Categories
opinion

മരണ ഒസ്യത്തെഴുതി ആക്ടീവിസ്റ്റ് മൈത്രേയന്‍… മരണത്തിന്റെ കാലൊച്ച കേട്ടു തുടങ്ങി… മരിക്കാറായെങ്കില്‍ മരിപ്പിക്കാനും മടിക്കേണ്ടതില്ല

നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാൻ അതിനാൽ ഇനി എന്നെക്കാളും ജീവിച്ചിരിക്കാൻ മറ്റൊരാൾക്കാണ് കൂടുതൽ അവകാശം, അക്കാരണത്താൽ അവയവങ്ങൾ എടുക്കാൻ മടിക്കേണ്ട. ഈ പ്രപഞ്ചത്തിനോട് എന്നും കടപ്പെട്ടവനാണെന്ന എൻ്റെ അറിവ് മറ്റൊരാൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുവാൻ ഒരു മടിയും തോന്നിപ്പിക്കുന്നില്ല. അയതിനാൽ ദയാമരണം വരിക്കുവാൻ എന്നെ സഹായിക്കുക

Spread the love
മൈത്രേയന്‍, ഡോ. ഏ.കെ. ജയശ്രീ, മകള്‍ കനി കുസൃതി

മരണത്തിന്റെ കാലൊച്ച താന്‍ കേട്ടു തുടങ്ങിയെന്ന് പ്രമുഖ ആക്ടീവിസ്റ്റ് മൈത്രേയന്റെ ‘ആസന്നമരണ ചിന്ത’. സാമൂഹ്യമാധ്യമങ്ങളില്‍ ഡിസംബര്‍ അഞ്ചാം തീയതി വെച്ചെഴുതിയ ദീര്‍ഘമനോഹരമായ കത്തിലാണ് മൈത്രേയന്‍ തന്റെ ചിന്തകള്‍ പങ്കുവെക്കുന്നത്. തനിക്ക് 68 വയസ്സായി. ഓരോ നിമിഷവും ആസ്വദിച്ച്, അതീവ രസകരമായി ജീവിച്ചു കഴിഞ്ഞിരിക്കുന്നു ഇതുവരെ. മരണം അടുത്തെത്തിയിരിക്കുന്നു. അതിനാല്‍ മരിച്ചാല്‍ എന്തുചെയ്യണം എന്ന് പറയുകയാണ്. അപകടം പറ്റി മരിക്കയാണെങ്കില്‍ ഉപയോഗയോഗ്യമായ എല്ലാ അവയവവും എടുത്തോളണം. മാരകരോഗമോ അപകടമോ സംഭവിച്ച് മരണസാധ്യത വലുതാണെങ്കില്‍ എന്നെ മരണത്തിന് വിട്ടുകൊടുത്തേക്കുക. വെന്റിലേറ്ററും ഉപകരണങ്ങളുമൊന്നും വേണ്ട്. രോഗിയായി കിടക്കുകയാണെങ്കില്‍ വേദനസംഹാരി തന്ന് മയക്കി വേദന അറിയാതെ കിടത്തുക. പാഴ്‌ച്ചെലവുണ്ടാക്കി ചികില്‍സിക്കരുത്. മരിച്ചാല്‍ ഒരു കമ്പ് മരം പോലും
കത്തിച്ച് പാഴാക്കി ദഹിപ്പിക്കരുത്. പെട്ടിയിലടക്കരുത്. സൂക്ഷ്മ ജീവികള്‍ക്ക് തിന്നാന്‍ സൗകര്യത്തിന് കുഴിച്ചിടുക. ഒരു മരമെങ്കിലും നടുക. മറ്റു ജീവികളെ തിന്നു ജീവിച്ച തന്റെ ശരീരം നിലവിലുള്ള ജീവികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മൈത്രേയന്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം :

thepoliticaleditor

പ്രിയമുള്ളവരേ,

ഇന്ന് എനിക്ക് 68 വയസ്സ് തികയുകയാണ്, എങ്ങനെ ഇത്ര പെട്ടെന്ന് 68 വയസ്സായി എന്ന് അത്ഭുതം കൂറി ഞാനിരിക്കുകയാണ്. ഇല്ല, കൊതി തീർന്നട്ടില്ല, അത്രയും അഗാധമായി, തീവ്രമായി ഞാൻ ഈ ജീവിതത്തെ സ്നേഹിക്കുന്നു. ഈ നക്ഷത്രങ്ങളെ, സൂര്യനെ, ചന്ദ്രനെ, ഭൂമിയെ, വനങ്ങളെ, മലകളെ, കടലിനെ, പുഴകളെ, പറവകളെ, പുഴുക്കളെ, പുല്ലുകളെ, പൂമ്പാറ്റകളെ, മൃഗങ്ങളെ, കുട്ടികളെ, കൂട്ടുകാരെ, എൻറ്റിണകളെ എല്ലാം ഞാൻ അത്ര കണ്ടു സ്നേഹിക്കുന്നു. മരിക്കാൻ അൽപ്പവും ഇഷ്ടമില്ല. എനിക്കുശേഷം ജീവിച്ചിരിക്കുന്ന എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ്. ഇത്ര സുന്ദരമായ ജീവിതമെന്ന ഈ അനുഭവമല്ലാതെ മറ്റൊരു അനുഭവവും ഈ പ്രപഞ്ചത്തിലില്ല എന്ന എൻ്റെ അറിവ് എൻ്റെ നഷ്ടബോധത്തിനും അസൂയയ്ക്കും ആഴമേറ്റുന്നു. എനിക്ക് വയസ്സാകേണ്ട, മരിക്കേണ്ട, എനിക്ക് ജീവിച്ചിരിക്കാൻ മാത്രമാണ് ഇഷ്ടം, കൂട്ടുകാരെ…:( ജീവിച്ചിരിക്കാനുള്ള കൊതി എൻ്റെ കണ്ണുനിറയ്ക്കുന്നു.

മനുഷ്യർ ഇനി എന്തെല്ലാം കണ്ടുപിടിക്കും!! ഗോളാന്തര യാത്രകൾ സാധാരണമാകും കടലിന്നടിയിൽ മീനുകളെപോലെ ജീവിക്കും സുന്ദരമായ സിനിമകൾ എടുക്കും നല്ല നല്ല പാട്ടുകൾ ഉണ്ടാക്കും പുത്തൻ രുചികളുള്ള കറികൾ കണ്ടുപിടിക്കും ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും വയസ്സന്മാർക്കുവേണ്ടി അതിർത്തികളിൽ ജീവിതം തുലക്കാതെ തേരാപാരാ കളിച്ചുനടക്കും പ്ലാസ്റ്റിക്കിൻ്റെ കഴിവും എന്നാൽ അത്രകണ്ട് അപകടവുമില്ലാത്ത വസ്തുക്കൾ കണ്ടുപിടിക്കും ഭൂമിതന്നെ അതിരായ ഭരണസൗകര്യാർത്ഥമുള്ള രാജ്യങ്ങൾമാത്രം ഉണ്ടാക്കും. ജനിതക എൻജിനീയറിങ്ങ്‌കൊണ്ട് രോഗങ്ങളെ മറികടക്കും പുത്തൻ ജീവരൂപങ്ങളെ വിളയിച്ചെടുക്കും നാനോസാങ്കേതികവിദ്യകൊണ്ട് പുതുപുത്തൻ ഭൗതികവസ്തുക്കൾ നിർമ്മിച്ചെടുക്കും കൃത്രിമ ബുദ്ധികൊണ്ട് വ്യത്യസ്തതരത്തിലുള്ള റോബോട്ടുകളാൽ വിരസവും കഠിനവുമായ ജോലികളിൽ നിന്നും ജനസാമാന്യത്തെ മോചിപ്പിക്കും. ധനം ചുരുക്കം ചില കൈകളിൽ കുന്നുകൂട്ടാതെ എല്ലാവർക്കുംവേണ്ടി വിനിയോഗിക്കും ദൈനംദിന കർമ്മങ്ങളിൽ നിന്നും മോചനം നേടിയ ജനങ്ങള്‍ അവരവർക്കിഷ്ടമായ സൃഷ്ടിപ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ട് ആഹ്ളാദഭരിതരായി ജീവിക്കും. സൃഷ്ടിപരമായ പ്രവർത്തികളാൽ എല്ലാവരും പരസ്പരം സന്തോഷിപ്പിക്കും. മരണം തന്നെ ചിലപ്പോൾ ഒഴിവായിപ്പോയി എന്നും വരാം. എന്നാൽ ഇതൊക്കെ അനുഭവിക്കാതെ ഞാനാകട്ടെ മരിച്ചുപോകുകതന്നെ ചെയ്യും, നേരത്തെ ജനിച്ചതുകൊണ്ടുമാത്രം മരിച്ചുപോകും. ഇതൊക്കെ ഓർത്തു ഞാൻ എങ്ങനെ മരിക്കും!! കരയുകയേ നിവർത്തിയുള്ളു….:(

എങ്കിലും മരണത്തിൻ്റെ കാലൊച്ച ഞാൻ കേട്ടു തുടങ്ങി, അതിൻ്റെ ആശ്ലേഷത്തിലൊതുങ്ങാൻ ഞാൻ ഒരുങ്ങട്ടെ. എൻ്റെ സുഹൃത് ഡോ.സന്തോഷ് കുമാറുമായുള്ള എൻ്റെ ചർച്ചകൾ ഇത്തരമൊരു കത്തെഴുതേണ്ട സാമൂഹിക ആവശ്യത്തെക്കുറിച്ചു എനിക്ക് ബോധ്യമുണ്ടാക്കിത്തന്നു, അക്കാരണത്താൽ ഇതിവിടെ കുറിക്കുന്നു.

ഒരപകടംപറ്റി പെട്ടെന്ന് മരിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപയോഗ്യമായ ഏതവയവവും എൻ്റെ ശരീരത്തിൽ നിന്നും എടുക്കുവാൻ എതു ആശുപത്രിയിലെ ഏതു ഡോക്‌ടർക്കും എൻ്റെ ബന്ധുമിത്രാദികളോട് ചോദിക്കാതെ തന്നെ എടുക്കുവാനുള്ള അവകാശം നൽകുന്നു. കാലതാമസമൊഴിവാക്കി അവയവ നഷ്ടമുണ്ടാക്കാതെ ഉപയോഗപ്രദമാകാനാണിത് ഇങ്ങനെ എഴുതുന്നത്.

മാരകമായ രോഗമോ അപകടമോ ഉണ്ടായാൽ ഒരുതിരിച്ചുവരവിന്‌ 80% സാധ്യത മാത്രമേയുള്ളൂ എന്ന് മുന്നിൽ രണ്ട് ഡോക്ടർമാർ സമ്മതിക്കുകയാണെങ്കിൽ (ഇനി ഇതിന്റെ മുകളിൽ സൂക്ഷ്മചർച്ച ചെയ്ത് ശരി തെറ്റുകൾ കണ്ടെത്താനുള്ള ഒരു തർക്കം ആവശ്യമില്ലാ, എന്നെ മരണത്തിന് വിട്ടുകൊടുക്കുക, കൊന്നാലും കുഴപ്പമില്ല, ഞാൻ ജീവിച്ചു കഴിഞ്ഞതാണ്, മറക്കണ്ട.) പ്രവേശവൈദ്യചികിത്സാരീതികൾ(invasive) ഒട്ടും അവലംബിക്കേണ്ടതില്ല, വെന്റിലേറ്ററിൽ ഘടിപ്പിച്ചു ജീവൻ നിലനിർത്തേണ്ടതില്ല. പകരം മറ്റുള്ളവർക്ക് ഉപയോഗപ്രദമായരീതിയിൽ അവയവങ്ങൾ എടുത്ത് മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ ആവശ്യപ്പെടുന്നു.

ഇനി രോഗം വന്നു ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ മയക്കുമരുന്ന് തന്നു വേദന അറിയാതെ കിടത്തുക. നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാൻ അതിനാൽ ഇനി എന്നെക്കാളും ജീവിച്ചിരിക്കാൻ മറ്റൊരാൾക്കാണ് കൂടുതൽ അവകാശം, അക്കാരണത്താൽ അവയവങ്ങൾ എടുക്കാൻ മടിക്കേണ്ട. ഈ പ്രപഞ്ചത്തിനോട് എന്നും കടപ്പെട്ടവനാണെന്ന എൻ്റെ അറിവ് മറ്റൊരാൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുവാൻ ഒരു മടിയും തോന്നിപ്പിക്കുന്നില്ല. അയതിനാൽ ദയാമരണം വരിക്കുവാൻ എന്നെ സഹായിക്കുക.

വളരെ അധികം ചെലവ് ചെയ്തു കുറേ ദിവസം എനിക്കും മറ്റുള്ളവർക്കും ഒരുപയോഗവുമില്ലാതെ ആശുപത്രിക്കാർക്ക് മാത്രം ഉപയോഗപ്രദമായി ഞാൻ ജീവിച്ചിരിക്കേണ്ട ഒരാവശ്യവുമില്ല. മനുഷ്യകുലത്തിലെ ഒരു വ്യക്തി എന്ന നിലയിലും ആധുനിക സമൂഹത്തിലെ പൗരനെന്ന നിലയിലും എൻ്റെ പണി പൂർത്തീകരിച്ചതായി ഞാൻ മനസിലാക്കുന്നു. അയതിനാൽ എന്ന് വേണമെങ്കിലും എനിക്ക് ഇനി ജീവിതത്തിൽനിന്നും വിരമിക്കാം.

ഉപയോഗപ്രദമായ അവയവങ്ങൾ എടുത്തശേഷം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ കൊടുക്കാവുന്നതാണ്. വെർച്ച്വൽ റീയാലിറ്റിയുടെയും ഓഗ്മെന്റഡ് റീയാലിറ്റിയുടെയും കാലത്തു ഇത് അത്ര വലിയ കാര്യമല്ല എന്നറിയാം. എങ്കിലും പറയുകയാണ്. യഥാർത്ഥത്തിൽ, ഞാൻ തിന്ന മീനുകൾക്ക് പകരം എൻ്റെ ശരീരം കടലിലെറിയുകയാണ് വേണ്ടത്, പക്ഷേ അതിന് ചിലവേറും ആയതിനാൽ പെട്ടിയിലിടാതെ മറ്റു സൂക്ഷ്മജീവികൾക്ക് തിന്നാൻ കഴിയുന്ന രീതിയിൽ കുഴിച്ചിടുക.

പെട്ടികൂട്ടാൻ ഒരുമരം മുറിക്കാതിരിക്കട്ടെ. ഒരു മരം നടാവുന്നതാണ്. പക്ഷേ അടയാളപ്പെടുത്തുന്ന രീതിയിലാകരുത്. തനിക്കുപോകാൻ സ്വർഗ്ഗവും ശത്രുക്കളെ ഇടാൻ നരകവും തീർത്തു, മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന നമ്മുടെ പൂർവികർ ഭൂമിയിൽ പണിതുകൂട്ടിയ അടയാളക്കൂമ്പാരങ്ങളുടെ നടുവിൽ അല്പംപോലും അടയാളം അവശേഷിപ്പിക്കാതെ മറ്റുജീവികളെപ്പോലെ ഞാനും മറയട്ടെ, ഒരു തുള്ളി വെള്ളമോ നദിയോ കടലിൽ ചേരുന്നതുപോലെ.

ഞാനൊരു യശോയാർത്ഥിയല്ല അക്കാരണത്താൽ ഓർമിക്കപ്പെടാൻ ഒട്ടും ആഗ്രഹിക്കുന്നില്ല, അനുസ്മരണകുറിപ്പുകളോ ആസ്ഥാനങ്ങളോ അവാർഡുകളോ ഒന്നും തന്നെ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നിരന്തരം അംഗീകാരം തേടുന്ന ഒരു സംഘജീവിയോടാണ് ഞാനിത് പറയുന്നതെന്ന് അറിഞ്ഞു കൊണ്ടുതന്നെ പറയുകയാണ്. പറഞ്ഞതോർത്തു ഞാൻ ഒന്ന് ചിരിച്ചോട്ടെ, ഈ പറഞ്ഞത് ‘ഒരാഗ്രഹചിന്ത’യാണെന്ന് കൂട്ടിക്കോ…:)

മറ്റു ജീവികളെ തിന്നു ജീവിച്ച എൻ്റെ ശരീരം നിലവിലുള്ള ജീവികൾക്ക് ആഹാരമാക്കാൻ അവകാശപ്പെട്ടതാണെന്നും എനിക്കറിയാം, എങ്കിലും കുറച്ചാഴത്തിൽ കുഴിച്ചിടുക, മറ്റു മനുഷ്യർക്ക് ബുദ്ദ്ധിമുട്ടാകാതെ കിടക്കട്ടെ…:) വളരെ അധികം സന്തോഷത്തോടെ, എൻ്റെ ആഗ്രഹങ്ങൾ നിറവേറിത്തരുമെന്ന പ്രതീക്ഷയോടെ…

സ്നേഹപൂർവ്വം
മൈത്രേയൻ

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick