സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ടിവിയുടെ വിവാദ പരിപാടി ‘ബിന്ദാസ് ബോൽ’ ചില പരിഷ്കാരങ്ങൾ വരുത്തി മിതത്വം പാലിച്ച് സംപ്രേഷണം ചെയ്യാൻ അനുവദിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ. യുപിഎസ്‌സി ജിഹാദ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ നല്ല രീതിയിലുള്ളതല്ലെന്നും അത് സാമുദായിക മനോഭാവം വളർത്തുമെന്നും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം കോടതിയെ അറിയിച്ചു. ഇത് അപകടകരമാണെന്നും ഭാവിയിൽ അതീവശ്രദ്ധയോടെയേ സംപ്രേഷണം ചെയ്യാവൂ എന്ന് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ അറിയിച്ചു.
സുദർശൻ ടിവിയുടെ വിവാദ പരിപാടി ചട്ടങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
ഉന്നത ഉദ്യോഗസ്ഥ തലങ്ങളിൽ മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന ആരോപണമുന്നയിച്ചുള്ളതാണു യുപിഎസ്‌സി ജിഹാദ് എന്ന പരിപാടി. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. തുടർന്ന് യുപിഎസ്‌സി ജിഹാദ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങളുള്ളതെന്നു വിലയിരുത്തി കോടതി സംപ്രേഷണം തടഞ്ഞിരുന്നു.