ഡിസംബര്‍ 21-ന് അതായത് തിങ്കളാഴ്ച കേരള സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പിറക്കി. 23-ന് അതായത് ബുധനാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍. വെറും ഒറ്റ ദിവസത്തെ ഇടവേളയില്‍ ഒരു നിയമസഭാ സമ്മേളനം. അത്രയ്ക്ക് അടിയന്തിരസ്വഭാവം എന്താണുണ്ടായിരിക്കുന്നത് എന്ന ചോദ്യം ആരായാലും സ്വാഭാവികം. രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന കര്‍ഷക പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം ചേരുന്നത് എന്ന് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
22-ന് ആ ശുപാര്‍ശ ഗവര്‍ണര്‍ എടുത്ത് കൊട്ടയില്‍ കളഞ്ഞിരിക്കുന്നു എന്നത് കേരള സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി മാറി. എന്തിനാണ് ഇത്ര ധൃതി എന്നാണ് ഗവര്‍ണറും ചോദിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ടതില്ല എന്നത് പഞ്ചാബ് തന്നെ തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ കേരളം ഇക്കാര്യത്തില്‍ കാണിച്ചത് ബുദ്ധിശൂന്യമായ ധൃതിയാണെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നിരിക്കയാണ്. കാര്‍ഷിക നിയമം പാസ്സാക്കിയ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ കണ്ണുമടച്ച് കാര്‍ഷിക നിയമത്തിനെതിരെ ചേരുന്ന നിയമസഭാസമ്മേളനത്തിന് ഇത്ര ധൃതിപിടിച്ച് അനുമതി നല്‍കുമെന്ന് ചിന്തിച്ചതിലെ മൗഢ്യം ഇടതുപക്ഷ കേന്ദ്രങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാനായില്ല എന്നത് ക്ഷീണമാണ് എന്നത് ഒരു കാര്യം. ഗവര്‍ണറില്‍ നിന്നും സര്‍ക്കാരിന് ഏല്‍ക്കുന്ന തിരിച്ചടിക്ക് തീര്‍ച്ചയായും രാഷ്ട്രീയമാനങ്ങള്‍ കൂടിയുണ്ട് എന്നത് മറ്റൊരു കാര്യം. കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയായി മാറുവാന്‍ ഉദ്ദേശിച്ചും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ കേരളത്തിലെ വികാരത്തിന്റെ നേതൃസ്ഥാനത്തേക്ക് വരിക എന്ന് ലക്ഷ്യത്തോടെയുമാണ് സര്‍ക്കാര്‍ പ്രത്യേക സമ്മേളനം ചേരാന്‍ തുനിഞ്ഞത്. എന്നാല്‍ ഇത് അടിയന്തിര ആവശ്യമായി അംഗീകരിപ്പിക്കാന്‍ തക്ക ന്യായങ്ങള്‍ നിരത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. അനാവശ്യമായി കാണിച്ച ധൃതി തന്നെയാണിതിനു കാരണം. ബി.ജെ.പി. അംഗം ഒ.രാജഗോപാല്‍ ആദ്യമേ തന്നെ തന്റെ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഗവര്‍ണര്‍ അനുമതി നല്‍കില്ല എന്ന് ഏകദേശം ഉറപ്പിക്കാവുന്ന തരത്തിലുള്ള ധൃതിയാണ് സര്‍ക്കാരിന്റെ തീരുമാനത്തിലുണ്ടായത്. സമീപകാലത്ത് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ശുപാര്‍ശ പൂര്‍ണായി തള്ളിക്കളയുന്നത് ഇതാദ്യമാണ്.