മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വ്യാഴാഴ്ച നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്ത് രാത്രി 11 മണിക്കാണ് വിട്ടതെങ്കില്‍ വെള്ളിയാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ദീര്‍ഘമായി ചോദ്യം ചെയ്തിട്ടും കാര്യമായി ഒന്നും കിട്ടിയില്ലെന്നാണ് ഇ.ഡി. വിലയിരുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിസ സ്റ്റാമ്പിങിനും സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനും രവീന്ദ്രന്‍ സ്വപ്‌ന സുരേഷിനെ വിളക്കാറുണ്ടായിരുന്നു എന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍, കെ-ഫോണ്‍ അടക്കം പല പദ്ധതികളിലും രവീന്ദ്രന്റെ മുന്‍കൈ ഉണ്ടായിരുന്നുവെന്ന് ഇ.ഡി. സംശയിക്കുന്നുണ്ട്. എന്നാല്‍ ശിവശങ്കറുമായി ഇടപാടുണ്ടായിരുന്നോ എന്നതിന് കാര്യമായ മറുപടിയൊന്നും കിട്ടിയില്ല ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയതിനു പിന്നില്‍ രവീന്ദ്രന്റെ ഉപദേശമാണെന്ന് ഇ.ഡി. അനുമാനിക്കുന്നു. എന്നാല്‍ ഇതില്‍ എന്താണ് അപാകത എന്നും ഇത് ഇ.ഡിയുടെ അന്വേഷണപരിധിയില്‍ വരേണ്ട കാര്യമാണോ എന്നും ചോദ്യമുയരുന്നത് ഇ.ഡി.യുടെ താല്‍പര്യങ്ങളെ വീണ്ടും സംശയ നിഴലിലാക്കുന്നു.
വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാവാനാണ് ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ആദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഇളവു തേടിയായിരുന്നു ഹര്‍ജി. ആ കേസ് വ്യാഴാഴ്ച തന്നെ ഹൈക്കോടതി തള്ളി.
മുന്‍പ് ഇ.ഡി. നോട്ടീസ് അയച്ചപ്പോള്‍ കൊവിഡ് ചികില്‍സയ്ക്കായി രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് രണ്ടാമതും നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡനന്തര ചികില്‍സയ്ക്കായി വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ സി.പി.എം. ഉന്നതതലത്തിലെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് നേടി ആശുപത്രി വിടുകയും ചെയ്തു.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും രവീന്ദ്രന്‍ ഇ.ഡി.യോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഇത് നിരസിക്കപ്പെട്ടു. ഇതോടെയാണ് ഇ.ഡി.ക്കു മുന്നില്‍ ഹാജരായത്.