ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിരുദ്ധ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലേക്കും ജില്ലാ വികസന കൗണ്‍സിലിലേക്കാണ് എട്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്.
210 സീറ്റുകളിലെ ഫലം പുറത്തു വന്നപ്പോള്‍ 96 സീറ്റ് നേടി ഗുപ്കാര്‍ സഖ്യം മുന്നിലെത്തി. 18 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുന്നുമുണ്ട്. തൊട്ടുപിന്നില്‍ ബി.ജെ.പി.യാണ്. അവര്‍ക്ക് 56 സീറ്റുണ്ട്. അവര്‍ 15 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 18 സീറ്റ് നേടിയിട്ടുണ്ട്. ഒപ്പം ആറ് ഇടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.
അതേസമയം കാശ്മീര്‍ താഴ്‌വരയില്‍ ആദ്യമായി ബി.ജെ.പി. 3 വാര്‍ഡുകളില്‍ വിജയിച്ച് മുന്നേറ്റമുണ്ടാക്കി.
വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാത്രി 9.30-ന് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് 37 സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. ആകെ 280 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആറ് പാര്‍ടികള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപീകരിച്ച ഗുപ്കാര്‍ സഖ്യം ബി.ജെ.പി.ക്കെതിരെ മല്‍സരിക്കുകയായിരുന്നു. പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, സി.പി.എം. തുടങ്ങിയ പാര്‍ടികള്‍ ഉള്‍പ്പെടുന്നതാണ് ഗുപ്കാര്‍ സഖ്യം. കോണ്‍ഗ്രസ് ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായിരുന്നു എങ്കിലും തിരഞ്ഞെടുപ്പു സഖ്യത്തില്‍ നിന്നും പിന്‍മാറിയിരുന്നു. രാജ്യദ്രോഹികള്‍ക്കൊപ്പം കോണ്‍ഗ്രസ് ചേരുന്നു എന്ന പ്രചാരണം ബി.ജെ.പി. കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് തന്ത്രപരമായി തിരഞ്ഞെടുപ്പു സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.