സ്വന്തം സഖ്യകക്ഷിയുടെ എം.എല്‍.എ.മാരെ അടര്‍ത്തിയെടുത്ത് നിയമസഭാകക്ഷി അംഗബലം വര്‍ധിപ്പിക്കുന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ സദാചാരമില്ലായ്മയാണ് ബിഹാറിലെ ഇപ്പോഴത്തെ ചര്‍ച്ച. അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു. എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്ക് ചേര്‍ത്തപ്പോള്‍ അത് ചെന്നു കൊണ്ടത് ബിഹാറിലാണ്. അവിടെ നിതീഷ് മുഖ്യമന്ത്രിയായ സര്‍ക്കാരിലെ സഖ്യകക്ഷിയാണ് ബി.ജെ.പി.
അരുണാചലില്‍ ജെ.ഡി.യു.വിന് ഏഴ് നിയമസഭാംഗങ്ങളാണുള്ളത്. ഇവരില്‍ ആറു പേരും ബി.ജെ.പി.ക്കാരായി.

ജനതാദള്‍-യുവിന്റെ തട്ടകത്തില്‍ ഈ കൂറുമാറ്റം വലിയ വിള്ളലാണുണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പി.യുടെ നീക്കത്തില്‍ നിതീഷ്‌കുമാര്‍ വളരെ അസ്വസ്ഥനാണ്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം രാഷ്ട്രീയമായ കടുത്ത തീരുമാനം തന്നെ എടുക്കുമെന്ന ചര്‍ച്ച ബിഹാറില്‍ സജീവമാണ്.
തിരഞ്ഞെടുപ്പു കാലത്ത് തന്നെ നിതീഷിനെ പിന്നില്‍ നിന്നും കുത്താന്‍ ബി.ജെ.പി. ബിഹാറിലും കളിച്ചിരുന്നു. എന്‍.ഡി.എ. സഖ്യം വിട്ട ചിരാഗ്പാസ്വാനെ മുന്നില്‍ നിര്‍ത്തി കളിച്ചത് ബി.ജെ.പി.യാണ് എന്ന് നിതീഷ് വിശ്വസിക്കുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. പലയിടത്തും ജെ.ഡി.യു. തോല്‍ക്കാന്‍ ഇടയാക്കിയത് ഇതാണെന്ന് വിലയിരുത്തലുണ്ട്.
എന്നാല്‍ ചിരാഗിന്റെ പാര്‍ടിക്ക് ബിഹാറില്‍ ഒരേയൊരിടത്തു മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ ബി.ജെ.പി.യുടെ എം.എല്‍.എ.മാരുടെ എണ്ണം വര്‍ധിക്കുകയും ജെ.ഡി.യു. മുന്‍ തവണത്തേക്കാള്‍ സീറ്റുകള്‍ നഷ്ടപ്പെട്ട് ബി.ജെ.പി.ക്ക് പിന്നിലാവുകയും ചെയ്തു.