നീണ്ട 28 വര്‍ഷങ്ങള്‍….
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടോളം കഴിഞ്ഞാണ് ചരിത്രപ്രധാനമായ കേസില്‍ വിധി വരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ സാമൂഹ്യ ചരിത്രം നാളെ രേഖപ്പെടുത്തപ്പെടുക ഒരു പക്ഷേ ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു മുന്‍പും ശേഷവും എന്നായിരിക്കും. ഇന്ത്യ എന്ന മതസഹിഷ്ണുതയുടെ, വസുധൈവ കുടുംബകം എന്ന ആശയം ലോകത്തിനു സമ്മാനിച്ച സാഹോദര്യ ദര്‍ശനത്തിന്റെ ഈ ഭാരതഭൂമിയെ 1947-ല്‍ ബ്രിട്ടീഷുകാര്‍ രണ്ടു തരത്തില്‍ വിഭജിച്ചു…ഭൂമി രണ്ടായി വെട്ടിമുറിച്ചു..ഒപ്പം മനസ്സുകളെയും വിഭജിച്ചു…
ലോകം തന്നെ മരവിച്ചു നിന്ന രക്തരൂക്ഷിതമായ ഇന്ത്യാവിഭജനം…ഇന്ത്യ സ്വതന്ത്രയായത് ശരീരത്തിലും മനസ്സിലും ചോരയും മുറിവുകളും കൊണ്ടായിരുന്നു…
ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ള രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒരിക്കലും മായാത്ത മാനസിക അകല്‍ച്ചയുടെ കനല്‍പ്പൊളളലുകള്‍ കരുവാളിപ്പിച്ച സ്വാതന്ത്ര്യം.
ഇന്ത്യാ ചരിത്രത്തില്‍ രണ്ടാം തവണ വീണ്ടും അതാവര്‍ത്തിച്ചു…1992 ഡിസംബര്‍ ആറിന്. അന്ന് ഭൂമി വെട്ടിമുറിക്കപ്പെട്ടില്ല, എന്നാല്‍ മനസ്സുകള്‍ വിഭജിക്കപ്പെട്ടു. മുസ്ലീങ്ങളില്‍ തികഞ്ഞ ഭീതിയും അരക്ഷിതാവസ്ഥയും പിന്നീട് സമ്മാനിച്ച കനത്ത ആഘാതമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവം. മതേതര ഇന്ത്യയുടെ മുഖം കറുത്തുപോയി.
ലഖ്‌നൗ സി.ബീ.ഐ.കോടതിയിലെ 18-ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞ 28 വര്‍ഷമായി ഈ കേസ് വിചാരണ ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് അതായത് 2017 ഏപ്രില്‍ 19-ന് സുപ്രീം കോടതി സുപ്രധാനമായ ഒരു നിര്‍ദ്ദേശം നല്‍കി…ഇനി മുതല്‍ കേസ് ദിവസവും കേള്‍ക്കണം. കേസ് കേള്‍ക്കുന്ന ന്യായാധിപനെ സ്ഥലം മാറ്റരുത്.
രാമജന്‍മഭൂമി കേസില്‍ വിധി പറഞ്ഞുകൊണ്ട് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം നവംബര്‍ 19-ന് അസന്നിഗ്ധമായി വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തത് തീര്‍ത്തും നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇത് അടിസ്ഥാന വിധിയായി എടുക്കാമെങ്കില്‍ ഈ കേസിലെ പ്രതികള്‍ ശരിയായി ശിക്ഷിക്കപ്പെടേണ്ടതല്ലേ… എല്‍.കെ. അദ്വാനി ഈ കേസില്‍ വിചാരണക്കിടയില്‍ പല തവണ ക്രിമിനല്‍ ഗൂഢാലോചനാകുറ്റത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുകയുണ്ടായി. 2003-ല്‍ സി.ബി.ഐ. തന്നെ ക്രിമിനല്‍ ഗൂഢാലോചനാകുറ്റം അദ്വാനിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. എന്നാല്‍ 2017-ല്‍ വീണ്ടും ഈ കുറ്റം തിരികെ ചാര്‍ത്തപ്പെട്ടു. റായ്ബറേലി കോടതിയിലും അലഹാബാദ് കോടതിയിലുമായി നിലനിന്ന കേസ് 2017-ലാണ് ഒറ്റ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവായത്.
അയോധ്യയില്‍ 4000-ത്തിലധികം രാമക്ഷേത്രങ്ങളുണ്ട്. അവയെല്ലാം അവകാശപ്പെടുന്നത് അതാതിടത്താണ് ശ്രീരാമന്റെ ജന്മസ്ഥാനം എന്നാണ്. എന്നാല്‍ ബാബരി മസ്ജിദ് നിന്ന സ്ഥലം തന്നെയാണ് ശ്രീരാമന്റെ ജനന സ്ഥലം എന്ന വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയതിനു പിന്നില്‍ ലക്ഷ്യം വേറെയായിരുന്നു എന്ന് ഇന്ന് നമുക്കറിയാം.
ബാബരി മസ്ജിദ് തകര്‍ത്തത് തീര്‍ത്തും രാഷ്ട്രീയമായിരുന്നു…ഹിന്ദുത്വശക്തികള്‍ക്ക് ഇന്ത്യയുടെ അധികാരത്തിലേക്ക് വരാനുള്ള വോട്ടുബാങ്ക് രാഷ്ട്രീയം. അവര്‍ അത് സാധിച്ചു. എന്നാല്‍ സാധിച്ചുകൊടുത്തവരെ പിന്നീട് ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. ബി.ജെ.പിക്ക് അധികാരത്തിന്റെ സ്ഥിരം ഇരിപ്പിടം സമ്മാനിച്ച അദ്വാനി ഇന്ന് സംഘപരിവാര്‍ സംഘത്തില്‍ ആരുമല്ലാതായിരിക്കുന്നു. മുരളി മനോഹര്‍ ജോഷിക്ക് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നിഷേധിക്കപ്പെട്ടു. കല്യാണ്‍ സിങ് ബി.ജെ.പിയില്‍ നിന്നും പുറത്തുപോയി വേറൊരു പാര്‍ടി ഉണ്ടാക്കേണ്ടിവന്നു. പിന്നീട് അതും പരാജയപ്പെട്ട് ബി.ജെ.പി.യിലേക്കു തന്നെ ഭിക്ഷാംദേഹിയായി തിരിച്ചു വന്നു. ഔദാര്യത്തിന് ഒരു ഗവര്‍ണര്‍ സ്ഥാനം കിട്ടി ഒതുങ്ങിക്കൂടി.
നമുക്ക് കേസിന്റെ വിശദാംശത്തിലേക്ക് തിരികെ വരാം…
രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്, ആദ്യത്തേത് ലക്ഷക്കണക്കായ അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെ. ഈ അജ്ഞാതരാണ് പള്ളി തകര്‍ത്തത്. രണ്ടാമത്തേത് എട്ടു പേര്‍ക്കെതിരെ. അദ്വാനി, ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍ എന്നീ ബി.ജെ.പി.ക്കാര്‍….അശോക് സിംഘാല്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ദാല്‍മിയ, സാധ്വി റിതംബര എന്നീ വിശ്വഹിന്ദ് പരിഷത് നേതാക്കള്‍…ഇവരില്‍ മൂന്നുപേര്‍ ഹരി ദാല്‍മിയ, ഗിരിരാജ് കിഷോര്‍, അശോക് സിംഘാല്‍ എന്നിവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല വിധി കേള്‍ക്കാനും സ്വീകരിക്കാനും.
ബാബരി പള്ളി തകര്‍ത്ത സംഭവത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങളില്‍ വേറെയും 47 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആകെ 37 പേര്‍ പ്രതികളാക്കപ്പെട്ടു.
പള്ളി തകര്‍ത്തതിന്റെ ആദ്യ കേസ് സി.ബി.ഐ.യും രണ്ടാം കേസ് സി.ഐ.ഡി.യും അന്വേഷിച്ചെങ്കിലും 1993- ആഗസ്റ്റില്‍ ഇരു കേസുകളും സി.ബി.ഐ.യെ ഏല്‍പിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ആദ്യ കുറ്റപത്രം സി.ബി.ഐ. സമര്‍പ്പിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞ് 1996 ജനവരി പത്തിന് ഉപ കുറ്റപത്രവു നല്‍കി. ക്രമിനല്‍ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി ശിവസേന മേധാവി ബാല്‍ താക്കറെ, സഹനേതാവ് മൊറേശ്വര്‍ സാവേ എന്നിവരെയും പ്രതികളാക്കി. ആകെ 48 പ്രതികള്‍.
സി.ബി.ഐ 1,026 സാക്ഷികളെ കോടതിയിലെത്തിച്ചു. ഇവരില്‍ ഭൂരിഭാഗവും പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും ആയിരുന്നു. ബി.ജെ.പി. വി.എച്ച് പി നേതാക്കള്‍ക്കെതിരായ വാക്കാലുള്ള ധാരാളം തെളിവുകള്‍, അതായത് പ്രസംഗങ്ങള്‍, സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു, ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ സഹായിക്കും വിധം. അദ്വാനിയുടെ രഥയാത്രയിലുടനീളമുള്ള പ്രസംഗങ്ങള്‍ തെളിവായി സി.ബി.ഐ. കൊണ്ടുവന്നു. രേഖാമൂലമുള്ള തെളിവുകളില്‍ പ്രമുഖം പത്രവാര്‍ത്തകളും ഫോട്ടോഗ്രാഫുകളും ആയിരുന്നു. വിവിധ ടെലിവിഷന്‍ ചാനലുകള്‍ അവര്‍ ഡിസംബര്‍ ആറിന് എടുത്ത വീഡിയോ ഫൂട്ടേജുകള്‍ തെളിവായി കൈമാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19-ന്റെ സുപ്രീംകോടതി വിധി പ്രകാരം ബാബരി പള്ളി പൊളിച്ചത് നിയമവിരുദ്ധമാണ്. അതേസമയം ആ വിധിയില്‍ വലിയൊരു വൈരുദ്ധ്യം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. നിയമവിരുദ്ധമായി പൊളിക്കപ്പെട്ട പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അതേ വിധി അനുവദിക്കുന്നു എന്നതാണത്. പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെങ്കില്‍ അവിടെ പള്ളിയല്ലേ പുനര്‍നിര്‍മ്മിക്കേണ്ടത് എന്ന ചോദ്യം നീതിന്യായവിധിയിലെ അനീതിയായി നിയമനജ്ഞര്‍ തന്നെ വിലയിരുത്തുന്നു. പള്ളി പൊളിച്ചത് തെറ്റ്, പക്ഷേ അവിടെ ക്ഷേത്രം പണിയുന്നതില്‍ തെറ്റില്ല…നല്ല ന്യായം.
ഇനി ബാക്കിയുള്ളത് പള്ളി പൊളിച്ചതില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായിരുന്നോ എന്ന ചോദ്യമാണ്. അതു പോലെ പള്ളി പൊളിച്ച നിയമവിരുദ്ധ പ്രവൃത്തി ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമോ എന്ന ചോദ്യമാണ്….
ഇന്നത്തെ വിധി അതിന് ഉത്തരം പറയും.
വിധി ബി.ജെ.പി. നേതാക്കള്‍ക്ക് എതിരായാലും അനുകൂലമായാലും,,,, അവര്‍ ഉദ്ദേശിച്ച ലക്ഷ്യം 1992 ഡിസംബര്‍ രണ്ടിന് നേടിയിരുന്നു….പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ 19-ന് അതിന് നിയമപ്രാബല്യം കിട്ടുകയും ചെയ്തു. ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിന് ബാബരി പള്ളി നിന്നിരുന്ന അതേ സ്ഥലത്ത് കേന്ദ്രസര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സോടെ രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു….
ആധുനിക ഇന്ത്യന്‍ ചരിത്രം ബാബരി പള്ളി തകര്‍ക്കപ്പെടുന്നതിനു മുന്‍പും പിന്‍പും എന്ന സമസ്യയില്‍ തളക്കപ്പെട്ടിരിക്കുന്നു….