ശബരിമലയുടെ കാര്യം ഓര്‍മിപ്പിച്ച് ഹിന്ദുവിശ്വാസികളുടെ വോട്ട് നേടാന്‍ ്തിരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി.യുടെ തന്ത്രം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിക്കുകയാണ് ലക്ഷ്യം. സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇറക്കിയ ശബരിമല പോസ്റ്റര്‍ പരമ്പര ഇടതുപക്ഷത്തിനെതിരായി വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ടാണ്. എന്നാല്‍ തിരഞ്ഞെടുപ്പു ചട്ടത്തിന് എതിരാവാതിരിക്കാന്‍ പോസ്റ്ററില്‍ എവിടെയും ബി.ജെ.പി.യുടെ ഏതെങ്കിലും അടയാളമോ വിലാസമോ ഉപയോഗിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ്
ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു മുമ്പ് ഓര്‍ക്കണം ആ മണ്ഡലക്കാലം എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പോസ്റ്ററുകളിലെ വാചകം.
2018-ല്‍ ശബരിമല സമരം നടത്തിയ ബി.ജെ.പി.യെ അതിനു തൊട്ടുപിറകെ 2019-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും പിന്തുണയ്ക്കാന്‍ കേരളത്തിലെ വിശ്വാസി സമൂഹം തയ്യാറായില്ല എന്നിരിക്കെ പാളിപ്പോയ സമരതന്ത്രം ഒരിക്കല്‍ കൂടി ഉപയോഗിച്ച് വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിയുമോ എന്നാണ് തിരുവനന്തപുരത്ത് സംഘപരിവാറിന്റെ ശ്രമം.
ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച് 2018 സപ്തബംര്‍ 28 സുപ്രീംകോടതി പ്രസ്താവിച്ച വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് വിശ്വാസികളെ രണ്ടു തട്ടായി തിരിച്ചിരുന്നു. ആര്‍.എസ്.എസ്സ് യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബി.ജെ.പി. നേതാക്കളും യുവതീപ്രവേശനത്തിനായി അനുകൂല നിലപാട് എടുത്തു. എന്നാല്‍ ഇടതു സര്‍ക്കാരിനെതിരായ വികാരം ജ്വലിപ്പിക്കാന്‍ പറ്റുമെന്നതിനാല്‍ സംഘപരിവാര്‍ ഒറ്റ നിമിഷം കൊണ്ട് നിലപാട് മാറ്റുകയും ആര്‍.എസ്.എസും ബി.ജെ.പിയും സമരമാരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മണ്ഡല-മകര വിളക്കു കാലം സംഘര്‍ഷഭരിതമായി. 2019 ജനവരി രണ്ടാംതീയതി പുലര്‍ച്ചെ ബിന്ദു അമ്മിണി, തങ്കം കല്യാണി എന്നീ രണ്ടു യുവതികള്‍ രഹസ്യമായി സന്നിധാനത്തില്‍ ദര്‍ശനം നടത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഒടുവില്‍ പൊലീസിന് യുവതീപ്രവേശനം പൂര്‍ണമായും തടഞ്ഞ് ഭക്തരെ പ്രവേശിപ്പിക്കേണ്ടിവന്നു.
2019-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല സമരം ബി.ജെ.പി.ക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്ന് നേതാക്കള്‍ വിശ്വസിച്ചു. 13 സീറ്റുകളില്‍ വരെ വിജയം ഉണ്ടാകുമെന്ന് സ്വപ്‌നം കണ്ടു. എന്നാല്‍ ശബരിമല സമരത്തിന് തട്ടകമായി മാറിയ പത്തനംതിട്ട ജില്ലയില്‍ പോലും ജയിക്കാന്‍ ബി.ജെ.പി.ക്ക് സാധിച്ചില്ല. കോണ്‍ഗ്രസ് മുന്നണി 19 സീറ്റില്‍ വിജയിച്ച് വന്‍ അട്ടിമറി നടത്തി. ശബരിമല സമരം പ്രതികൂലമായി ബാധിച്ചത് ഇടതുപക്ഷത്തെ ആയിരുന്നു. തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇടതുപക്ഷം അതീവ ശ്രദ്ധ കാണിച്ചെങ്കിലും സി.പി.എമ്മിലെ ഉള്‍പ്പെടെ വിശ്വാസികള്‍ അമര്‍ഷവോട്ടുകള്‍ ചെയ്ത് ഇടതുപക്ഷത്തെ പാഠം പഠിപ്പിച്ചു എന്ന് പിന്നീട് തെളിഞ്ഞു.
കേരളത്തില്‍ ബി.ജെ.പി. ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഒന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുക എന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ മുന്നേറ്റം നടത്ത്ിയിരുന്നു. നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടുപോയ 25-ഓളം വാര്‍ഡുകള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. അത് ഇത്തവണ പിടിക്കാനാണ് നീക്കം. 100 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുപക്ഷത്തിന് 42, ബി.ജെ.പി.ക്ക് 34, കോണ്‍ഗ്രസിന് 21 എന്നിങ്ങനെയാണ് നിലവില്‍ കൗണ്‍സിലര്‍മാര്‍.