ഇടതുപക്ഷത്തിന്റെ പൊലീസിനെതിരെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചാവിഷയം ഇതാണെന്നതിന് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പുകളും ചിത്രങ്ങളും സാക്ഷ്യമാകുന്നു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി. ബി. അശോകിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
അന്വേഷണം നടത്തുന്ന പോലീസ് താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുമോ..?
- ഹൈക്കോടതി സ്‌റ്റേ ഉത്തരവ് ഉണ്ടായിട്ടും അത് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് തിരക്കിട്ട് മുന്‍സിഫ് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഓടിക്കിതച്ചെത്തേണ്ട അടിയന്തിരാവസ്ഥ എന്തായിരുന്നു അവിടെ ഉണ്ടായിരുന്നത്.
- ദേഹത്ത് പെട്രോള്‍ ഒഴിച്ച് കയ്യില്‍ ലൈറ്റര്‍ കത്തിച്ചു നില്‍ക്കുന്ന വ്യക്തിയെ നിങ്ങള്‍ കൈകാര്യം ചെയ്ത രീതി മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയുമോ..
- പെട്രോളില്‍ കുളിച്ചു നില്‍ക്കുന്ന ഒരാളുടെ കയ്യിലെ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുന്നതാണോ പൊലീസില്‍ പരിശീലിപ്പിക്കുന്ന രക്ഷാദൗത്യത്തിന്റെ മാതൃക..
- കേരള പൊലീസിന്റെ മുദ്രാവാക്യമായ ‘മൃദുഭാവേ…ദൃഡ കൃത്യേ..’ എന്നത് പൊലീസ് മറന്നത് കുറ്റകൃത്യമല്ലേ.? സ്വന്തമായി കിടപ്പാടമില്ലാത്ത ഒരു കുടുംബത്തിന്റെ വൈകാരികത എന്തായിരിക്കും എന്ന് മനസ്സിലാക്കല്‍ കൂടിയാണ് പൊലീസിങ് എന്നത് മറന്ന ഉദ്യോഗസ്ഥരെ വെള്ളപൂശാന്‍ കഴിയുമോ..
- ഭക്ഷണത്തിനു മുന്നില്‍ നിന്നും ഒരു വ്യക്തിയെ ഒരു ദാക്ഷിണ്യവുമില്ലാതെ കൈകാര്യം ചെയ്യുന്നത് അതും ഒരു സിവില്‍ കേസ് വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇങ്ങനെ ചെയ്യുന്നത് പൊലീസ് മാന്വലും നടപടി ചട്ടങ്ങളും അനുസരിച്ച് നിയമപരമാണോ..
മനുഷ്യാവകാശത്തെ മറക്കുന്ന പൊലീസിനെ അത് പഠിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനും കഴിയുന്നില്ല എന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്. പരാതി കിട്ടിയാലും നടപടി എടുക്കാന്‍ വൈകുന്ന ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. നടപ്പാക്കപ്പെടാതെ കിടക്കുന്ന ഒട്ടേറെ കോടതി വിധികളുണ്ട്. ചില വിധികള്‍ നടപ്പാക്കുന്നതില്‍ പൊലീസ് ശ്രദ്ധാപൂര്‍വ്വമായ അശ്രദ്ധ കാണിക്കുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പി.വി അന്‍വര്‍ കാട്ടില്‍ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ കഴിയാതിരുന്നത് കോടതി ഉത്തരവ് ഇല്ലാതിരുന്നതു കൊണ്ടല്ല, തോമസ് ചാണ്ടി കായല്‍ നികത്തയുണ്ടാക്കിയ ഭൂമിയിലെ നിര്‍മ്മാണം ജപ്തി ചെയ്യാന്‍ കഴിയാതിരുന്നതും നിയമത്തിന്റെ പിന്‍ബലം ഇല്ലാത്തതു കൊണ്ടല്ല എന്നിങ്ങനെ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ സാമൂഹ്യമാധ്യമ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നുണ്ട്.
നെയ്യാറ്റിന്‍കര സംഭവത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും പ്രഖ്യാപിച്ച സഹായങ്ങളും തൃപ്തികരമെന്ന് പൊതുവെ വിലയിരുത്തലുണ്ട്. എന്നാല്‍ വീണ്ടും ഇടതുസര്‍ക്കാരിന്റെ പൊലീസിങ് ഒരിടവേളയ്ക്കു ശേഷം കടുത്ത രീതിയിലുള്ള വിമര്‍ശനത്തിന് വിധേയമായിരിക്കയാണ് സാമൂഹ്യമാധ്യമങ്ങളില്‍.