കര്‍ണാടകത്തില്‍ ഇനി പശുക്കളെ കൊല്ലുന്നത് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുവര്‍ഷം വരെ പിഴയും കിട്ടാവുന്ന കുറ്റമാക്കി. പശുക്കള്‍, കിടാങ്ങള്‍, എരുമകള്‍ എന്നവയുടെ കശാപ്പ് ആണ് നിരോധിച്ചത്. അതേസമയം 12 വയസ്സിന് മേല്‍ പ്രായമുള്ളതോ പ്രജനനത്തിന് ഉപയോഗിക്കാത്തതോ ആയ കാളകള്‍, പോത്തുകള്‍ എന്നിവയുടെ കശാപ്പിന് അനുമതിയുണ്ടാവും.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കര്‍ണാടക നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കി . പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് വാക്കൗട്ട് നടത്തി. കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്‌ളോട്ടര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് കാറ്റില്‍ ബില്‍-2020 എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് കര്‍ണാടകയുടെ നിയമ നിര്‍മാണ കൗണ്‍സില്‍ പാസാക്കുകയും ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ നിയമമാകും.
സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിക്കുക, പശുക്കടത്ത്, പശുക്കളെ ഉപദ്രവിക്കല്‍, പശു കശാപ്പ് തുടങ്ങിയവയ്ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതുമാണ് ബില്‍ എന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
നിയമം ലംഘിക്കുന്നവരുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുക, കാലികളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ പോലീസിന് പരിശോധന നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്. കൂടാതെ കാലികളെ സംരക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. സഭയില്‍ വലിയ ബഹളം നടന്നതിനാല്‍ ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ പാസാക്കിയത്.