Categories
kerala

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു– സിപിഎം

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്‌. സ്വർണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത്‌ നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്‌. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നും സിപിഎം നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബിജെപി – യുഡിഎഫ്‌ കുട്ടുകെട്ട്‌ നടത്തുന്ന അപവാദ പ്രചാരവേലയ്‌ക്ക്‌ ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് സിപിഎം പറഞ്ഞു.
മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ചു‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണു‌ വ്യക്തമാകുന്നത്‌. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്കു‌ വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണു‌ പ്രതി പറഞ്ഞിരിക്കുന്നത്‌. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്‌തിട്ടുണ്ടെന്നതും പ്രസക്തം. യഥാർഥത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തന്നെയാണ്‌ കോടതി ചോദ്യം ചെയ്‌തത്‌.
രാഷ്ട്രീയ നേതൃത്വത്തിന്റെ പേര്‌ പറയുന്നതിന്‌ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നു‌ മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. പരസ്‌പര വിരുദ്ധമെന്നു‌ കോടതി തന്നെ നിരീക്ഷിച്ച ഇഡി റിപ്പോര്‍ട്ട്‌, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ലക്ഷ്യം വച്ചുള്ള തിരക്കഥക്കയ്‌ക്കനുസരിച്ചാണ്‌ അന്വേഷണ പ്രഹസനം നടത്തുന്നതെന്നു വ്യക്തമാക്കുന്നു.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നതിനു പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണു‌ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്‌. സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ യുഎപിഎ ചുമത്തി എന്‍ഐഎ കേസ്‌ അന്വേഷിക്കുന്നത്‌. അതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഇഡി റിപ്പോര്‍ട്ട്‌ രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി റദ്ദാക്കുന്നതാണ്‌. ഇഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന്‌ കോടതി തന്നെ ഈ ഘട്ടത്തില്‍ പരോക്ഷമായി നിരീക്ഷിക്കുകയുണ്ടായി.

thepoliticaleditor

സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും കൂടിയാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി – യുഡിഎഫ്‌ കൂട്ടുകെട്ടിന്റെ ഉപകരണമായി അധഃപതിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും സിപിഎം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick