ്റം നടത്തിയത്.
കുട്ടനാട്ടിലെ ദലിതരുടെ ജീവിതവും ജാതീയമായ ജീവിതാവസ്ഥകളും രസകരമായി പ്രതിപാദിക്കുന്ന മീശ അതിന്റെ പ്രസിദ്ധീകരണ വേളയില്‍ തന്നെ വിവാദമുയര്‍ത്തിയ രചനയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ഹിന്ദുത്വ വര്‍ഗീയവാദികളും ഹൈന്ദവജാതിമേലധ്യക്ഷന്‍മാരും പ്രതിഷേധവുമായി ഇറങ്ങുകയും നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മാതൃഭൂമിയോട് ആവശ്യപ്പെടുകയും ചെയ്തു. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കമല്‍റാം സജീവ് ഇത് തള്ളിക്കളഞ്ഞു. ഒരു സര്‍ഗാത്മക കൃതിയിലെ ആവിഷ്‌കാരങ്ങളെ ചോദ്യം ചെയ്യുന്നത് ഭരണഘടനാദത്തമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കമല്‍റാം അഭിപ്രായപ്പെട്ടു. എഴുത്തുകാരന്റെ സ്വാതന്ത്ര്യം ജാതി-മത മേധാവിത്വത്തിന് അടിയറ വെക്കാന്‍ പറ്റില്ലെന്ന് പത്രാധിപര്‍ നിലപാട് എടുത്തു.
എന്നാല്‍ മാതൃഭൂമി എല്ലാവരെയും നിരാശരാക്കി നിര്‍ബന്ധപൂര്‍വ്വം നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തണമെന്ന ആശയത്തിന്റെ പക്ഷത്ത് ചേരുകയാണ് ചെയ്തത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നോവലിസ്റ്റ് എസ്.ഹരീഷ് തന്നെ സ്വമേധയാ കൃതി പിന്‍വലിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന കത്ത് പ്രസിദ്ധീകരിച്ച് മാതൃഭൂമി മീശ ആഴ്ചപ്പതിപ്പില്‍ നിന്നും അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് പത്രാധിപര്‍ കമല്‍റാം സജീവ് മാതൃഭൂമി വിടുകയും ചെയ്തു.
മീശ നോവലിലെ ആവിഷ്‌കാരത്തിനെതിരെ കേസ് സുപ്രീംകോടതി വരെ എത്തി. സുപ്രീംകോടതി ഈ കേസില്‍ പറഞ്ഞ വിധി ഇന്ത്യയിലെ സ്വാതന്ത്ര്യകാംക്ഷികളായ സര്‍വ്വ മനുഷ്യര്‍ക്കും പ്രത്യേകിച്ച് എഴുത്തുകാര്‍ക്കും അതീവ ആഹ്‌ളാദജനകമായ ഒന്നായിരുന്നു. മീശ-യ്‌ക്കെതിരായ കേസ് തള്ളിയ കോടതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം ഊന്നിപ്പറയുകയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഒരു നോവലിന്റെ പ്രസിദ്ധീകരണം ജാതിമേധാവികളുടെ ഭീഷണി പേടിച്ച് ഉപേക്ഷിച്ചു കളഞ്ഞ മാതൃഭൂമിയുടെ നിലപാടിന് ഏറ്റ വലിയ ആഘാതമായിരുന്നു സുപ്രീംകോടതിയുടെ വിധി.
മാതൃഭൂമി വിലക്കിയെങ്കിലും ഈ നോവല്‍ പെട്ടെന്നു തന്നെ പുസ്തക രൂപത്തില്‍ കേരളീയരുടെ കൈയ്യിലെത്തി. മീശയ്ക്ക് ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ തുകയുള്ള സാഹിത്യസമ്മാനം–25 ലക്ഷം രൂപയുടെ ജെ.സി.ബി. പുരസ്‌കാരം– ലഭിക്കുകയും ചെയ്തു.
ഇപ്പോള്‍ അതിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം കൂടി ഏറ്റവും മികച്ച ഈ വര്‍ഷത്തെ പത്ത് നോവലുകളില്‍ ഒന്നായി ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം തിരഞ്ഞെടുത്തത് ഹരീഷിന്റെ സര്‍ഗാത്മകതയ്ക്കുള്ള അംഗീകാരമായിരിക്കയാണ്.( ദ് ഹിന്ദു സണ്‍ഡേ മാഗസിന്‍ ലിറ്റററി റിവ്യൂ, ഡിസംബര്‍ 27)
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് പുസ്തകങ്ങളില്‍ ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പ് ‘ എ പ്രോമിസ്ഡ് ലാന്‍ഡ്’-നൊപ്പം, ശശി തരൂരിന്റെ പുതിയ പുസ്തകമായ ‘ദി ബാറ്റില്‍ ഓഫ് ബിലോങിങ് ‘ കൂടി ഉണ്ട്.