ഗവര്‍ണറെക്കൊണ്ട് കേന്ദ്രവിരുദ്ധ പരാമര്‍ശം വായിപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഊരാക്കുടുക്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണില്ല. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമചര്‍ച്ചയ്ക്കായി ഡിസംബര്‍ 31-ന് സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.
നേരത്തെ ഡിസംബര്‍ 23-ന് ചേരാന്‍ മന്ത്രിസഭ നല്‍കിയ ശുപാര്‍ശയക്ക് ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 23-ന് സഭ ചേരാന്‍ 21-ന് ശുപാര്‍ശ അയക്കാന്‍ തക്ക അടിയന്തിര പ്രാധാന്യം എന്താണെന്ന് ചോദിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ആദ്യം പ്രതികരിച്ചത്. അടിയന്തിര പ്രാധാന്യം ഉണ്ടോ ഇല്ലയോ എന്ന് ഗവര്‍ണര്‍ നോക്കേണ്ട കാര്യമില്ല എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് തനിക്ക് ബോധ്യപ്പെട്ടില്ല എന്ന് കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്.
എന്നാല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ തന്നെ സമവായസന്ദേശവും ഉണ്ടായിരുന്നു. തനിക്ക് കടുംപിടുത്തം ഇല്ല എന്ന സൂചനയും കത്തില്‍ നിഴലിച്ചു.


ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനാല്‍ കര്‍ഷകസമര ചര്‍ച്ച അപ്പോള്‍ നടത്താമെന്ന് ആദ്യം മുഖ്യമന്ത്രി പ്രസ്താവിച്ചെങ്കിലും പിന്നീട് വീണ്ടും തീരുമാനം മാറ്റി ഡിസംബര്‍ 31 സഭ ഒരു ദിവസത്തേക്ക് ചേരാന്‍ രണ്ടാമതും ശുപാര്‍ശ ചെയ്യുകയായിരുന്നു. മാത്രമല്ല, മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനില്‍കുമാറും ഇന്നലെ ഗവര്‍ണറെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
സര്‍ക്കാരുമായി ഏററുമുട്ടാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് തന്റെ കത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജനുവരി എട്ടിന് കേന്ദ്രവിരുദ്ധപരാമര്‍ശങ്ങള്‍ അടങ്ങിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറെക്കൊണ്ട് വായിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം എന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി രംഗം കൊഴുപ്പിക്കാന്‍ ശ്രമം നടത്തുകയുണ്ടായി. ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കനപ്പിക്കുക എന്ന ഉദ്ദേശ്യം അത്തരം വാര്‍ത്തകളില്‍ ഉണ്ടെന്നും വിമര്‍ശനം ഉയരുകയും ചെയ്തു.
ആ ചതിക്കുഴിയില്‍ ഗവര്‍ണര്‍ വീണില്ല എന്നാണ് അദ്ദേഹത്തിന്റെ ഇന്നത്തെ തീരുമാനം വെളിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പൗരത്വനിയമഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത് ഗവര്‍ണര്‍ വായിക്കാതെ വിട്ടാണ് പ്രസംഗം പൂര്‍ത്തിയാക്കിയിരുന്നത് എന്നതിനാല്‍ ഇത്തവണയും ആ മാതൃകയില്‍ കാര്‍ഷികനിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ വിടുമോ എന്ന ചര്‍ച്ച ഉയരുന്നുണ്ട്.
എന്നാല്‍ 31-ന്റെ പ്രത്യേക സമ്മേളനത്തിന്റെ ഏക വിഷയം കാര്‍ഷികനിയമം ആയതിനാല്‍ സമ്മേളനത്തിന് അനുമതി നല്കി സര്‍ക്കാരുമായി രമ്യത വരുത്തിയെങ്കിലും സമ്മേളനചര്‍ച്ചാ വിഷയത്തില്‍ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതിന് പൂര്‍ണമായും ഉത്തരമായിട്ടില്ല.