Categories
opinion

മുല്ലപ്പള്ളിക്ക് കേരളരാഷ്ട്രീയമറിയില്ല.. മുരളീധരനോ സതീശനോ സുധാകരനോ നയിക്കട്ടെ…ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തുറന്നു പറയുന്നു

ബി.ജെപിയോട് ചേരാനുള്ള മന:ശാസ്ത്രം കോൺഗ്രസിലുണ്ടായിരുന്നവരിൽ ചെറിയ തോതിൽ രൂപപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇന്ന് ആ വീഴ്ച്ചയിൽ നിന്നും പ്രവർത്തകരെ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള കഴിവില്ലാത്തവരായി നേതൃനിര പരിണമിച്ചു

Spread the love

മരണശയ്യയിലാണ് കോണ്‍ഗ്രസ്..
കേരളരാഷ്ട്രീയമറിയാത്ത മുല്ലപ്പള്ളി പരാജയം..
മുല്ലപ്പള്ളിക്ക് ജനങ്ങളുമായി ബന്ധമില്ല..
വികാരവിക്ഷോഭത്തിന് അടിമപ്പെട്ടാണ് മുല്ലപ്പള്ളിയുടെ തീരുമാനങ്ങള്‍..
ബി.ജെ.പി.യോട് ചേരാനുള്ള മനശ്ശാസ്ത്രം ശക്തം…
നേതൃമാറ്റമല്ല തലമുറമാറ്റം മാത്രമാണ് പോംവഴി..
മുരളീധരനോ സുധാകരനോ സതീശനോ പ്രസിഡണ്ടാകണം..
ഒളിച്ചോടുന്ന രാഹുലിന് പാര്‍ടിയെ നയിക്കാനാവില്ല…
എന്ത് നേതൃഗുണമാണ് രാഹുല്‍ മുന്നോട്ടു വെക്കുന്നത്..

———————————————————————————-

thepoliticaleditor

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത, കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന വിമര്‍ശനം

————————————————————————————-

കെ.മുരളീധരൻ
കെ.സുധാകരൻ

76 ന്റെ യൗവ്വനത്തിലാണ് മുല്ലപ്പിള്ളി രാമചന്ദ്രൻ കേരളത്തിലെ പാർട്ടിയെ നയിക്കുന്നത്. ഏറിയ കാലവും ഡൽഹി കേന്ദ്രീകരിച്ച് പൊതുപ്രവർത്തനത്തിൽ വ്യാപൃതനായ മുല്ലപ്പിള്ളിക്ക് കേരളത്തിന്റെ രാഷ്ട്രീയപരിസരങ്ങൾ അന്യമാണ്. . ജനങ്ങളുമായി ബന്ധം പുലർത്താൻ ആഗ്രഹിക്കാതെ സ്വന്തം വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെട്ട് രാഷ്ട്രീയതീരുമാനങ്ങൾ പ്രഖ്യാപിക്കുന്നവർക്ക് എങ്ങിനെയാണ് കോൺഗ്രസിനെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനാവുക.

നേതൃമാറ്റമല്ല തലമുറമാറ്റം മാത്രമാണ് അതിന് മറുപടി. കെ മുരളീധരനിലേയ്ക്കും കെ.സുധാകരനിലേയ്ക്കും വി.ഡി സതീശനിലേയ്ക്കുമാണ് തലമുറമാറ്റത്തിന്റെ പേരുകൾ എത്തിനിൽക്കുന്നത്. പ്രായോഗികരാഷ്ട്രീയത്തിന് യോജിച്ചയാളാണ് കെ.മുരളീധരൻ. സമീപകാലത്ത് കോൺഗ്രസിന് ലഭിച്ച മികച്ച പ്രസിഡന്റ്. കെ.സുധാകരനിലേയ്ക്കെത്തുമ്പോൾ അത് മറ്റൊരുതലമാണ്. പല പ്രതിസന്ധികൾക്കും മറുപടിയാകാൻ അദ്ദേഹത്തിന് സാധിച്ചേക്കാം. വി.ഡി സതീശനിലേയ്ക്കെത്തുമ്പോൾ കുറച്ചു കൂടി വിശാലമാണ് കാര്യങ്ങൾ. കോൺഗ്രസിന് അന്യമാകുന്ന ഒരു വിചാരധാരയുടെ വക്താവാണ് വി.ഡി സതീശൻ. ശക്തമായ ഒരു രണ്ടാംനിരയാൽ സമ്പന്നമാണ് കോൺഗ്രസ്. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ,ഹൈബി ഈഡൻ തുടങ്ങിയവരടങ്ങിയ യുവനിരയെ മുന്നിലെത്തിക്കാൻ പതിറ്റാണ്ടുകൾ ഇനിയും കാക്കേണ്ടി വന്നാൽ ശേഷം ചിന്തനീയം.

വി.ഡി സതീശൻ

കേരളത്തിലെ കോൺഗ്രസിന്റെ തളർച്ചയ്ക്ക് ഒട്ടേറെ കാരണങ്ങൾ കാണാൻ കഴിയും. ജനങ്ങളുടെ ശബ്ദമായി ഉയർന്നുവന്ന കോൺഗ്രസ് കാലപരിക്രമണത്തിൽ മതത്തിന്റെയും തൊട്ടുപിന്നാലെ സമുദായത്തിൻറേയും ശബ്ദമായി പരിണമിക്കുന്ന ദയനീയകാഴ്ച്ച പ്രകടമാണ്. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിനിർണ്ണയത്തിന് മതവും ജാതിയും പരിഗണനകളായി. മത- ജാതി സംഘടനകൾ പറയുന്നതായി കോൺഗ്രസിൽ അവസാനവാക്ക്. അതോടെ കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇല്ലാതായി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ നിന്നും ചിലയിടങ്ങളിലെങ്കിലും പാർട്ടിയുടെ ജില്ലാ അധ്യക്ഷനെ തീരുമാനിക്കുന്ന റോളിലേയ്ക്ക് മതസംഘടനകൾ ഉയർന്നപ്പോൾ നേതൃത്വം മൗനത്തോടെ സമ്മതിക്കുന്ന വിരോധാഭാസത്തിനും കേരളം സാക്ഷ്യം വഹിച്ചു.

സ്ഥാനമാനങ്ങൾ വീതം വെയ്ക്കുന്നതായി മാത്രം സംഘടനാപ്രവർത്തനം മാറി. നേതാക്കൾ തങ്ങളുടെ പെട്ടിപിടുത്തക്കാരെ ഭാരവാഹികളാക്കിയപ്പോൾ ഓഡിറ്റോറിയത്തിൽ യോഗം വിളിക്കേണ്ടത്ര ‘ശക്തി’ കോൺഗ്രസിന് വന്നു. അതിന് ആനുപാതികമായി ജില്ലകളിലും ഭാരവാഹികളുടെ നീണ്ട നിര ദൃശ്യമായി. എന്നാൽ ഇവരെല്ലാവരും കൂടി പാർട്ടിക്ക് എന്ത് നൽകി എന്ന് ചോദിച്ചാൽ ഇമ്മിണി വല്യോരു പൂജ്യമായിരിക്കണം ഉത്തരം.

ദേശീയ തലത്തിൽ കോൺഗ്രസ് തകർന്നത് അന്ധമായ അധികാരക്കൊതിയും ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി പാർട്ടിയെ സമീപിച്ചതിനാലുമാണെങ്കിൽ കേരളത്തിൽ സ്ഥിതി കുറച്ചു കൂടി സങ്കീർണ്ണമായിരുന്നു കാര്യങ്ങൾ.

ഇംഗ്ലീഷ് അക്ഷരമാലയുടെ ഉത്ഭവം തന്നെ കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് പേര് നൽകാനാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ തട്ടി വീണത് കേരളത്തിലെ കോൺഗ്രസ് ആയിരുന്നു. മുൻപൊക്കെ വീണിടത്തു നിന്നും എഴുന്നേൽക്കാനുള്ള കെൽപ്പ് കോൺഗ്രസിനുണ്ടായിരുന്നു. കാലപരിക്രമണത്തിൽ അതും നഷ്ടമാകുന്ന ദയനീയ ചിത്രമാണ് കാണുന്നത്.

ബി.ജെപിയോട് ചേരാനുള്ള മന:ശാസ്ത്രം കോൺഗ്രസിലുണ്ടായിരുന്നവരിൽ ചെറിയ തോതിൽ രൂപപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനെ വെറും ആരോപണമായി തള്ളിയ നേതൃത്വത്തിനും രഹസ്യമായെങ്കിലും സമ്മതിക്കേണ്ടി വന്നിട്ടുണ്ട് തങ്ങൾക്ക് പറ്റിയ വീഴ്ച്ച. പക്ഷേ ഇന്ന് ആ വീഴ്ച്ചയിൽ നിന്നും പ്രവർത്തകരെ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള കഴിവില്ലാത്തവരായി നേതൃനിര പരിണമിച്ചു.
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന കണക്ക് ഖദറിട്ടവരെല്ലാം കോൺഗ്രസിൽ നേതാക്കളായി. ഛോട്ടാ നേതാവ് മുതൽ ബഠാ നേതാവ് വരെ ഉള്ളപാർട്ടിയിൽ അണികൾ പതിയെ ഇല്ലാതായി.

ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ദേശീയ രാഷ്ട്രീയ സംഘടനയാണ് കോൺഗ്രസ്. കോൺഗ്രസിനെ ജനം തിരസ്ക്കരിക്കാൻ ആരംഭിച്ചതും ഇതേ കാരണത്താലാണ്. അധികാരത്തിന്റെ മധുരം നുകർന്നതോടെ അധികാരത്തോട് വല്ലാത്തൊരു കൊതി കോൺഗ്രസ് നേതാക്കൾക്കിടയിൽ രൂപപ്പെട്ടു വരികയായിരുന്നു. കർഷകരുടെ മനസ്സിൽ നിന്നും കോർപ്പറേറ്റുകളുടെ മടിത്തട്ടിലേയ്ക്ക് കോൺഗ്രസ് വലിച്ചെറിയപ്പെട്ടു തുടങ്ങുകയായിരുന്നു ദേശീയതലത്തിൽ 90 കളുടെ തുടക്കത്തിൽ.

2020 ന്റെ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ ജനാധിപത്യ വാദികൾ ഏറെ ആഗ്രഹിക്കുന്നതും കോൺഗ്രസിന്റെ മടങ്ങിവരവാണ്. ഇടതുപക്ഷം തങ്ങളാണ് അവസാനപ്രതീക്ഷയെന്ന് അവകാശപ്പെടുമ്പോഴും ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദൽ രൂപപ്പെടുത്താൻ മുൻപേ നടക്കാൻ പ്രതീക്ഷയർപ്പിക്കുന്നത് കോൺഗ്രസിലാണ്. ജനാധിപത്യവാദികളുടെ അത്തരം പ്രതീക്ഷകൾക്കൊപ്പമെത്താൻ കഴിയുന്നില്ല എന്നതാണ് കോൺഗ്രസിന്റെ ദുരവസ്ഥയും. വിരലിലെണ്ണാവുന്ന ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ച് നിർത്തിയാൽ കോൺഗ്രസ് ഇന്ന് ജനാധിപത്യവാദികളുടെ ഒരു സ്വപ്നം മാത്രമായി മാറുകയാണ്.

മതേതരഇന്ത്യയെ വീണ്ടെടുക്കാൻ. ജനാധിപത്യത്തിന്റെ സുവർണ്ണനാളുകൾ തിരിച്ചു പിടിക്കാൻ ഇന്ത്യൻജനത നായകസ്ഥാനത്ത് കോൺഗ്രസിനെ പ്രതിഷ്ഠിക്കുമ്പോൾ കോൺഗ്രസിനെ നയിക്കാൻ ആളെത്തേടി നെട്ടോട്ടത്തിലാണ് ആ പ്രസ്ഥാനം.


എന്താണ് കോൺഗ്രസിന് പറ്റിയത് എന്ന ചോദ്യത്തിന് ലളിതമായ ഉത്തരം ഗാന്ധി കുടുംബം എന്നു തന്നെയാണ്. തെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടെയും പിൻമുറക്കാർ ഒരേ സമയം കോൺഗ്രസിന്റെ ശാപവും പ്രതീക്ഷയുമാണ്.

നയതി ഇതി നേതാ- നയിക്കുന്നവർ ആണ് നേതാവ്. യുദ്ധമുഖത്തു നിന്നും പരാജയം രുചിച്ച് ഓടിയൊളിക്കുന്നവന് എങ്ങിനെയാണ് നേതാവാകുവാൻ കഴിയുക. അത്തരത്തിൽ ഒളിച്ചോടിയ ഒരാളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസിന് എത്ര കാലം മുന്നോട്ടുപോകാൻ കഴിയും. ശരിയാണ് ഇന്ദിരയുടെ പൗത്രനായ രാഹുലിന് ആൾക്കൂട്ടത്തെ ചേർത്തുനിർത്താനും ആർദ്രതയോടും വികാരവായ്പോടും അവരെ ചേർത്തുനിർത്താനുമുള്ള മനസുണ്ട്. അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന മറ്റൊരു രാഷ്ട്രീയപ്രവർത്തകനും ഒരു പ്രസ്ഥാനത്തിന്റേയും നേതൃനിരയിൽ ഇല്ല എന്നതും യാഥാർത്ഥ്യം. പക്ഷേ ജനങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേയ്ക്ക് ഉയരാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നുണ്ടോ. ഇല്ല എന്നത് തുടക്കം മുതൽ അദ്ദേഹം തെളിയിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് പ്രതീക്ഷയുടെ ചില നാമ്പുകൾ ഉയർന്നെങ്കിലും കനത്ത പരാജയത്തിൽ രാഹുൽ അടിപതറി. ഒപ്പം മനസും. രാഹുലിന് വേണ്ടി വാദിക്കുന്നവർ പറയുന്നു കോൺഗ്രസിലെ വയോജന നിരയുടെ സമീപനത്തോടുള്ള വിയോജിപ്പാണ് അതിനുപിന്നിലെന്ന്. അതിനെ മറികടക്കാൻ പോലും കഴിയുന്നില്ലെങ്കിൽ എന്ത് നേതൃഗുണമാണ് രാഹുൽ മുന്നോട്ടുവെയ്ക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നില്ലേ ?

അവശേഷിക്കുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസ് ദിശയറിയാതെ ഉഴലുമ്പോൾ കാഴ്ച്ചക്കാരുടെ റോൾ മാത്രമാണ് കോൺഗ്രസിന്. സംസ്ഥാനനേതൃത്വങ്ങൾക്ക് പ്രവർത്തനമാർഗ്ഗരേഖ നൽകാൻ പോലും കഴിയാത്തവിധം മരണശയ്യയിലാണ് കോൺഗ്രസ്

Spread the love
English Summary: Mullappally does not know the political trend of Kerala. It is better for Muraleedharan or Satheesan to lead the KPCC. A congress man opens up. Mullapally is a failure and change of leadership is not the remedy but the change of generation. Most of the party people are ready to be allied with BJP. This psychology is strong among the followers of INC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick