പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പാണ് ഇതോടെ ഉപേക്ഷിക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുദ്ദേശിച്ചാണീ ഭേദഗതിയെന്ന വ്യാപക വിമര്‍ശനം വന്നതോടെയും സി.പി.എം. കേന്ദ്ര നേതൃത്വം തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്നതോടെയുമാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടര്‍ തീരുമാനം നിയമസഭയില്‍ ചര്‍ച്ചക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുളള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി രാവിലെ അഭിപ്രായപ്പെടുകയുണ്ടായി.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും കേരളത്തിലെ പി.ബി.അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഭേദഗതി നീക്കത്തില്‍ നിന്ന് പിന്മാറാനുളള തീരുമാനം കൈക്കൊളളുകയായിരുന്നു.