മഹാരാഷ്ട്ര നിയമസഭയിലെ ബിരുദധാരികളുടെയും, അധ്യാപകരുടെയും സംവരണ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഖാഡിക്ക് വന്‍ വിജയം. ആകെയുള്ള ആറ് സീററില്‍ നാലെണ്ണവും സഖ്യം നേടി. എന്‍.സി.പി.യുടെ രണ്ടും കോണ്‍ഗ്രസിന്റെ രണ്ടും സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ മുന്നേറുന്നു. അഭ്യസ്ഥവിദ്യരുടെ സമൂഹത്തില്‍ ഭരണകക്ഷിക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം കൂടിയായി ഈ വിജയം മാറുകയാണ്. ഇത് ബി.ജെ.പി.ക്ക് വലിയ തിരിച്ചടിയാണ്.
ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. എന്നിവ ചേര്‍ന്ന സഖ്യമായ മഹാവികാസ് അഖാഡി ആണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷി. ഒരു വര്‍ഷം പിന്നിടുന്ന സഖ്യത്തിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം. കേന്ദ്രഭരണത്തിന്റെ തണലില്‍ ബി.ജെ.പി. നിരന്തരമായി ശിവസേനാ സഖ്യസര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കയാണ്. നടി കങ്കണ റണൗട്ടിനെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധവും ബി.ജെ.പി. തുടരുന്നുണ്ട്. മുംബൈ സിനിമാലോകത്തിലെ മയക്കുമരുന്നു കേസുകള്‍, സുശാന്ത് സിങ് രജാവത്തിന്റെ മരണം, റിപ്പബ്ലിക് ടി.വി. കേസ് തുടങ്ങിയവയിലെല്ലാം മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ബി.ജെ.പി നിരന്തരമായി ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി പാര്‍ടിക്കു നേരിടേണ്ടിവന്നിരിക്കുന്നത്.
