ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ ന്യായാധിപന്‍ ഈയിടെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഭരണകൂടത്താല്‍ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപനായ അരുണ്‍ മിശ്ര തന്റെ വിധികള്‍ പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ബാധിക്കുന്നത് എങ്ങിനെയെന്ന് പരിഗണിച്ചതേയില്ലെന്നു മാത്രമല്ല നിയമപരമായ ഔചിത്യം പോലും പാലിച്ചില്ല എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ വിശദമായ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പുഴുക്കുത്തുകള്‍ എണ്ണിപ്പറഞ്ഞത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി പ്രശാന്ത് ഭൂഷണ്‍ നിരീക്ഷിക്കുന്നു.
പ്രധാന വിധികളില്‍ ഭരണകൂടത്തിന്റെ താല്‍പര്യത്തിന് ന്യായാധിപര്‍ വഴങ്ങുന്ന കാഴ്ചയാണ്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധികളില്‍ ഇത് കാണാം. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് തൊട്ട് ഇത് ഉണ്ട്. ചീഫ് ജസ്റ്റിസ് ഇത്തരം ജഡ്ജിമാര്‍ക്ക് വഴിവിട്ട് കേസുകള്‍ കേള്‍ക്കാനുള്ള ഊഴം നല്‍കുന്നു. ഇതിനെതിരെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ഒരിക്കല്‍ അസാധാരണമാം വിധം കോടതിക്കു പുറത്ത് വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് സീനീയര്‍ ആയ എല്ലാവരെയും മറികടന്ന് അരുണ്‍ മിശ്രയ്ക്ക് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് നല്‍കി. മറ്റൊരു ചീഫ് ജസ്റ്റിസ് ബിര്‍ള-സഹാറ കേസ് അരുണ്‍ മിശ്രയ്ക്ക് നല്‍കി, വേറൊരാള്‍ മെഡിക്കല്‍ കോളേജ് അഴിമതിക്കേസ് നല്‍കി. ഒരു ചീഫ് ജസ്റ്റിസ് ആവട്ടെ സ്വന്തം പേരിലുള്ള ലൈംഗിക പിഢനാരോപണക്കേസ് തീര്‍പ്പാക്കാനും അരുണ്‍ മിശ്രയെ ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസിലും ഈ ന്യായാധപനെ ഉപയോഗിച്ചതായി പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഏറ്റവുമൊടുവില്‍ നിഷ്പക്ഷനായിരുന്ന മുഖ്യ ന്യായാധിപന്‍ ജസ്റ്റിസ് ആര്‍.എം. ലോധയായിരുന്നുവെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. കാരുണ്യമില്ലാത്ത ഭരണകൂടത്തിന്റെ താല്‍പര്യപ്രകാരം വിധികള്‍ വന്നുകൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ അഴിമതി. സര്‍ക്കാരും ജുഡീഷ്യറിയും നിയന്ത്രിക്കാത്ത പരിപൂര്‍ണ സ്വതന്ത്രമായ മുഴുവന്‍ സമയ ജുഡീഷ്യല്‍ കമ്മീഷന്‍ ഉണ്ടാവണം. അതു പോലെ പൂര്‍ണ സ്വതന്ത്രമായ ജുഡീഷ്യല്‍ കംപ്ലെയിന്റ് കമ്മീഷനും ഉണ്ടാവണം. ജഡ്ജിമാര്‍ക്കെതിരെ പരാതികള്‍ നല്‍കാന്‍ നിയമവ്യവസ്ഥയില്‍ സംവിധാനം ഉണ്ടാകണം. ഈ രണ്ട് കാര്യങ്ങള്‍ നിലവില്‍ വന്നാല്‍ മാത്രമേ ഇന്ത്യന്‍ ജുഡീഷ്യറി രക്ഷപ്പെടുകയുള്ളൂ–പ്രശാന്ത് ഭൂഷണ്‍ സുദീര്‍ഘമായ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.
