Categories
kerala

തോമസ് ഐസകിനാണ് പിഴച്ചത്…റെയ്ഡ് ആരുടെ വട്ട് എന്ന പരസ്യപ്രയോഗം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായി.. പാര്‍ടിയില്‍ ഭിന്നതയെന്ന പ്രതീതിയുണ്ടാക്കിയത് തിരിച്ചടിയായി

വിജിലന്‍സ് റെയ്ഡ് ആരുടെ വട്ട് എന്ന ചോദ്യം പരസ്യമായി ചോദിച്ചപ്പോള്‍ അത് മുഖ്യമന്ത്രിക്കെതിരെ പാര്‍ടിയിലെ പടനീക്കമാണെന്ന പ്രതീതി ജനത്തിനുണ്ടാക്കി എന്നതാണ് പ്രശ്‌നമായത്. ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനം അനുചിതമായി എന്നതാണ് തോമസ് ഐസകിനെ ഒറ്റപ്പെടുത്തിയത്

Spread the love

ധനവകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനത്തില്‍ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അസ്വാഭാവികത ഉണരുക സാധാരണമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് ധനകാര്യമന്ത്രിയോട് പണ്ടേ പ്രതിപത്തിക്കുറവാണ് എന്ന കാര്യം നിഴലായി നില്‍ക്കുമ്പോള്‍. സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിലടക്കം ധനകാര്യമന്ത്രിയുടെ താല്‍പര്യം നോക്കിയല്ല മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത് എന്ന് നേരത്തേ തന്നെ അണിയറ വര്‍ത്തമാനം ഉണ്ടായിരുന്നു. ആലപ്പുഴയിലെ സി.പി.എമ്മില്‍ ശക്തമായ രണ്ടു ചേരികളുണ്ടെന്നത് പരസ്യമായി രഹസ്യമാണ്. തോമസ് ഐസകും ജി. സുധാകരനുമാണ് പരസ്പരം പാര പണിയാന്‍ കാത്തിരിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍മാര്‍. ഇതില്‍ മുഖ്യമന്ത്രിയുടെ പിന്തുണ ജി. സുധാകരനാണ് എന്നതും പരസ്യമായ രഹസ്യം തന്നെ. ഇതെല്ലാം നിലനില്‍ക്കെ തന്നെയാണ് തോമസ് ഐസകിന്റെ ശനിയാഴ്ചത്തെ പരസ്യവിമര്‍ശനം വരുന്നത്.

വിജിലന്‍സ് റെയ്ഡ് ആരുടെ വട്ട് എന്ന ചോദ്യം പരസ്യമായി ചോദിച്ചപ്പോള്‍ അത് മുഖ്യമന്ത്രിക്കെതിരെ പാര്‍ടിയിലെ പടനീക്കമാണെന്ന പ്രതീതി ജനത്തിനുണ്ടാക്കി എന്നതാണ് പ്രശ്‌നമായത്. ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനം അനുചിതമായി എന്നതാണ് തോമസ് ഐസകിനെ ഒറ്റപ്പെടുത്തിയത്. സി.പി.എം. പോലൊരു പാര്‍ടിയില്‍ നേതാക്കള്‍ പരസ്യവിമര്‍ശനം നടത്തുന്നത് അസാധാരണമാണ്. ഇവിടെയാവട്ടെ മന്ത്രിസഭയുടെ നായകനും പാര്‍ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായ ഒരാളെ കാബിനറ്റിലെ സഹപ്രവര്‍ത്തകന്‍ തന്നെ പരസ്യമായി ചോദ്യം ചെയ്യുന്നു എന്ന പ്രതീതി ഉണ്ടായി. പിണറായിയെ എതിര്‍ക്കാന്‍ പാര്‍ടിയില്‍ പരസ്യമായി പക്ഷം ഒരുങ്ങുന്നു എന്ന തോന്നലും ഉണ്ടായി. പ്രതിപക്ഷവും ഭരണവിരുദ്ധ മാധ്യമങ്ങളും ഈ അവസരം സ്വാഭാവികമായും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആ അര്‍ഥത്തില്‍ എടുത്താല്‍ തോമസ് ഐസക് കാണിച്ചത് പാര്‍ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യമാണ്. ഉന്നയിക്കേണ്ട വേദിയിലോ രഹസ്യമായോ ചെയ്യേണ്ട കാര്യം ഹീറോ ആകാന്‍ ഉപയോഗിച്ചു എന്ന ആരോപണം സ്വാഭാവികമായും ഉയര്‍ന്നു. തോമസ് ഐസക് ഇക്കാര്യത്തില്‍ പക്വത കാണി്ച്ചില്ല എന്നതാണ് വിനയായത്.

thepoliticaleditor

ഈ തിരഞ്ഞെടുപ്പു കാലത്ത് പ്രത്യേകിച്ചും കിഫ്ബി, ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങി പല കാര്യങ്ങളില്‍ സര്‍ക്കാര്‍ വിയര്‍ക്കുന്ന നേരത്ത് സര്‍ക്കാരിലെ രണ്ടു പ്രധാന വകുപ്പുകള്‍ തമ്മില്‍ ഒരു പ്രശ്‌നമുണ്ടാകുക എന്നതും അതു വഴി ധനകാര്യവകുപ്പോ സര്‍ക്കാരോ വീണ്ടും സംശയ നിഴലിലാവുക എന്നതും തീര്‍ച്ചയായും സി.പി.എം. പ്രവര്‍ത്തകരില്‍ വലിയ അസ്വസ്ഥതയും ്അസംതൃപ്തിയും ഉണ്ടാക്കുന്നുണ്ട്. വിജിലന്‍സ് സ്വതന്ത്രമാണ് എന്നൊക്കെ പറയുമെങ്കിലും ചില കാര്യങ്ങളില്‍ സന്ദര്‍ഭമൊക്കെ നോക്കേണ്ടേ എന്നാണ് ഇടതു നേതാക്കളുടെ പോലും ചോദ്യം.

രാഷ്ട്രീയനയപരമായ നിയന്ത്രണം ആഭ്യന്തര വകുപ്പിനു മേല്‍ ഇല്ല എന്ന വിമര്‍ശനം അലന്‍-താഹ യു.എ.പി.എ. കേസ്, മാവോയിസ്റ്റുകളെ കൊലപ്പെടുത്തല്‍ തൊട്ട് പൊലീസ് ആക്ട്ട് ഭേദഗതി വരെയുള്ള കാര്യങ്ങളില്‍ സി.പി.എമ്മിനകത്തു തന്നെ വലിയ തോതില്‍ അലയടിക്കുന്നുണ്ട്. ഇതെല്ലാം പ്രത്യക്ഷത്തില്‍ തന്നെ മുഖ്യമന്ത്രിക്ക് ദോഷം വരുത്തുന്ന വിമര്‍ശനങ്ങളുമാണ്. അതേസമയം ഇതെല്ലാം സ്വകാര്യമായി മര്‍മ്മരമായി മാറുന്നതല്ലാതെ പാര്‍ടിക്കകത്തു പോലും പരസ്യമായി ഉയര്‍ത്താന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിട്ടില്ല. ഒടുവില്‍ പോലീസ് ആക്ട് ഭേദഗതിയുടെ കാര്യത്തിലാണ് ആദ്യമായി പാര്‍ടി പരസ്യമായി ഇടപെട്ട് മുഖ്യമന്ത്രിയെ തിരുത്തുന്ന സാഹചര്യം ഉണ്ടായത്. ഇതോടെ പിണറായിയെ പാര്‍ടി നിയന്ത്രിക്കാനും വിമര്‍ശിക്കാനും തുടങ്ങുന്നു എന്ന പ്രചാരണവും ശക്തമായി. ഇതിനു തൊട്ടു പിറകെയാണ് തോമസ് ഐസകിന്റെ പരസ്യപ്രതികരണം വിജലന്‍സിനെതിരെ വന്നത്. ഇത് സ്വാഭാവികമായും മുഖ്യമന്ത്രിക്കെതിരായ പടനീക്കത്തിന്റെ അക്കൗണ്ടിലാണ് മാധ്യമങ്ങള്‍ പെടുത്തിയത്. ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചതോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ത്‌ന്നെ പിണറായിക്കെതിരായ മനോഭാവം പ്രകടമാകുന്നു എന്ന രീതിയിലും മാധ്യമങ്ങള്‍ എഴുതിത്തുടങ്ങി. ഇത് പാര്‍ടിക്ക് സഹിക്കാനാവുന്നതല്ല. പരസ്യവിമര്‍ശനം അച്ചടക്കലംഘനമാണ് എന്ന കാര്യം ഉപയോഗിച്ചും ജാഗ്രതയില്ലാത്ത വിമര്‍ശനം എന്ന ആയുധം ഉപയോഗിച്ചും തോമസ് ഐസകിനെ മൂലയ്ക്കിരുത്താന്‍ പിണറായി വിജയന് എളുപ്പം സാധിച്ചു എന്നതാണ് ഈ സംഭവങ്ങളുടെ ഫലശ്രുതി. പിണറായിക്കു വേണ്ടി ഐസകിനെ പുകയ്ക്കാന്‍ ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും ജി. സുധാകരനും പരസ്യമായി ഇറങ്ങിയപ്പോള്‍ പാര്‍ടിയില്‍ മാത്രമല്ല, മന്ത്രിസഭയിലും സഹപ്രവര്‍ത്തകരാല്‍ തോമസ് ഐസക് ഒറ്റപ്പെടുകയാണുണ്ടായിരിക്കുന്നത്. പിണറായി വിജയന്‍ തോമസ് ഐസകിനെ അടപടലം പരാജയപ്പെടുത്തി എന്നാണ് ഇത് തെളിയിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick