ജനുവരിയില്‍ പുതിയ രാഷ്ട്രീയപാര്‍ടി പ്രഖ്യാപിക്കാന്‍ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഒരുങ്ങുമ്പോള്‍ അത് ഒട്ടും യാദൃച്ഛികമല്ല. എത്രയോ വര്‍ഷമായി ആളുകള്‍ കാത്തിരുന്ന ഒരു പ്രഖ്യാപനം ആയിരുന്നു അത്.
കരുണാനിധിയും ജയലളിതയും തമിഴകത്തു നിന്നും ഇല്ലാതായതോടെ താര ആരാധനയില്‍ അധിഷ്ഠിതമായ വോട്ടുരാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. ഈ വിടവ് നികത്തി, ആ ഇടം പിടിച്ചെടുത്ത് ഭരണശക്തിയാവുക എന്നതാണ് രജനിയുടെ പ്രായോഗിക രാഷ്ട്രീയം എന്നതാണ് സത്യം.
എന്നാല്‍ എന്താണ് രജനി വിഭാവനം ചെയ്യുന്ന രാഷ്ട്രീയം എന്നത് മാത്രം ഒരു ഗോസിപ്പായി നിലനിന്നു. രജനി പ്രവചനങ്ങള്‍ക്ക് പിടികൊടുത്തില്ല. ബി.ജെ.പി.ക്കൊപ്പം ചേരുന്ന രാഷ്ട്രീയമാണ് രജനി കൊണ്ടുവരാന്‍ പോകുന്നത് എന്ന് അദ്ദേഹം പലപ്പൊഴും തോന്നിപ്പിച്ചു. 2004-ല്‍ തന്റെ വോട്ട് ബി.ജെ.പി.ക്കാണെന്ന് രജനി പറഞ്ഞു. (2002-ലാണ് അദ്ദേഹത്തിന്റെ ബാബ എന്ന സിനിമ വന്നത് എന്നത് ഓര്‍ക്കുക.) അതിനും മുമ്പ് 1996-ല്‍ അദ്ദേഹം അണ്ണാ ഡി.എം.കെ.ക്കെതിരെയും ജയലളിതയ്‌ക്കെതിരെയും സംസാരിച്ചു. 1998-ല്‍ രജനി കോണ്‍ഗ്രസ് നേതാവ് ജി.കെ.മൂപ്പനാരെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന പൗരത്വനിയമ വിരുദ്ധ സമരത്തിനെതിരെ പ്രതികരിച്ച് രജനി താന്‍ ബി.ജെ.പിക്ക് ഒപ്പമാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയപ്രവാചകരെ അദ്ദേഹം മിക്കപ്പോഴും കബളിപ്പിച്ചു. ഏറ്റവും ഒടുവില്‍ അമിത്ഷാ ചൈന്നൈയില്‍ വന്നപ്പോള്‍ രജനി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. തിരുവള്ളുവരുടെ പ്രതിമയെ അവഹേളിക്കാനുള്ള ശ്രമത്തിനെതിരെ നേരത്തെ രജനി രംഗത്തു വന്നതും ഓര്‍ക്കേണ്ടതുണ്ട്.
അതേസമയം താന്‍ ഉദ്ദേശിക്കുന്നത് ആത്മീയ രാഷ്ട്രീയം ആണെന്ന് തുറന്നു പറഞ്ഞതിലൂടെ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് ചില പ്രലോഭനങ്ങള്‍ നല്‍കാനും രജനി മറന്നില്ല എന്നത് ഓര്‍ക്കണം. തമിഴ് രാഷ്ട്രീയത്തിന്റെ അടിക്കല്ല് തനി ദ്രാവിഡ രാഷ്ട്രീയമാണ്. തന്തൈ പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ സവര്‍ണവിരുദ്ധ രാഷ്ട്രീയമാണത്. അത് തമിഴ്‌നാട്ടുകാരുടെ വൈകാരിക ജനിതകത്തിന്റെ ഭാഗമാണ്. അതാണ് ഇപ്പോള്‍ രജനികാന്ത് പുനര്‍നവീകരിക്കാന്‍ പോകുന്നത്. അതിന് സാധിക്കുമോ. ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തിന്റെ ആധിപത്യം ഉണ്ട്. ഇതിന് നേര്‍വിപരീതമാണ് തമിഴനാടിന്റെ ദ്രാവിഡ രാഷ്ട്രീയം. പക്ഷേ ജയലളിതയെപ്പോലെയുള്ള നേതാക്കള്‍ ബി.ജെ.പി.യെ സ്വന്തം സഖ്യത്തില്‍ ആനയിച്ച് ദ്രാവിഡാധികാരത്തിന്റെ പീഠത്തില്‍ ഇടം കൊടുത്തു എന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്.
രജനീകാന്തിന്റെ ആത്മീയത അദ്ദേഹം രണ്ടു സിനിമകളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്..1982ല്‍ പുറത്തുവന്ന രാഗവേന്തര്‍-ലൂടെയും കൃത്യം രണ്ടുപതിറ്റാണ്ടിനു ശേഷം വന്ന ബാബ-യിലൂടെയും. ബാബയിലെ യോഗിയുടെ വേഷത്തില്‍ രജനീകാന്തിന്റെ സാമൂഹിക-രാഷ്ട്രീയ സങ്കല്‍പങ്ങളുടെ ആദ്യ കിരണങ്ങള്‍ ഇന്ന് ദര്‍ശിക്കുന്നവരുണ്ട്. അതെന്തായാലും തന്റെ ആത്മീയ രാഷ്ട്രീയം ദ്രാവിഡമണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരിറക്കാനുള്ള വളവും വെള്ളവും നല്‍കലായി മാറും എന്ന ആശങ്ക രജിനീകാന്തിന് ഉണ്ടോ എന്നതാണ് ഇനിയും വെളിപ്പെടേണ്ട കാര്യം.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചയാകുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം..
- ആത്മീയ രാഷ്ട്രീയം എന്ന മുഖംമൂടിക്കപ്പുറത്ത് രജനിയും ലക്ഷ്യമിടുന്നത് അധികാരം പിടിച്ചടക്കുക എന്ന പരമ്പരാഗത രാഷ്ട്രീയം തന്നെയാണ്. ഒരു മൂന്നാം മുന്നണിയിലൂടെ തമിഴ്‌നാട് ഭരണം നേടുക എന്നതുതന്നെ രജനിക്കും പറയാനുള്ളത്. ഭരണം പിടിക്കും എന്നത് ലക്ഷ്യമാകുമ്പോള്‍ വിട്ടുവീഴ്ചാരാഷ്ട്രീയത്തിന്റെ ചളിക്കുഴിയില്‍ വീഴുന്ന മറ്റൊരു പാര്‍ടി എന്നതിലപ്പുറം രജനിയുടെ പാര്‍ടിയുടെ ഭാവി പ്രസക്തി എന്ത് എന്നത് ചോദ്യമാണ്.
- രജനിക്ക് ഇപ്പോള്‍ വയസ്സ് 70. നേരത്തെ കിഡ്‌നി മാറ്റിവെക്കലിന് വിധേയനായിട്ടുണ്ട്. ആരോഗ്യകാര്യത്തില്‍ അദ്ദേഹം ഉല്‍കണ്ഠാകുലനാണെന്ന് നവംബര്‍ 30-ന് വിളിച്ചു ചേര്‍ത്ത രജിനീ മക്കള്‍ മന്റം യോഗത്തില്‍ പ്രകടം. ഡോക്ടര്‍മാര്‍ രജനിയുടെ രാഷ്ട്രീയപ്രവേശം വിലക്കുകയാണ്. ഒരു പുതിയ പാര്‍ടി രൂപീകരിച്ച് അത് പെട്ടെന്ന് തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാസീറ്റുകളിലും മല്‍സരിക്കാന്‍ പുറപ്പെടുമ്പോള്‍ നേതാവിന് കഠിനമായി അധ്വാനിക്കേണ്ടിവരും. രജനിയുടെ ആരോഗ്യം അത് അനുവദിക്കുമോ എന്നത് ഒരു പ്രശ്‌നമാണ്.
- എം.ജി.ആര്‍ പാര്‍ടി പ്രഖ്യാപിച്ചിട്ട് തമിഴകത്തിന്റെ 30 ശതമാനം വോട്ട് എളുപ്പം നേടി എന്നതാണ് ചരിത്രം ചൂണ്ടിക്കാണിച്ച് രജനിയെ ആരാധകര്‍ ഉത്തേജിപ്പിക്കുന്നത്. 15 ശതമാനം വോട്ടെങ്കിലും ഇപ്പോള്‍ത്തന്നെ ഒറ്റയടിക്ക് നേടാം എന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസം മാത്രമാണ് ബാക്കി. എം.ജി.ആര്‍. രാഷ്ട്രീയത്തില്‍ വന്ന് ഏതാനും വര്‍ഷം കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് വന്നതും മല്‍സരിച്ചത്. അത്രയും സമയം അദ്ദേഹത്തിന് തന്റെ പ്രവര്‍ത്തനത്തിലൂടെ സ്വയം തെളിയിക്കാന്‍ സാധിച്ചിരുന്നു, അതിനുള്ള സാവകാശം കിട്ടിയിരുന്നു.
- താരങ്ങളുടെ പ്രഭ ഇല്ലെങ്കിലും തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഇരുമുന്നണികളും അത്യാവശ്യം മിടുക്കരായ നേതാക്കളാല്‍ തന്നെയാണ് നയിക്കപ്പെടുന്നത്. എടപ്പാടി പളനിസ്വാമി ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായി വന്നപ്പോള്‍ ഒരു താരപ്രഭയും ഇല്ലായിരുന്നു. എന്നാല്‍ അത്യാവശ്യം നന്നായി ഭരിക്കുന്നതിന് അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഡി.എം.കെ. നേതാവായ എം.കെ.സ്റ്റാലിന് ആകെയുള്ള ഭരണപരിചയം അദ്ദേഹം ചെന്നൈ മേയര്‍ ആയിരുന്നു എന്നതാണ്. എങ്കിലും സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ ശക്തനായ നേതാവായി വന്നുകഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ മറ്റൊരു നേതാവിന് പെട്ടെന്ന് ഇവരെ മറികടന്ന് വിശ്വാസം സ്ഥാപിക്കാന്‍ കഴിയുമോ എന്നത് ചോദ്യമാണ്.
- രജനികാന്ത് മാത്രമല്ല ഇപ്പോള്‍ താരരാഷ്ട്രീയവേദിയിലുള്ളത്. കമലഹാസന്‍, വിജയകാന്ത് എന്നിവരും തിരഞ്ഞെടുപ്പു ഗോദയിലുണ്ടാവും. ഇവര്‍ ഇപ്പോള്‍ ഇരു മുന്നണിയുടെയും ഭാഗമല്ല.
- 234 സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയില്‍. അഞ്ച് മാസത്തിനകം തിരഞ്ഞെടുപ്പാണ്. ജനവരിയില്‍ പാര്‍ടിയുണ്ടാക്കി ഇതില്‍ ഭൂരിപക്ഷം ഇടത്ത് ജയിക്കാന്‍ രജനിക്ക് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.