എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശുകാര്‍ കൂട്ടത്തോടെ ഡെല്‍ഹിയിലേക്ക് വരുന്നത്…? ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചൊവ്വാഴ്ച ചോദിച്ചതാണിത്. ഉത്തര്‍ പ്രദേശില്‍ ഒരു സൗകര്യവുമില്ലെന്ന ഉത്തരവും കെജരിവാള്‍ തന്നെ പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു : ഡെല്‍ഹിയില്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ എനിക്ക് യു.പി.യിലും അതൊരുക്കാനാവും. യു.പി.യില്‍ ഇതുവരെ വൃത്തികെട്ട രാഷ്ട്രീയം മാത്രമേയുള്ളൂ. അതിനാല്‍ 2022-ല്‍ താന്‍ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തും. യോഗി ആദിത്യനാഥിന് അത് പാരയാകുമെന്നുറപ്പാണ്.
കെജരിവാള്‍ ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍ :
- ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്തുകൊണ്ട് ഏറ്റവും വികസിക്കുന്ന സംസ്ഥാനം ആകുന്നില്ല.
- ഡെല്‍ഹിയിലെ സംഗം വിഹാറില്‍ തനിക്ക് മൊഹല്ല ക്ലിനിക് തുടങ്ങാമെങ്കില്‍ ലക്‌നൗവിലെ ഗോമതിനഗറിലും അതിന് തടസ്സമെന്ത്.
- യു.പി.യിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നില്ല.
യോഗി ആദിത്യനാഥിനോടാണ് ചോദ്യങ്ങള്‍. മൂന്നു തവണ ഡെല്‍ഹിയിലെ ജനം തന്നെ ആംആദ്മിയെ തിരഞ്ഞെടുത്തു. 2022-ല്‍ യു.പി.യില്‍ വ്യാപകമായി സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഡെല്‍ഹിയിലെ വികസനം യു.പി.യില്‍ കൊണ്ടുവരും.