തീ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിൻകരയിലെ രാജൻ – അമ്പിളി ദമ്പതിമാരുടെ മക്കൾക്ക് വീടും സ്ഥലവും നഷ്ടപരിഹാര തുകയും നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം.
വീടും സ്ഥലവും രണ്ട് കുട്ടികൾക്കും അഞ്ച് ലക്ഷം രൂപ വീതവുമാണ് നൽകുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാവും.
ഇളയ കുട്ടി രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പോലീസും കമ്മിഷനും എത്തിയപ്പോൾ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേർത്ത് പിടിച്ച് നെയ്യാറ്റിൻകരയിലെ രാജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിച്ചത്. പക്ഷെ ഇത് വകവെക്കാതെ പോലീസ് ലൈറ്റർ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ സർക്കാർ സഹായ വാഗ്ദാനവുമായി എത്തുകയായിരുന്നു.