ലോക പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവും കൂടിയായ ഡോ. ബാബ ആംതെയുടെ കൊച്ചുമകള്‍ ഡോ. ശീതള്‍ ആംതെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. മുംബൈയില്‍ തിങ്കളാഴ്ച രാവിലെ വീട്ടിനകത്തായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കുത്തിവെച്ചായിരുന്നു മരണം എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. കുഷ്ഠ രോഗികളുടെ ചികില്‍സയ്ക്കായുള്ള സ്ഥാപനം നടത്തുകയായിരുന്നു ഡോക്ടര്‍ ശീതള്‍. ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല. മരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ ശീതള്‍ ഒരു പെയിന്റിങ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും അതിന് വാര്‍ ആന്റ് പീസ് (യുദ്ധവും സമാധാനവും) എന്ന് അടിക്കുറിപ്പിടുകയും ചെയ്തിരുന്നു.
ബാബ ആംതെയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ശീതള്‍. വര്‍ഷങ്ങളായി ഭര്‍ത്താവിനൊപ്പം കുഷ്ഠരോഗികളുടെ പരിചരണവും ചികില്‍സയുമായി സേവന രംഗത്തായിരുന്നു ശീതള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ മുത്തച്ഛന്റെ നാമധേയത്തിലുള്ള സേവന പ്രസ്ഥാനമായ ആംതെ മഹാരോഗ് സര്‍വ്വീസ് കമ്മിറ്റിയില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു ഡോക്ടര്‍ ശീതള്‍ സൂചിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.