കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെയും സഖ്യസര്‍ക്കാരുകളെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത ബി.ജെ.പി.യുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പ്രതികാരമെന്നോണം കോണ്‍ഗ്രസ് ഹരിയാനയെ നോട്ടമിടുന്നു. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ ബി.ജെ.പി. സര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് അവിശ്വാസത്തിലൂടെ പുറത്താക്കാനാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍.
ഹരിയാനയിലെ കര്‍ഷകര്‍ ബി.ജെ.പിയുടെ കാര്‍ഷികനിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഡെല്‍ഹിയിലെ പ്രക്ഷോഭ ഭൂമിയില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരില്‍ വലിയൊരു വിഭാഗവും ഹരിയാനക്കാരാണ്. ഹരിയാനയിലെ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ജെ.പി. കാര്‍ഷികനിയമത്തിനെതിരെ നിലകൊണ്ടുകഴിഞ്ഞു. ജെജെപിയിലെ മൂന്ന് മന്ത്രിമാര്‍ കര്‍ഷകരുടെ പക്ഷത്തേക്ക് മാറിയപ്പോള്‍ മ്റ്റ് മൂന്ന് എംഎല്‍എമാര്‍ ജെ.ജെ.പി വിടാന്‍ തയ്യാറെടുത്തിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ ഈ ആറുപേരും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി ജെ.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താല പ്രതികരണവുമായി രംഗത്തെത്തി. 1989-ലെ ജനതാദളിന്റെ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാലിന്റെ കൊച്ചുമകനായ ദുഷ്യന്ത് ചൗത്താലയാണ് ജെ.ജെ.പി.യുടെ നേതാവ്.കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില കിട്ടിയിട്ടില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ സ്വതന്ത്ര എംഎല്‍എ സോമ്പിര്‍ സിംഗ് സംഗ്വാന്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
ചൗത്താലയെ സ്വാധീനിച്ച് അവിശ്വാസപ്രമേയത്തിന് അനുകൂലമാക്കിയാല്‍ ബി.ജെ.പി. സര്‍ക്കാര്‍ താഴെവീഴും എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം.
90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്കുള്ളത്. 10 സീറ്റ് നേടിയ ജെ.ജെ.പിയേയും 7 സ്വതന്ത്രരേയും കൂട്ടിയാണ് ഭരണം. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് 31 സീറ്റുകളുണ്ട്. ജെജെപിയും ചില സ്വതന്ത്രരും കൂടിയാല്‍ ബിജെപി സര്‍ക്കാര്‍ നിലം പതിക്കും.