
ഡല്‍ഹിയില്‍ നടക്കുന്ന വന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരിലൊരാളായ രാകേഷ് ടിക്കായത്ത് പഴയ കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ മകന്‍. ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട കര്‍ഷക നേതാവായിരുന്നു. അദ്ദേഹത്തിന്റെ സംഘടനയായ ഭാരത് കിസാന്‍ യൂണിയന്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ പതിനായിരങ്ങള്‍ പങ്കുകൊണ്ടിരുന്നു. കരിമ്പു കര്‍ഷകരുടെ സമരങ്ങള്‍ ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടവയാണ്. മഹേന്ദ്രസിങ് ടിക്കായത്ത് 2011-ല്‍ മരിച്ചതോടെ മകന്‍ രാകേഷ് ടിക്കായത്ത് സംഘടനയുടെ അമരത്തേക്ക് വരികയായിരുന്നു. ദിവസങ്ങളായി ഡല്‍ഹിയില്‍ യു.പി., ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഭാരത് കിസാന്‍ യൂണിയന്‍ പ്രധാന പങ്കാളിയാണ്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് ബി.കെ.യു. സമരത്തില്‍ അണിനിരന്നിരിക്കുന്നത്. മഹേന്ദ്രസിങ് ടിക്കായത്തിന്റെ യൂണിയന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ടിയുമായി ബന്ധമുള്ള സംഘടന ആയിരുന്നില്ല. കര്‍ഷകരുടെ രാഷ്ട്രീയേതര കൂട്ടായ്മയായിരുന്നു അത്. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ബി.കെ.യു.വിനൊപ്പം ഇടതു നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാന്‍സഭയാണ് ഡല്‍ഹികര്‍ഷക സമരത്തിലെ മറ്റൊരു പ്രധാന പങ്കാളി. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വെച്ച ഉപാധികള്‍ തള്ളുന്നതായും കര്‍ഷകരുടെ സമരഭൂമി മാറ്റിക്കൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും രാകേഷ് ടിക്കായത്ത് പ്രസ്താവിച്ചിട്ടുണ്ട്.