ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായും അത് വിസമ്മതിച്ചതിനാലാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിറകെ ആരോപണം നിഷേധിച്ചു കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റും രംഗത്തെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് വിചാരണ ചെയ്യുന്ന കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച ജാമ്യഹര്‍ജിയിന്‍മേലുള്ള വാദത്തിനിടെ സമര്‍പ്പിച്ച കുറിപ്പിലാണ് ശിവശങ്കര്‍ ഇ.ഡിക്കെതിരെ പരാതി ഉന്നയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. ശേഖരിക്കുന്ന മൊഴികള്‍ അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി കോടതിയെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നുണ്ട്. കവറിലാക്കി സമര്‍പ്പിക്കുന്ന മൊഴികള്‍ പോലും മാധ്യമങ്ങളില്‍ അടുത്ത നിമിഷം ഫ്‌ളാഷ് ആയി വരുന്നു. മനപൂര്‍വ്വം ചെയ്യുന്ന വിവരം ചോര്‍ത്തലാണിതെന്നും കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച ഇ.ഡി. ഇക്കാര്യം നിഷേധിച്ചു. രാഷ്ട്രീയനേതാക്കളുടെ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് ഇ.ഡി. അറിയിച്ചു.