കാര്‍ഷികനിയമത്തില്‍ എക്‌സ്‌ക്യൂട്ടീവ് ഉത്തരവിലൂടെയുള്ള ഭേദഗതിയാവാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം ചതിയാണെന്ന് തിരിച്ചറിഞ്ഞ് കര്‍ഷകര്‍ അതിന് വഴങ്ങാതെ സമരം ശക്തമാക്കുകയാണ് . എം.എസ്.പി. അഥവാ മിനിമം സപ്പോര്‍ട്ട് പ്രൈസ് അതായത് തറവില ഉറപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കാമെന്ന് ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ നിയമത്തില്‍ ഇത് ഇല്ലാതിരിക്കെ ഉത്തരവ് കാറ്റില്‍പ്പറത്താന്‍ കുത്തകക്കമ്പനികള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ല. വ്യാഴാഴ്ച കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും കര്‍ഷകര്‍ പൂര്‍ണമായും അനുകൂലമായി പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച സംഘടനകള്‍ യോഗം ചേര്‍ന്നായിരിക്കും അന്തിമ തീരുമാനം എടുക്കുക. തറവിലയല്ല പ്രശ്‌നം എന്നതാണ് ഇപ്പോഴത്തെ നിലപാട്. മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. അഞ്ചാംവട്ട ചര്‍ച്ചയാണ് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍….
- മിനിമം സപ്പോര്‍ട്ട് പ്രൈസ് നിര്‍ത്തലാക്കിയത്
- എ.പി.എം.സി. അഥവാ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് സൊസൈറ്റികളെ അതായത് മണ്ഢിസമിതികളെ ഇല്ലാതാക്കി
- മാര്‍ക്കറ്റിനു പുറത്ത് നടക്കാന്‍ പോകുന്ന വ്യാപാരത്തില്‍ നികുതിവെട്ടിപ്പ്
- കാര്‍ഷികവ്യാപാരവുമായി ബന്ധപ്പെട്ട കേസുകള്‍ മേല്‍ക്കോടതികളിലെത്തിക്കില്ല
- ചെറിയ കര്‍ഷകരുടെ ഭൂമി മുഴുവന്‍ വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാവും. കര്‍ഷകര്‍ വെറും പണിക്കാര്‍ മാത്രമാവും.
- കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയുടെ ബില്ല് സംബന്ധിച്ച നിയമഭേദഗതി കര്‍ഷകരുടെ പോക്കറ്റ് കാലിയാക്കും.
- വൈക്കോലും അവശിഷ്ടങ്ങളും കത്തിച്ചുകളയുന്നത് കുറ്റകരമാക്കി ശിക്ഷിക്കാനുള്ള വകുപ്പ് കര്‍ഷക ദ്രോഹം.
സമരവീര്യവുമായി ഏറ്റവും മുന്നിലുള്ള സംഘടിത വിഭാഗം പഞ്ചാബിലെ കര്‍ഷകരാണ്. അവരെ പാട്ടിലാക്കാനുള്ള അമിത്ഷായുടെ ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച എന്നു കരുതുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പഞ്ചാബി സമൂഹം കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കാനഡയില്‍ അവിടുത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ ഡെല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സന്ദേശം നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. കാനഡയില്‍ പഞ്ചാബി സമൂഹം ആകെ ജനസംഖ്യയുടെ രണ്ടു ശതമാനത്തിലും ഏറെയാണ്.
തങ്ങള്‍ നാല് മാസത്തേക്കുള്ള റേഷനും കുടിവെള്ളവുമായാണ് സമരത്തിനെത്തിയിരിക്കുന്നത് എന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വ്യക്തമാക്കിയത് സമരം വെറുതെയൊന്നും അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന സൂചന നല്‍കുന്നതായിരുന്നു. കര്‍ഷകര്‍ എത്തുന്നത് തടയാന്‍ ഡെല്‍ഹിയിലേക്കുള്ള പഞ്ചാബ്, ഹരിയാന അതിര്‍ത്തിയെല്ലാം അടച്ചിട്ടിരിക്കയാണെങ്കിലും വന്‍ ബഹുജനപങ്കാളിത്തമാണ് പ്രക്ഷോഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമരം ബറൗറിയിലെ നിരങ്കാരി മൈതാനിയിലേക്ക് ചുരുക്കി അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന അമിത്ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ നിരാകരിച്ചിരുന്നു.
32 വര്‍ഷം മുമ്പ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ യു.പി.യിലെ അഞ്ച് ലക്ഷം കര്‍ഷകര്‍ ഡെല്‍ഹിയില്‍ സമരം നടത്തിയതിനു ശേഷം ഇതുവരെ ഇത്രയും വലിയ കര്‍ഷകസമരത്തിന് രാജ്യതലസ്ഥാനം വേദിയായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകളഞ്ഞ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.