അരുണാചല്‍ പ്രദേശില്‍ ജെ.ഡി.യു.വിന്റെ ആറ് എം.എല്‍.എ.മാരെ ബി.ജെ.പി. റാഞ്ചിയതിനെത്തുടര്‍ന്ന് ബിഹാറില്‍ ജെ.ഡി.യു.-ബി.ജെ.പി. സഖ്യത്തില്‍ വലിയ വിള്ളല്‍ വീണിരിക്കയാണ്. ബി.ജെ.പി. തന്നെ ചതിക്കുകയാണെന്ന് നിതീഷ്‌കുമാര്‍ ചിന്തിക്കുന്നുണ്ട്. ഇതോടൊപ്പം പ്രതിപക്ഷമായ ആര്‍.ജെ.ഡി. കൂടുതല്‍ നീക്കങ്ങളിലൂടെ നിതീഷിന്റെ ഭരണം അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. നിതീഷ്‌കുമാര്‍ ബി.ജെ.പി. സഖ്യം വിടുമെന്ന അഭ്യൂഹം ശക്തമാണ്.
അതേസമയം നിതീഷിനെ വിട്ട് ആര്‍.ജെ.ഡി.യിലേക്കു വരാന്‍ 17 എം.എല്‍.എ.മാര്‍ തയ്യാറാണെന്ന് ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ശ്യാം രജക് പ്രസ്താവിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ 17 എം.എല്‍.എ.മാര്‍ വന്നാല്‍ അത് കൂറുമാറ്റത്തിന്റെ പരിധിയില്‍ വരും. ജെ.ഡി.യുവിന് 43 എം.എല്‍.എ.മാരുണ്ട്.
26 എം.എല്‍.എ.മാര്‍ ഒരുമിച്ച് വന്നാല്‍ മാത്രമാണ് കൂറുമാറ്റനിയമം ബാധകമാകാതിരിക്കുക. അതിനായി കാത്തിരിക്കുകയാണ് തങ്ങള്‍ എന്നാണ് ശ്യാം രജക് പറയുന്നത്.
എന്നാല്‍ കൂറുമാറ്റ വാര്‍ത്ത ജെ.ഡി.യു. നിഷേധിച്ചിട്ടുണ്ട്.
അതേസമയം ബി.ജെ.പി. നേരത്തെ തന്നെ തങ്ങളുടെ സീറ്റുകള്‍ കുറയ്ക്കാനായി ചിരാഗ് പാസ്വാനെ കറുത്ത കുതിരയായി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്നു എന്നും അരുണാചലില്‍ സ്വന്തം സഖ്യകക്ഷിയെത്തന്നെ കാലമാറ്റി ബി.ജെ.പി.യിലേക്ക് ചേര്‍ത്തത് വഞ്ചനയാണെന്നും ജെ.ഡി.യു. പറയുന്നുണ്ട്.