്
ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്നിനെ വ്യാജ ആരോപണങ്ങളില്‍ കുരുക്കി അപമാനിക്കാന്‍ നീക്കം. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ ബംഗാളികള്‍ പ്രതികരിക്കണമെന്ന രീതിയില്‍ അമര്‍ത്യസെന്‍ പ്രതികരിക്കുന്നതിന്റെ പ്രത്യാഘാതമാണ് സെന്നിനെതിരായ നീക്കങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. ബിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഭൂമി കൈവശപ്പെടുത്തി എന്നതാണ് ആരോപണം.
സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച് തിരിച്ചുപോയതിനു തൊട്ടു പിറകെ സര്‍വ്വകാലാശാലാ വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒരു കത്തെഴുതി. ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ അമര്‍ത്യ സെന്‍ വിശ്വഭാരതിയുടെ 5500 ചതുരശ്ര അടി ഭൂമി കയ്യേറി കൈവശം വെച്ചിരിക്കുന്നു അതിനെതിരായി നടപടി സ്വീകരിക്കണം-ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
വിശ്വഭാരതി വി.സി.യുടെ കത്ത് കിട്ടിയതിനെത്തുടര്‍ന്ന് മമത ബാനര്‍ജി അമര്‍ത്യസെന്നിന് എഴുതിയ കത്ത് ബംഗാളിലെ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആ കത്ത് സ്വയം സംസാരിക്കുന്ന കാര്യങ്ങള്‍ അമര്‍ത്യയ്‌ക്കെതിരായ ആക്ഷേപങ്ങളെല്ലാം റദ്ദു ചെയ്യുന്നുണ്ട്. ടാഗോറിന്റെ ലോകപ്രസിദ്ധമായ ശാന്തി നികേതനുമായുള്ള അമര്‍ത്യാസെന്‍ കുടുംബത്തിന്റെ പുരാതനവേരുകള്‍ എല്ലാം മമത അതില്‍ എടുത്തു പറയുന്നു. ‘ താങ്കളുടെ മുത്തച്ഛന്‍ ക്ഷിതിമോഹന്‍ സെന്‍ ശാന്തി നികേതനിലെ വിദ്യാര്‍ഥിയായിരുന്നല്ലോ. അതു പോലെ താങ്കളുടെ പിതാവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന അശുതോഷ് സെന്‍ എണ്‍പത് വര്‍ഷം മുമ്പ് ശാന്തി നികേതനില്‍ അദ്ദേഹത്തിന്റെ വീട് പണിതു.. താങ്കളുടെ കുടുംബം ആകെ ശാന്തി നികേതന്റെ സംസ്‌കാരവുമായി ഇഴചേര്‍ന്നിരിക്കുന്നു.’–മമതാ ബാനര്‍ജി തന്റെ കത്തില്‍ കുറിച്ചിരിക്കുന്നു.
അമര്‍ത്യയുടെ പിതാവിന്റെ വീട് തന്നെ ശാന്തിനികേതനിലാണ്. അമര്‍ത്യ കൈവശപ്പെടുത്തിയെന്ന് വിശ്വാഭാരതി വി.സി. ആരോപിക്കുന്ന ഭൂമിയുടെ പത്തിരട്ടി ഭൂമി ശാന്തിനികേതനില്‍ അമര്‍ത്യയുടെ പിതാവിന്റെ പേരില്‍ ഉള്ളതാണ്. ഈ 87-ാം വയസ്സിലാണ് അമര്‍ത്യസെന്‍ ഭൂമി കയ്യേറിയെന്ന ആക്ഷേപം കൊണ്ടുവരുന്നത.്
ബി.ജെ.പി.യുടെ ആജ്ഞാനുവര്‍ത്തിയായ വൈസ് ചാന്‍സലര്‍ ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത പരാതിയുടെ പിന്നിലുള്ളത് അമര്‍ത്യയോട് ബി.ജെ.പി.ക്കുള്ള കടുത്ത വിദ്വേഷമാണ്. അടുത്ത കാലത്ത് അമര്‍ത്യ നടത്തിയ വര്‍ഗീയവിരുദ്ധ പരാമര്‍ശങ്ങള്‍ ബംഗാളിലെ സംഘപരിവാര്‍ താല്‍പര്യങ്ങളെ തടയുന്നതായിരുന്നു.
അമര്‍ത്യ സെന്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ കടുത്ത വിമര്‍ശകനാണ്. ഹിന്ദു-മുസ്ലീം വിഭജനം സൃഷ്ടിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ അമര്‍ത്യ പ്രതികരിക്കാറുണ്ട്. മതവര്‍ഗീയത കൊണ്ട് ബംഗാള്‍ മുമ്പ് ഒരുപാട് സഹിക്കേണ്ടിവന്നിട്ടുണ്ടെന്ന് അമര്‍ത്യ പറഞ്ഞു. ടാഗോറും സുഭാഷ് ചന്ദ്രബോസും ഈശ്വരചന്ദ്ര വിദ്യാസാഗറും വിവേകാനന്ദനും ആഗ്രഹിച്ചത് ബംഗാളികളുടെ ഒരുമയ്ക്കു വേണ്ടി ആഗ്രഹിച്ചവരാണ്. അതിനെതിരായ ഒരു നീക്കവും ഉണ്ടായിക്കൂടാ. ബംഗാളി സംസ്‌കാരം നിലനിര്‍ത്തുകയും പിന്തുണയ്ക്കുകയും വേണം–അമര്‍ത്യസെന്‍ ബി.ജെ.പി.യുടെ മതവിഭജനരാഷ്ട്രീയത്തിനെതിരെ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ദിവസങ്ങളുടെ മൗനത്തിനു ശേഷം അമര്‍ത്യ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. തനിക്കെതിരെ തെറ്റായ വിവരം വെച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തെഴുതിയ വൈസ് ചാന്‍സലര്‍ തനിക്ക് ഇതു വരെ ഒരു കത്ത് തരികയോ ഭൂമി തിരികെ നല്‍കണം എന്ന് തന്നോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്ന് അമര്‍ത്യ പരിഹസിച്ചു. തന്റെ പിതാവിന്റെ തന്നെ വീടും സ്ഥലവുമാണ് വിശ്വഭാരതിയിലുള്ളത്. അതെങ്ങനെ താന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാവും എന്ന് അമര്‍ത്യ പ്രതികരിച്ചു.
ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടയുടെ ഏറ്റവും പുതിയ കേന്ദ്രമാണ് ബംഗാള്‍. സംസ്ഥാനഭരണം എങ്ങിനെയും പിടിക്കുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം. മിഷന്‍ ബംഗാള്‍ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നാല് മാസം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്.
മിഷന്‍ ബംഗാളിന് തുടക്കമിട്ട് രണ്ടു ദിവസത്തെ പര്യടനം അമിത് ഷാ പൂര്‍ത്തിയാക്കിയത് ഡിസംബര്‍ രണ്ടാംവാരത്തിലാണ്. ശ്രീരാമകൃഷ്ണ മഠത്തില്‍ നിന്നാണ് പ്രാര്‍ഥനയോടെ പര്യടനം തുടങ്ങിയത്. പര്യടനത്തിന്റെ ഭാഗമായി ഒരു റോഡ് ഷോ നടത്തി മമതാബാനര്‍ജിയെ ഭ്രമിപ്പിക്കാനും ഷാ മറന്നില്ല. റോഡ് ഷോയ്ക്ക് തിരഞ്ഞെടുത്ത സ്ഥലവും തന്ത്രപ്രധാനമായിരുന്നു. ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന ബോല്‍പൂരിലായിരുന്നു അമിത്ഷായുടെ റാലി. എട്ട് കേന്ദ്രമന്ത്രിമാര്‍ക്കാണ് ബംഗാളിന്റെ പ്രചാരണച്ചുമതല നല്‍കിയിരിക്കുന്നത്. 294 സീറ്റുള്ള പശ്ചിമബംഗാള്‍ നിയമസഭയില്‍ 200 സീറ്റ് നേടുമെന്നാണ് ബി.ജെ.പി. അവകാശവാദം.
ഈ സാഹചര്യത്തിലാണ് ബംഗാളികള്‍ അത്യധികം വിലമതിക്കുന്ന അമര്‍ത്യാസെന്നിന്റെ പ്രതികരണങ്ങള്‍ വരുന്നത്. ഇത് ബി.ജെ.പി.യെ അസ്വസ്ഥമാക്കും എന്നതില്‍ സംശയമില്ല.