
എറണാകുളം സിറ്റി അസി.പോലീസ് കമ്മീഷണര്‍ പി.എസ്. സുരേഷിനെതിരെ ലൈംഗിക ആരോപണവുമായി സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി. എറണാകുളം സിറ്റി സെന്‍ട്രല്‍ സ്റ്റേഷന്‍ ഓഫിസറായിരുന്ന ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസ് നാടുവിട്ട് പോയത് സുരേഷില്‍ നിന്നുള്ള മാനസിക സമ്മര്‍ദം സഹിക്കാന്‍ വയ്യാതെയാണെന്ന് ആരോപണമുയരുന്നതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയാണ് കണ്ണന്‍ പട്ടാമ്പി. ഇദ്ദേഹത്തിന്റെ ഭാര്യയാണ് എസിപി സുരേഷിനെതിരെ പരാതി നല്‍കിയത്. 2017ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ സമയം സുരേഷ് പട്ടാമ്പി സിഐ ആയിരുന്നു.

കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യ ആദ്യം പോലീസ് കംപ്ലെയ്ന്റ് സെല്ലിലാണ് പരാതി നല്‍കിയത്. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് കോടതിയിലും പരാതി നല്‍കി. ഇതേ തുടര്‍ന്നുള്ള നടപടികള്‍ക്കായി കാത്തിരിക്കുമ്പോഴാണ് ഇന്‍സ്‌പെക്ടര്‍ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സുരേഷിനെതിരെ ആരോപണം ഉയരുന്നത്.
പട്ടാമ്പി സിഐ ആയി സുരേഷ് ജോലിചെയ്തിരുന്ന സമയത്ത് കണ്ണന്‍ പട്ടാമ്പിയുമായി സഹൃദമുണ്ടായിരുന്നു. കണ്ണന്‍ പട്ടാമ്പിയുടെ വീട്ടില്‍ സുരേഷ് വരാറുണ്ടായിരുന്നു. 2017 ജൂണ്‍ ഏഴിന് കണ്ണന്‍ പട്ടാമ്പിയുടെ വീടിനടുത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി സുരേഷ് എത്തിയപ്പോള്‍ ആണ് ഭാര്യയോട് മോശമായി പെരുമാറിയത്. സുരേഷ് കണ്ണന്‍ പട്ടാമ്പിയുടെ വീട്ടിലെത്തുകയും ഭാര്യ ഇദ്ദേഹത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പോലീസ് കംപ്ലെയന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍മേല്‍ നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതലയും നല്‍കി. ഇതിലും തുടര്‍ നടപടി വൈകിയതോടെ ജൂണ്‍ 14ന് ഡിജിപിയെ സമീപിച്ച് പരാതി കൊടുത്തു. ഒപ്പം ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു.
ഇതിനിടെയാണ് പോലീസുദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പി.എസ് സുരേഷിന്റെ പേര് ഉയരുന്നത്.