ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ ജയിൽ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നുമാണ് വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചത്.
സന്ദർശകരിൽ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകൾ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങൾ ലംഘിച്ചാണ് സന്ദർശനമെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്കു മാത്രമാണ് സന്ദർശനത്തിന് അനുമതി നൽകിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയിൽ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദർശനം. സന്ദർശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് അവരുടെകൂടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച 3 മണിക്കാണ് സന്ദർശനം നടന്നിട്ടുള്ളത്. ഈ വിവരങ്ങൾ ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ മനസിലാകും. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.