പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. ഇതോടെ സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല, കേരളത്തിലെ സി.പി.എമ്മിനും ഈ നിയമവ്യവഹാരം വലിയ തിരിച്ചടിയും നാണക്കേടുമായി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷത്തിന് പുതിയൊരു പ്രചാരണവിഷയം കൂടി ലഭിക്കുകയും ചെയ്യുകയാണ്. കേസ് രേഖകള്‍ വേഗം തന്നെ സി.ബി.ഐ.ക്ക് കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ 2019 ഫെബ്രുവരി 17-ന് കൃപേഷ്, ശരത്‌ലാല്‍ എന്നീ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. സി.പി.എം. പ്രാദേശിക നേതാക്കളാണ് കേസിലെ പ്രതികള്‍. കേരള പോലീസ് കേസ് ദുര്‍ബലമാക്കുകയാണെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേരളപൊലീസിന്റെ കുറ്റപത്രം റദ്ദാക്കി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.
സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത് ഇവയായിരുന്നു.
- ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രമാണ് ഹൈക്കോടതി പരിഗണിച്ചത്.
- കുറ്റപത്രം റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല.
- പ്രതികള്‍ ഭരണകക്ഷിക്കാരാണ് എന്നതു കൊണ്ടു മാത്രം അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് പറയുന്നത് ശരിയല്ല.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെതിരെ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും തടസ്സഹര്‍ജിയുമായി എത്തയിരുന്നു. സര്‍ക്കാരിന്റെ വാദം മാത്രം കേട്ട് ഹൈക്കോടതി വിധി നിര്‍വീര്യമാക്കരുതെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.
ഹൈക്കോടതി നിര്‍ദ്േദശിച്ചിട്ടും കേസ് ഡയറി സി.ബി.ഐ.ക്ക് കൈമാറാത്ത ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഫയല്‍ ചെയ്തിരുന്നു.