നാലില്‍ നിന്നും നാല്‍പത്തെട്ടിലേക്ക് സീറ്റുകള്‍ ഉയര്‍ത്തി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരണകക്ഷിയായ ടി.ആര്‍.എസിനെ ഞെട്ടിച്ചു. ടി.ആര്‍.എസിന് പാതിയോളം സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പരസ്യമായി എടുത്തിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി.ക്കും അതിനെ അതേ നാണയത്തില്‍ നേരിട്ട അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ടിയായ എ.ഐ.എം.ഐ.എമ്മിനും നേട്ടമുണ്ടായി. കോണ്‍ഗ്രസിന് രണ്ടു സീറ്റ് മാത്രം. ഒവൈസിക്ക് കഴിഞ്ഞ തവണ കിട്ടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ ടി.ആര്‍.എസിന് കഴിഞ്ഞ തവണ കിട്ടിയ 99-ല്‍ നിന്നും ഇപ്പോള്‍ 55 ആയി കുറഞ്ഞു. ബി.ജെ.പി.ക്ക് കഴിഞ്ഞ തവണ കിട്ടിയത് വെറും 4 സീറ്റ് ആയിരുന്നു. ഇത്തവണ 48 കിട്ടി.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ഹൈദരാബാദിലെത്തി കടുത്ത വിദ്വേഷ പ്രസംഗങ്ങളായിരുന്നു നടത്തിയിരുന്നത്. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗരം എന്നാക്കി മാറ്റും എന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. നഗരങ്ങളുടെ പേരു മാറ്റുന്നതില്‍ ചാമ്പ്യനായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തന്റെ സംസ്ഥാനത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയ ആളാണ്.
അസദുദ്ദീന്‍ ഒവൈസിയാകട്ടെ ഹിന്ദുത്വ പ്രചാരവേലയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന പ്രചാരണവും നടത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ലീഡ് നില ഇതാണ്…
ആകെ സീറ്റ്—150
ടി.ആര്‍.എസ്.—55
ബി.ജെ.പി.—48
എ.ഐ.എം.ഐ.എം.( ഒവൈസി)—44
കോണ്‍ഗ്രസ്—2
ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ പോലും കാമ്പയിന് ഇറങ്ങുകയും തീവ്ര ഹിന്ദുത്വപ്രചാരണം നടത്തുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഹൈദരാബാദിലെത്. ബി.ജെ.പി.യുടെ അഭിമാനവിഷയമായി മാറിയ ഇലക്ഷന്‍. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗരം എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹൈദരാബാദ് കോര്‍പ്പറേഷന്‍ ബി.ജെ.പി. ഭരിക്കുമെന്നും പാര്‍ടി പ്രഖ്യാപിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു.
രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി. പ്രതീക്ഷ വല്ലാതെ ഉയര്‍ന്നു. പത്തുമണിയോടെ 70 വാര്‍ഡുകളില്‍ അവര്‍ക്ക് ലീഡ് ഉണ്ടായിരുന്നു. തെലങ്കാന ബി.ജെ.പി.ക്കനുകൂലമായി മാറുകയാണെന്ന് ബി.ജെ.പി. പ്രതികരണം ഉണ്ടായി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ നടി ഖശ്ബു ഉള്‍പ്പെടെ ആഹ്‌ളാദപ്രതികരണം നടത്തുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ടിയായ എ.ഐ.എം.ഐ.എം. അതിന്റെ ലീഡ് ഉയര്‍ത്താന്‍ തുടങ്ങുകയും ചെയ്തു.
എങ്കിലും ബി.ജെ.പി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ വളരെ വലിയ ലീഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 2016-ലെ തിരഞ്ഞെടുപ്പില്‍ വെറും നാല് വാര്‍ഡുകളില്‍ മാത്രമാണ് ബി.ജെ.പി. വിജയിച്ചിരുന്നത്.
2016-ലെ ഫലം ഇങ്ങനെയായിരുന്നു
ടി.ആര്‍.എസ്.—-99
എ.ഐ.എം.ഐ.എം.—-44
ബി.ജെ.പി. —-4
കോണ്‍ഗ്രസ് —-2
ടി.ഡി.പി. —-1്
ടി.ആര്‍.എസ്. 100 സീറ്റില്‍ ഇത്തവണ വിജയിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രാവിലെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ അവര്‍ക്ക് കിട്ടിയത് 99 സീറ്റുകളായിരുന്നു.