കഴിഞ്ഞ വാരാന്ത്യത്തില്‍ ലോകം ചര്‍ച്ച ചെയ്ത ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത കോവിഡ് മഹാമാരിയുടെ വ്യാപനമോ വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ പ്രാചരണമോ ആയിരുന്നില്ല, പകരം ന്യൂസിലാന്റ് എന്ന പസഫിക് ദ്വീപുരാഷ്ട്രവും അതിന്റെ പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേനും ആയിരുന്നു. ന്യൂസ് ലാന്റിലെ ഏറ്റവും ജനപ്രിയ നഗരമായ ഓക് ലാന്റില്‍ നിന്നുള്ള ജസീന്ത ആര്‍ഡേന്‍ നേതൃത്വം നല്‍കിയ സെന്റര്‍-ലെഫ്റ്റ് ലേബര്‍ പാര്‍ടി നേടിയ തിരഞ്ഞെടുപ്പു വിജയം ഒരു തരത്തില്‍ കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഒരു രാജ്യത്തെ ഭരണാധികാരി വിജയിച്ചതിന്റെ അംഗീകാരം കൂടിയായി മാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ടി നേടിയത് ന്യൂസിലാണ്ടിന്റെ 80 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയശതമാനമായിരുന്നു. മറ്റൊരു തിളക്കം, കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഏതെങ്കിലും ഒരു പാര്‍ടിക്ക് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം കിട്ടുന്നത്. നാല്‍പതുകാരിയായ ജസീന്ത ആര്‍ഡേന്‍ തന്നെ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമെന്നുറപ്പായി. ജസീന്ത ഇന്ന് ന്യൂസിലാണ്ടിലെ താരമാണ്. അവരുടെ പ്രശസ്തി അനുപമമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ന്യൂസിലാണ്ട് മാതൃക ഇന്ന് ലോകത്തിന് പാഠപുസ്തകമാണ്. ലോകത്താദ്യമായി കൊവിഡ്മുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യം ന്യൂസിലാണ്ട് ആയിരുന്നു എന്ന് പറയുമ്പോള്‍ അതില്‍ എല്ലാം അടങ്ങയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിലെ അനിതരസാധാരണമായ വൈഭവത്തിനുള്ള ജനകീയാംഗീകാരമായിരുന്നു ജസീന്തയുടെ തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പു വിജയം.
ലോകത്തില്‍ എന്തും സാധ്യമെന്നു കരുതപ്പെടുന്ന രാഷ്ട്രമായ അമേരിക്ക പോലും പരാജയപ്പെട്ടിടത്ത് എങ്ങിനെയാണ് ന്യൂസിലാന്റ് കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയത്…40 കാരിയായ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ അസാധാരണമായ നേതൃശേഷിയുടെയും ഉള്‍ക്കാഴ്ചയുടെയും ഫലമായിരുന്നു അത്. ലോകമാകെ കൊവിഡിനെ തടയുന്ന ദൗത്യത്തിന് ഫ്‌ലാറ്റന്‍ ദ കര്‍വ് എന്ന് പേരിട്ടപ്പോള്‍ ജസീന്ത ആ ദൗത്യത്തിന് ക്രഷിങ് ദ കര്‍വ് എന്നാണ് പേരിട്ടത്. 2020 ജനവരി 30-നാണ് ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അതിനടുത്ത ദിവസം മുതല്‍ ന്യൂസീലാന്റ് പഴുതടച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
ഫെബ്രുവരി 28-നാണ് ആദ്യത്തെ കൊവിഡ് കേസ് ന്യൂസിലാന്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. അറുപത് വയസ്സുകഴിഞ്ഞ ഒരു സ്ത്രീയിലാണത് പ്രത്യക്ഷപ്പെട്ടത്. ഇറാനില്‍ പോയി ഓക് ലാന്റിലേക്ക് തിരിച്ചുവന്നവരായിരുന്നു അവര്‍.
ആദ്യകേസ് കണ്ടെത്തിയ നിമിഷം തൊട്ട് കടുത്ത നടപടി എടുത്തതാണ് രാജ്യത്തില്‍ നിര്‍ണായകമായത്. ചൈനയില്‍ നിന്നും അവര്‍ ഒരു കാര്യം മനസ്സിലാക്കി. ഏത് കാര്യവും വളരെ വേഗത്തിലായിരിക്കണം.
മാര്‍ച്ച നാലിന് രണ്ടാമത്തെ കേസ് കണ്ടെത്തി. ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ യുവതിയിലായിരുന്നു രോഗബാധ. ഇതോടെ മാര്‍ച്ച് 20-ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ജസീന്ത ആര്‍ഡെന്‍ ഉത്തരവിട്ടു.
നേരത്തെ ലോക് ഡൗണ്‍ നടപ്പാക്കല്‍, പരിശോധന വേഗത്തിലാക്കല്‍, സമ്പര്‍ക്കം കണ്ടെത്തല്‍, പൊതുമാര്‍ഗ നിര്‍ദ്േദശങ്ങള്‍ കര്‍ക്കശമാക്കല്‍…ജസീന്ത സ്വീകരിച്ച ഈ നടപടികള്‍ ഫലപ്രദമായി. go early and go hard അതായത് എത്രയും നേരത്തെ എത്രയും കടുപ്പിച്ച് എന്നതായിരുന്നു സര്‍്ക്കാരിന്റെ സമീപനം. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. അത്യാവശ്യ തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും അവരവരുടെ വീടുകളില്‍ സ്വയം ക്വാറന്റൈനില്‍ കഴിഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചു. സാമൂഹക അകലം പാലിക്കുകയും മാര്‍ഗനിര്‍ദ്േദശം പാലിക്കുകയും ചെയ്തു കൊണ്ട് ജനങ്ങള്‍ പിന്നീട് സ്വതന്ത്രമായി സഞ്ചരിച്ചു.
ലോകത്തിലെ 200-ഓളം രാജ്യങ്ങള്‍ കൊവിഡിന്റെ താണ്ഡവത്തിന് കീഴടങ്ങിയപ്പോള്‍ ന്യൂസിലാന്റ് ലോകത്തിനു മുന്നില്‍ ഒരു അത്ഭുതമായി മാറുകയായിരുന്നു. രാജ്യം കോവിഡ് മുക്തമായതായി ജൂണ്‍മാസത്തില്‍ ന്യൂസിലാന്റ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്ന് ആഴ്ചയിലധികം ഒറ്റയാള്‍ക്കു പോലും രോഗം പടരാത്ത ഏക രാജ്യമായി ന്യൂസിലാന്റ് മാറി.
പിന്നീട് 102 ദിവസത്തിനു ശേഷമാണ് വന്‍നഗരമായ ഓക് ലാന്റില്‍ കോവിഡ് ബാധ വീണ്ടും കണ്ടുപിടിക്കപ്പെട്ടത്. സാമൂഹ്യവ്യാപനം തടയാന്‍ ലോക് ഡൗണ്‍, സമ്പര്‍ക്കം കണ്ടെത്തല്‍, ദ്രുതപരിശോധന ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ആദ്യവസാനം ജാഗ്രതയോടെ നടപ്പാക്കാന്‍ കഴിഞ്ഞതാണ് രോഗപ്രതിരോധ രംഗത്ത് ന്യൂസിലാന്റ് നല്‍കിയ മാതൃക. ഗോ ഹാര്‍ഡ് ആന്റ് ഗോ ഏര്‍ലി എന്ന തത്വം കൃത്യമായി നടപ്പാക്കിയാണ് ജസീന്ത ആര്‍ഡേന്‍ രാജ്യത്തെ കോവിഡില്‍ നിന്നും പ്രതിരോധിച്ചത്. അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത കൊവിഡ് പ്രതിരോധമാതൃകയായി അത് മാറി.
ഒരു ഭരണാധികാരി എന്ന നിലയില്‍ ജസീന്തയുടെ പ്രവര്‍ത്തനം ഓരോ ന്യൂസിലാന്റുകാര്‍ക്കും വ്യക്തിപരമായി അനുഭവപ്പെടുത്താന്‍ കഴിഞ്ഞു എന്നതായിരുന്നു അവരുടെ നേട്ടം. അധികാരജാഡയൊന്നുമില്ലാതെ സാധാരണക്കാരുടെ പോലും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന പെരുമാറ്റമാണ് ജസീന്തയെ ജനപ്രിയയാക്കിയത്. വ്യക്തിപരമായ മറ്റെല്ലാം മാറ്റിവെച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഒരുപാധിയുമില്ലാതെ ഇറങ്ങുന്ന നേതാവ് എന്ന പ്രതിച്ഛായ അവര്‍ ഉണ്ടാക്കിയെടുത്തു. സമീപനങ്ങളിലും സംഭാഷണങ്ങളിലും ആത്മാര്‍ഥതയും സത്യസന്ധതയും സേവനവ്യഗ്രതയും തുടിച്ചു നിന്നു. ഈ ഗുണങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയാണ് ചെയ്തത്. ആദ്യത്തെ തവണ നേടിയ തിരഞ്ഞെടുപ്പു വിജയം കൂടുതല്‍ ആധികാരികമായി കൂടുതല്‍ തിളക്കത്തോടെ അവര്‍ക്ക് വീണ്ടും തിരിച്ചുകിട്ടിയതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
കൊവിഡ് മഹാമാരിക്കാലത്ത് ലോകത്താകെ എടുത്താല്‍ നടന്ന ആദ്യത്തെ രാജ്യവ്യാപക തിരഞ്ഞെടുപ്പായിരുന്നു ന്യൂസിലാന്റിലേത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മുന്‍പേ നടന്ന ഈ വിധിനിര്‍ണയം തീര്‍ച്ചയായും കൊവിഡ് പ്രതിരോധം എങ്ങിനെ രാജ്യത്തെ ഭാവിഭരണാധികാരികളുടെ ജനപ്രിയത നിശ്ചയിക്കാന്‍ പോകുന്നു എന്നതിന്റെ സൂചന തന്നെയായിരുന്നു. കൊവിഡ് ബാധ മുന്‍ കരുതലെന്നോണം, വോട്ടിങ് ദിവസത്തെക്കാളും മുന്‍പേ വോട്ട് ചെയ്യാന്‍ ്അവസരം ഉണ്ടായിരുന്നതിനാല്‍ 19 ലക്ഷം പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി. ഇത് മൊത്തം വോട്ടര്‍മാരുടെ 57 ശതമാനം വരുമായിരുന്നു. മുപ്പത് ലക്ഷത്തി 77 ആയിരം വോട്ടര്‍മാരാണ് ന്യൂസിലാന്റിലുള്ളത്. ജസീന്ത നയിച്ച ലേബര്‍ പാര്‍ടിക്ക് 48.9 ശതമാനം വോട്ടുകള്‍ ലഭിച്ചു. 120 അംഗ പാര്‍ലമെന്റില്‍ 64 സീറ്റുകളും ഒറ്റയ്ക്ക് നേടി. ജസീന്തയുടെ മുഖ്യ എതിരാളിയായ ജൂഡീത്ത് കോളിന്‍സിന്റെ നാഷണല്‍ പാര്‍ടിക്ക് 27 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. സീറ്റുകളുടെ എണ്ണം 35-ഉം.
ന്യൂസിലാന്റിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഉണ്ടായ വലിയ അട്ടിമറി വിജയമാണ് ജസീന്തയുടെത്. 49-27 എന്ന നിലയില്‍ ഇത്രയും വലിയ വോട്ട് ശതമാന വ്യത്യാസം ഇതു വരെ ഉണ്ടായിട്ടില്ല. മാത്രമല്ല, രാജ്യത്തിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ഒററ പാര്‍ടിക്ക് ഭൂരിപക്ഷം കിട്ടുന്ന സംഭവവും ഇതാദ്യമാണെന്ന് പറയുന്നു.
ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു ഭരണാധികാരി എന്ന നിലയില്‍ ജസീന്ത ആര്‍ഡേന്‍ ജനങ്ങള്‍ക്കിടയില്‍ നേടിയ വലിയ വിശ്വാസമാണെന്നതില്‍ സംശയമില്ല. അതേസമയം നിലപാടുകളുടെ കാര്യത്തില്‍ അവര്‍ സംശയിച്ചു നിന്നതേയില്ല എന്നതും അവരെ ബഹുമാന്യയാക്കി. കഴിഞ്ഞ വര്‍ഷം ചര്‍ച്ചക്രൈസ്റ്റ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ ജസീന്ത ഇടപെട്ട രീതിയും അവര്‍ പ്രകടമാക്കിയ അനുകമ്പയും തുടര്‍ന്നെടുത്ത തീരുമാനങ്ങളും അന്ന് ലോകമാധ്യമങ്ങളില്‍ നിറയുകയുണ്ടായി. പള്ളിയിലുണ്ടായ വംശീയവിരോധ കൂട്ടക്കൊലയെത്തുടര്‍ന്ന് രാജ്യത്തെ തോക്കുകള്‍ മുഴുവന്‍ നിരോധിക്കാന്‍ ജസീന്ത എടുത്ത തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. BE STRONG….BE KIND…ഇതായിരുന്നു ജസീന്തയുടെ സമീപനം. അവരുടെ ദീനനുകമ്പയും സ്‌നേഹവും ഓരോ ന്യൂസിലാന്‍് നിവാസിയിലേക്കും പകരുന്നത്ര നിഷ്‌കളങ്കമായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്.
കൊവിഡിന്റെ ആഘാതം ടൂറിസം പ്രധാന വരുമാന സ്രോതസ്സായ ന്യൂസിലാന്റിനെ തളര്‍ത്തിയത് ചില്ലറ രീതിയിലല്ല. മഹാമാരിക്കു മുമ്പ് ജി.ഡി.പി.യുടെ 20 ശതമാനം മാത്രമായിരുന്നു രാജ്യത്തിന്റെ കടം എങ്കില്‍ ഇപ്പോള്‍ അത് 56 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നാണ് പ്രവചനം. സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലുമാണ് രാജ്യം. ഈ സാഹചര്യത്തില്‍ പോലും ജസിന്തയില്‍ വിശ്വാസം അര്‍പ്പിക്കുകയും അവരുടെ ഭരണം തുടരാന്‍ മൃഗീയഭൂരിപക്ഷം പേരും വോട്ടു നല്‍കുകയും ചെയ്തു എന്നു പറഞ്ഞാല്‍ ആ വിശ്വാസം കേവലം പ്രചാരണത്തിലൂടെ മാത്രം കിട്ടിയതല്ല എന്നതിന് വേറെ വിശദീകരണം വേണ്ടതില്ല.
വോട്ടെണ്ണിക്കഴിഞ്ഞ് വിജയവാര്‍ത്ത പുറത്തുവന്നതിനു പിറകെ ജസീന്ത തന്റെ വസതിക്കു മുന്നില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഇങ്ങനെ പറഞ്ഞു…
തിരഞ്ഞെടുപ്പു ഫലം ഇതു പോലെ വരും എന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ രണ്ടു വയസ്സായ മകള്‍ ഇപ്പോള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഞാന്‍ നിങ്ങളെ കാണുന്നത്. എന്റെ ഇപ്പോഴത്തെ ടീം അതു പോലെ തന്നെ തുടരും. അവരെ ആരെയും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല…..
താന്‍ ഓരോ ന്യൂസിലാന്റുകരുടെതുമാണ് എന്ന് അടിവരയിട്ടു പ്രഖ്യാപിക്കാനും ജസീന്ത മറന്നില്ല. ഈ ജനകീയതയാണ്, ഈ സൗഹാര്‍ദ്ദമാണ് ജസിന്ത ആര്‍ഡേനെ ആദരവിന്റെ നെറുകയില്‍ നിര്‍ത്തുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ, സുഖവാസ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റ്. അവിടെ തീര്‍ച്ചയായും ജനത അര്‍ഹിക്കുന്ന ഭരണാധികാരിയാണ് ജസിന്ത ആര്‍ഡേന്‍. സ്ത്രീകള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാകാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ജസീന്ത പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകസ്ത്രീകളുടെ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന നേതാവായി മാറുന്നു എന്നതാണ് ന്യൂസിലാന്റ് ജനവിധിയുടെ ഫലശ്രുതി.