ഇടതു തരംഗം പ്രതിഫലിച്ച തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം പലതരം രാഷ്ട്രീയ അട്ടിമറികളും കൗതുകമാര്‍ന്ന വിജയപരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും സ്വാഭാവികമായും ഇടതുമുന്നണിക്ക് പ്രിയമായതും ചിലതെല്ലാം അവര്‍ക്ക് കയ്പ് സമ്മാനിക്കുന്നതുമാണ്.
മുനിസിപ്പാലിറ്റികളിലെ മേല്‍ക്കൈ ഇത്തവണ ഇടതിന് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളില്‍ ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം.. 86-ല്‍ 45 എണ്ണം ഭരിച്ചത് ഇടതുപക്ഷം. യു.ഡി.എഫിന് 40 എണ്ണം. ബി.ജെ.പി.ക്ക് ഒരെണ്ണം. ഇത്തവണ ഫലമറിഞ്ഞവയില്‍ ( വൈകീട്ട് മൂന്നു മണി) 45 എണ്ണത്തില്‍ യു.ഡി.എഫ്. ആണ്. 35 എണ്ണമേ ഇടതിനുള്ളൂ. ബി.ജെ.പി.ക്ക് രണ്ടെണ്ണം ഉണ്ട്.
എന്നാല്‍ ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫ്. മേല്‍ക്കൈ തകര്‍ന്നിടിഞ്ഞു. 2015-ല്‍ 7-7 എന്ന നിലയില്‍ തുല്യമായിരുന്നെങ്കില്‍ ഇത്തവണ പത്തെണ്ണം ഇടതുമുന്നണി നേടിക്കഴിഞ്ഞു. യു.ഡി.എഫിന് ഉറപ്പുള്ളതായി കിട്ടിയത് രണ്ടെണ്ണം മാത്രം. കാസര്‍ഗോഡ്, വയനാട് എന്നിവയില്‍ ഭൂരിപക്ഷം ഉണ്ടാക്കണമെങ്കില്‍ വിമതരുടെ സഹായം വേണം.
കോര്‍പറേഷനുകളില്‍ കഴിഞ്ഞ തവണ ഇടതിന് അഞ്ചും യു.ഡി.എഫിന് ഒന്നും ആയിരുന്നു. ഇത്തവണ അത് നാല്-രണ്ട് എന്നിങ്ങനെ ആയേക്കാം.
പ്രധാനപ്പെട്ട 25 മാറ്റങ്ങള്‍ ഇവയാണ് :
- ചരിത്രത്തിലാദ്യമായി മാണി കോണ്‍ഗ്രസിന്റെ തട്ടകമായ പാലാ നഗരസഭ ഇടതു പക്ഷം നേടി. ഇടതുമുന്നണിക്ക് 17 സീറ്റ്. ജോസ് കെ.മാണിയുടെ വിജയം.
- പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴ നഗരസഭയില്‍ ജോസഫ് വിഭാഗം തകര്‍ന്നിടിഞ്ഞു. മല്‍സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും തോറ്റു. ജോസ്.കെ.മാണിക്ക് നേട്ടമുണ്ടാക്കുന്ന പരാജയം.
- കാല്‍ നൂറ്റാണ്ടായി യു.ഡി.എഫ്. കോട്ടയായ ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി വിജയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടിലെ വാര്‍ഡിലും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ സ്വന്തം വാര്‍ഡിലും യു.ഡി.എഫ് തോറ്റു. രണ്ടിടത്തും വിജയം ഇടതിന്.
- തിരുവനന്തപുരം കോര്‍പറേഷന്‍ ഇടതുമുന്നണിക്ക്. അവിടെ യു.ഡി.എഫ്. തകര്‍ന്നിടിഞ്ഞു. കഴിഞ്ഞ തവണ 21 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഇത്തവണ വന്‍ തോല്‍വി. ബി.ജെ.പി.ക്കും പ്രതീക്ഷയൊന്നും സഫലമായില്ല.
- കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തുകള്‍ ടി.പി. ചന്ദ്രശേഖരന്റെ പാര്‍ടിയായ ആര്‍.എം.പി.ക്ക്.
- ആലപ്പുഴ ജില്ലയിലെ സി.പി.എം. ശക്തികേന്ദ്രമായ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലും ഏറണാകുളം മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡിലും സി.പി.എം. വിമതന് വിജയം.
- കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. പിടിച്ചെടുത്തു.
- യു.ഡി.എഫ്. കുത്തകയായി കരുതുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം. ഇവിടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഉണ്ടായിരുന്നു. 3 യു.ഡി.എഫ്. വിമതരും ഒരു സി.പി.എം. വിമതനും വിജയിക്കുകയും ചെയ്തു. ഭരണം കിട്ടാന്‍ ഇടതുപക്ഷത്തിനെ വിമതര്‍ സഹായിച്ചേക്കും.
- യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ബന്ധം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് മുക്കം നഗരസഭയില്‍ ഇടതുപക്ഷം തന്നെ വിജയിച്ചു. യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ടി ഫോര്‍മുലയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. ലീഗ് വിമതന്‍ ജയിച്ച ഇവിടെ അദ്ദേഹത്തിന്റെ പിന്തുണ അനിവാര്യം.
- പട്ടാമ്പി നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരായ വി-ഫോര്‍ പട്ടാമ്പിക്ക് ഗണ്യമായ വിജയം. ആറ് സീറ്റിലാണ് ജയിച്ചത്. ഇടതുശക്തികേന്ദ്രമായ ഇവിടെ അവര്‍ക്ക് 10 സീറ്റുകള്‍ മാത്രം. യു.ഡി.എഫിന് 11 സീറ്റുണ്ട്. വി-ഫോര്‍ പട്ടാമ്പി തീരുമാനിക്കുന്നവര്‍ക്കു മാത്രമാണ് നഗരസഭ ഭരിക്കാനാവുക.
- കൊച്ചി കിഴക്കമ്പലത്ത് നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയ രാ്ര്രഷ്ടീയേതര കൂട്ടായ്മ ട്വന്റി-ട്വന്റി ഇത്തവണ കൂടുതല്‍ സ്ഥലങ്ങളിലേക്ക്. കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട് പഞ്ചായത്തിലും മുഴുവന്‍ സീറ്റിലും, 14-ല്‍ 14-ഉം നേടി ഭരണം പിടിച്ചു. ഒപ്പം കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലും ഗണ്യമായ വിജയം നേടി.
- തൃശ്ശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി.യുടെ സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ സിറ്റിങ് വാര്‍ഡില്‍ തോറ്റു. ബി.ജെ.പി.ക്ക് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വി.
- കോഴിക്കോട് കോര്‍പറേഷന്‍ സി.പി.എമ്മിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡില്‍ ജയം ബി.ജെ.പി.ക്ക്.
- കൊച്ചിയില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.പി.സി.സി. മുന്‍ ജനറല്‍സെക്രട്ടറി എന്‍.വേണുഗോപാല്‍ തോറ്റു. അവിടെ യു.ഡി.എഫിന്റെ എല്ലാ മേയര്‍ സ്ഥാനാര്‍ഥി പരിഗണനയുള്ളവരും തോറ്റു.
- തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന പ്രൊഫ. എ.ജി.ഒലീന തോറ്റു.
- തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷ് വിജയിച്ചു.
- തിരുവനന്തപുരം എ.കെ.ജി. സെന്റര്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ ജയിച്ചത് യു.ഡി.എഫ്.
- തൃശ്ശൂരില്‍ യു.ഡി.എഫ്. വിമതന്‍ എം.കെ.വര്‍ഗീസ് ഏതു പക്ഷത്തേക്കു തിരിയുമോ അവര്‍ കോര്‍പറേഷന്‍ ഭരിക്കും. ഇടതുപക്ഷത്തിന് 24-ഉം യു.ഡി.എഫിന് 23-ഉം സീറ്റാണ് കിട്ടിയിരിക്കുന്നത്.
- മുസ്ലീംലീഗ്-യു.ഡി.എഫ്. ശക്തി കേന്ദ്രമായ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷം പിടിച്ചു.
- കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂര്‍ നഗരസഭയില്‍ ആദ്യമായി ഇടതുമുന്നണി ഭരണം പിടിച്ചു.
- പാലക്കാട് നഗരസഭ ബി.ജെ.പി. വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തി. 28 സീറ്റ് ബി.ജെ.പി. നേടിയപ്പോള്‍ ഇടതിന് 7 ഉം യു.ഡി.എഫിന് 14ഉം സീറ്റ് മാത്രം.
- അങ്കമാലി നഗരസഭ ഇടതില്‍ നിന്നും യു.ഡി.എഫ്. പിടിച്ചെടുത്തു.
- കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലും, കല്യാശ്ശേരി, കതിരൂര്‍, പിണറായി, പന്ന്യന്നൂര്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലും പ്രതിപക്ഷം ഉണ്ടാവില്ല. ആന്തൂരില്‍ 28-ല്‍ 27-ഉം സി.പി.എം., ഒരു സി.പി.ഐ. ആണ്. മറ്റിടങ്ങളിലും ഇടതുപക്ഷത്തിന് സമ്പൂര്‍ണ വിജയമാണ്.
- തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ പരാജയപ്പെട്ടു.
- ബി.ജെ.പി. പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ സഹോദരന്‍ സ്വദേശമായ ഉള്ള്യേരിയില്‍ തോറ്റു.
- കൊടുവള്ളി നഗരസഭയില്‍ വിവാദനായകന്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു. ഇടതു സ്വതന്ത്രന് ഒറ്റ വോട്ടും കിട്ടിയില്ല. ആദ്യം ഇടതു സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസലിനെ കള്ളക്കടത്താരോപണം വന്നതിനെ തുടര്‍ന്ന് മാറ്റി. തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്രനായി മല്‍സരിച്ചത്. ഇടതു വോട്ടുകളെല്ലാം പക്ഷേ കിട്ടിയത് ഫൈസലിനു തന്നെ.
27.കേന്ദ്രമന്ത്രി വി. മുരളീധരന് വോട്ടുള്ള തിരുവനന്തപുരം ഉള്ളൂരിലെ വാര്‍ഡിലും വിജയം ഇടതുപക്ഷത്തിന്.
- പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പൂഞ്ഞാറില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മൂന്ന് മുന്നണികളെയും തോല്‍പിച്ച് വിജയം നേടി.
- ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ട് ആധിപത്യമുള്ള നിയമസഭാ നിയോജക മണ്ഡലമായ പുതുപ്പള്ളിയില്‍ എട്ടില്‍ ആറ് പഞ്ചായത്തുകളിലും യു.ഡി.എഫിന് തോല്‍വി.
- കോട്ടയം ജില്ലയില്‍ എന്‍.ഡി.എ.ക്ക് വലിയ മുന്നേറ്റം. പള്ളിക്കത്തോട് പഞ്ചായത്തില്‍ ആദ്യമായി ഭരണം. ഏഴ് സീറ്റ് നേടി ഭൂരിപക്ഷം. മുത്തോലിയില്‍ ആറ് സീറ്റ് നേടി ഏറ്റവും വലിയ കക്ഷി. കോട്ടയം നഗരസഭയില്‍ ആറ് സീറ്റ് നേടി. ഏറ്റുമാനൂരില്‍ ഏഴും കിടങ്ങൂര്‍, പനച്ചിക്കാട് എന്നിവിടങ്ങളില്‍ അഞ്ചും കൂരോപ്പടയില്‍ നാലും സീറ്റ് നേടി.